പ്രപഞ്ചോല്‍പ്പത്തിയില്‍ ആദ്യം മുഴങ്ങിക്കേട്ട നാദം ഓംകാരമാണ്. പ്രപഞ്ചത്തിലെ സമസ്തനാദങ്ങളുടെയും ഉറവിടമാണ് ഓംകാരം അഥവാ പ്രണവനാദം. ഓംകാരം മുഴക്കുന്ന സംഗീതോപകരണമാണ് ശംഖ് അഥവാ ശംഖം. ഓംകാരം മുഴക്കുന്ന ഈ സംഗീതോപകരണം ഒരൊറ്റ ശബ്ദമേ പുറപ്പെടുവിക്കുകയുളളൂ. ഓംകാരം മാത്രം. ക്ഷേത്രാടിയന്തിരങ്ങള്‍ക്കും നമ്മുടെ മിക്കവാറും വാദ്യകലാരൂപങ്ങള്ക്കും ശംഖ് കൂടിയേ തീരൂ. പ്രാചീനകാലം മുതല്‍ യുദ്ധം ഉള്‍പ്പെടെയുളള എല്ലാ ക്ഷേത്രസമരങ്ങളും തുടങ്ങിയിരുന്നത് ശംഖനാദത്തോടെയാണ്. ഭഗവാനെ പളളിയുണര്ത്താനും ചൈതന്യം ആവാഹിക്കാനും ശംഖനാദം വേണം. അനുഷ്ഠാനവാദ്യങ്ങള് ശംഖനാദത്തോടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. പഞ്ചവാദ്യം, കഥകളി തുടങ്ങിയവയൊക്കെ ആരംഭിക്കുന്നതും ശംഖനാദത്തോടെയാണ്.
കക്കയെപ്പോലെ സമുദ്രത്തില്‍ കാണുന്ന ഒരു തരം ജീവിയുടെ (കംബു) പുറംതോടാണ് ശംഖ്. ഇടംപിരി, വലംപിരി എന്നിങ്ങനെ രണ്ടുതരത്തില്‍ ശംഖുകള്‍ കാണപ്പെടുന്നു. ശംഖിന്റെ ഉള്‍ഭാഗത്ത് ഇടതുവശത്തേയ്ക്ക് പിരിയുളളതാണ് ഇടംപിരി ശംഖ്. ഇതാണ് വാദ്യോപകരണമായി ഉപയോഗിക്കുന്നത്. വലംപിരി ശംഖ് അപൂര്‍വ്വമാണ്. പൂജാവസ്തുവായോ വാദ്യോപകരണമായോ അതു ഉപയോഗിക്കാറില്ല. ഇരുഭാഗം കൂര്‍ത്ത് മധ്യം വീര്‍ത്തിരിക്കുന്ന ശംഖിന്റെ ആകൃതിക്ക് അനുസരിച്ചാണ് അത് ഊതേണ്ടത്. നേര്‍ത്ത ശബ്ദവീചികള്‍ സൃഷ്ടിച്ചു കൊണ്ട് പടിപടിയായി ഗാംഭീര്യമുയര്‍ത്തി ഒടുവില്‍ പ്രകൃതിയില്‍ ലയിക്കുന്ന രീതിയാണ് ശംഖുവിളി.