തൃശ്ശൂര്‍ജില്ലയിലെ വളരെ പ്രധാനപ്പെട്ട ഒരു ചരിത്രസ്മാരകമാണ് ശക്തന്‍ തമ്പുരാന്‍ കൊട്ടാരം. വടക്കേച്ചിറ കോവിലകമെന്നാണ് ഈ കൊട്ടാരം പണ്ട് അറിയപ്പെട്ടിരുന്നത്. ശക്തന്‍ തമ്പുരാന്‍ എന്ന് കീര്‍ത്തികേട്ട രാമവര്‍മ്മ തമ്പുരാനാണ് ഇന്നത്തെ നിലയില്‍ ഈ കൊട്ടാരം പുതുക്കി പണിതത്. കൊച്ചിരാജ്യത്തില്‍ ഉള്‍പ്പെട്ട പ്രദേശമായിരുന്നു അക്കാലത്ത് തൃശ്ശൂര്‍. കൊച്ചിരാജ്യ ചരിത്രത്തിലെ സുവര്‍ണ്ണലിപികളാലെഴുതപ്പെട്ട ഭരണകാലഘട്ടമാണ് ശക്തന്‍ തമ്പുരാന്റേത്. 1790-ലാണ് ശക്തന്‍ തമ്പുരാന്‍ അധികാരമേറ്റത്. 1805 വരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം. അധികാരമേറ്റത് 1790-ലാണെങ്കിലും 1769 മുതല്‍ക്കേ രാജ്യകാര്യാന്വേഷണത്തില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നതായി ചരിത്രം പറയുന്നു. ആധുനിക കൊച്ചിയുടെ സ്രഷ്ടാവ് എന്നു പേരുകേട്ട ശക്തന്‍ തമ്പുരാന്‍ അനേകം പുതിയ നിരത്തുകള്‍, പാലങ്ങള്‍ എന്നിവ പണിയിക്കുകയും വഴിയമ്പലങ്ങളും തണ്ണീര്‍ പന്തലുകളും കൂടുതലായി ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ബ്രാഹ്മണപൗരോഹിത്യത്തിന്റെ അധികാരം തകര്‍ത്ത് ക്ഷേത്രസങ്കേതങ്ങളിലെ അധര്‍മ്മങ്ങളെ അവസാനിപ്പിക്കുകയും തന്റെ പട്ടാളത്തില്‍ ഈഴവ സമുദായത്തെ കൂടി ഉള്‍പ്പെടുത്തി രാജ്യരക്ഷ കൂടുതല്‍ ശക്തിപ്പെടുത്തിയതും ശക്തന്‍ തമ്പുരാന്റെ ധീര നടപടികളായിരുന്നു. 1805 - സെപ്റ്റംബര്‍ മാസത്തില്‍ തമ്പുരാന്‍ തൃശ്ശൂരില്‍ നിര്യാതനായി.
ശക്തന്‍ തമ്പുരാന്‍ കൊട്ടാരം ഇന്നൊരു ചരിത്രസ്മാരകവും, പുരാവസ്തു വകുപ്പിന്റെ ഒരു മ്യൂസിയവും ആണ്. ഈ കൊട്ടാരത്തിന്റെ നിര്‍മ്മിതിയിലെ സവിശേഷത അതു രണ്ടു തരം വാസ്തു ശൈലികളെ പിന്തുടര്‍ന്നിരിക്കുന്നു എന്നതാണ്. ഒന്ന് കേരളീയം, മറ്റൊന്ന് ഡച്ചു മാതൃക. നാലുകെട്ടിന്റെ മാതൃകയില്‍ ഇരുനിലകളിലായി നിര്‍മ്മിച്ചതാണീ സൗധം. കനത്ത ചുമരുകളും ഇറ്റാലിയന്‍ മാര്‍ബിള്‍ പാകിയ നിലവും വിശാലമായ മുറികളും, ഉയര്‍ന്ന മേല്‍ക്കൂരയുമാണ് ഈ കൊട്ടാരത്തിന്റെ പ്രത്യേകതകള്‍. സുഖദമായൊരു അന്തരീക്ഷമാണ് മുറികള്‍ക്കുള്ളില്‍.
കൊട്ടാരത്തോടനുബന്ധിച്ച് ഒരു സര്‍പ്പക്കാവുണ്ട്. തെക്കു ഭാഗത്തെ ആരാമത്തില്‍ അനേകം നാട്ടു ചെടികളും വൃക്ഷങ്ങളും സംരക്ഷിച്ചു നിലനിര്‍ത്തിയിട്ടുണ്ട്. കൊട്ടാരത്തിനുള്ളില്‍ സജ്ജമാക്കിയിട്ടുള്ള മ്യൂസിയം വെങ്കലശില്പങ്ങളുടെയും കരിങ്കല്‍ ശില്പങ്ങളുടെയും ശിലാശാസനങ്ങളുടെയും നിരവധി ഗ്യാലറികളിലായിട്ടാണ് തിരിച്ചിട്ടുള്ളത്. മറ്റു ഭാഗങ്ങളിലാകട്ടെ പുരാതനകാലത്ത് ഉപേയാഗിച്ചിരുന്നതും വെങ്കലം ചെമ്പ് എന്നീ ലോഹങ്ങളാല്‍ നിര്‍മ്മിതവുമായ വീട്ടു സാമാനങ്ങള്‍, പൗരാണികകാലത്തെ നാണയങ്ങളുടെ ശേഖരം എന്നിവ കൊണ്ട് അലംകൃതമാണ്. ഈ കൊട്ടാരത്തിന്റെ സംരക്ഷണവും, മ്യൂസിയത്തിന്റെ പരിപാലനവും സംസ്ഥാന പുരാവസ്തു വകുപ്പിന്റെ ചുമതലയിലാണ്.
പ്രവേശനം: രാവിലെ 09.00 മണി മുതല്‍ വൈകിട്ട് 05.00 മണി വരെ
പ്രവേശന നിരക്കുകള്‍
മുതിര്‍ന്നവര്‍ | 20.00 രൂപ |
കുട്ടികള്‍ (5-12 വയസ്സ്) | 05.00 രൂപ |
ക്യാമറ | 50.00 രൂപ |
വീഡിയോ ക്യാമറ | 250.00 രൂപ |