ഇരുപതാംനൂറ്റാണ്ടിന്റെ കാല്‍ഭാഗം പിന്നിട്ടപ്പോള്‍ കേരളത്തിന്റെ സാമൂഹിക പരിണാമ പ്രക്രിയ ദ്രുതവേഗത്തിലാവുകയും അത് കഥാലോകത്തെ അന്തരീക്ഷത്തെ മാറ്റിമറിക്കയും ചെയ്തു. അങ്ങനെയാണ് സമൂഹത്തോട് പ്രതിജ്ഞാബദ്ധത പുലര്‍ത്തുന്ന ചെറുകഥകളുടെ ആവിര്‍ഭാവം ഉണ്ടായത്. പത്രപ്രവര്‍ത്തകനും ചിന്തകനും ഗവേഷകനുമായ കേസരി എ. ബാലകൃഷ്ണപിള്ള 'രൂപമഞ്ജരി' എന്ന തന്റെ ഗ്രന്ഥത്തിലൂടെ ചെറുകഥയുടെ ശില്പപരവും സൗന്ദര്യശാസ്ത്രപരവുമായ സവിശേഷതകള്‍ ചര്‍ച്ച ചെയ്തത് പുതിയൊരു സാഹിത്യാവബോധം മലയാള കഥയെഴുത്തുകാരില്‍ സൃഷ്ടിക്കുന്നതിന് വലിയ പങ്കു വഹിച്ചു. ഇംഗ്ലീഷിനു പുറമേ ധാരാളം യൂറോപ്യന്‍ കഥകള്‍ അദ്ദേഹം വിവര്‍ത്തനം ചെയ്തത് നമ്മുടെ കഥയെഴുത്തുകാര്‍ക്ക് വഴികാട്ടിയായി. ജീവല്‍ സാഹിത്യ പ്രസ്ഥാനവും പുരോഗമന സാഹിത്യ പ്രസ്ഥാനവും സാഹിത്യത്തിന് പുതിയ ദിശാബോധം പകര്‍ന്നു. ഇതിന്റെ തുടക്കം വി. ടി. ഭട്ടതിരിപ്പാട്, മുത്തിരിങ്ങോട് ഭവത്രാതന്‍ നമ്പൂതിരിപ്പാട്, എം. ആര്‍. ബി. തുടങ്ങിയവരുടെ കഥകളിലൂടെയാണുണ്ടായത്.
ഇപ്രകാരം പ്രായപൂര്‍ത്തിയിലെത്തിയ മലയാള കഥയുടെ മുഖ്യ പ്രയോക്താക്കളായി ഉദയം ചെയ്ത കഥാകൃത്തുക്കളുടെ കൂട്ടത്തില്‍ എടുത്തു പറയേണ്ട അഞ്ചു പേര്‍ തകഴി ശിവശങ്കരപ്പിള്ള, എസ്. കെ. പൊറ്റക്കാട്ട്, പൊന്‍കുന്നം വര്‍ക്കി, പി. കേശവദേവ്, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരാണ്.