സാംസ്‌കാരിക സ്ഥാപനങ്ങള്‍


ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതി

19ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിഖ്യാത കര്‍ണ്ണാടക സംഗീതജ്ഞനായിരുന്നു ഷഡ്കാല ഗോവിന്ദമാരാര്‍. തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ സ്വാതിതിരുനാളിന്റെ സംഗീത സദസ്സിലെ ആസ്ഥാനവിദ്വാന്മാരില്‍ ഒരാള്‍.  ഗോവിന്ദമാരാര്‍ ഷഡ്കാല ഗോവിന്ദമാരാരായതിനു പിന്നില്‍ ഒരു കഥയുണ്ട്. ഏഴു തന്ത്രികളുള്ള സവിശേഷമായ തന്റെ തംബുരുവില്‍ ശ്രുതിമീട്ടി അതിവിളംബരത്തിലാരംഭിച്ച് ആറാം കാലമായ അതിദ്രുതത്തിലേക്കു കടന്ന് പാടുവാനുള്ള കഴിവ് മാരാര്‍ക്കുമാത്രമേ ഉണ്ടായിരുന്നുള്ളു. ഈ അസാധാരണ സിദ്ധിയത്രേ ഷഡ്കാല എന്ന വിശേഷണം കൂടി പേരിനു മുന്നില്‍ വന്നു ചേരാന്‍ കാരണം. തന്റെ സമകാലീനനും കര്‍ണ്ണാടക സാമ്രാജ്യ ചക്രവര്‍ത്തിയുമായിരുന്ന ത്യാഗരാജസ്വാമികളുടെ പ്രശംസയ്ക്കും പാത്രീഭവിക്കുവാന്‍ മാരാര്‍ക്കു കഴിഞ്ഞിട്ടുണ്ട്.

ഷഡ്കാല ഗോവിന്ദമാരാര്‍ എന്ന സംഗീതജ്ഞന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി അദ്ദേഹത്തിന്റെ ജന്മാനാടായ എറണാകുളം ജില്ലയിലെ രാമമംഗലത്ത് ഇന്നൊരു സ്മാരക  മന്ദിരമുണ്ട് - ഷഡ്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതി. പ്രമുഖ ഗാന്ധിയനും, സാമൂഹ്യ പരിഷ്കര്‍ത്താവുമായ പ്രൊഫ, എം.പി. മന്മഥന്റെ നേത്യത്വത്തില്‍ 1980 ല്‍ സ്ഥാപിതമായതാണ് ഈ  സമിതി. 

ക്ഷേത്രകലകളുള്‍പ്പെടെയുള്ള എല്ലാ കലകളുടെയും സമുദ്ധാരണത്തിനു വേണ്ടിയുള്ള പ്രവര്‍ത്തങ്ങള്‍ സമിതിയുടെ ചുമതലയില്‍പ്പെടുന്നു. 1993 ല്‍ തുടക്കം കുറിച്ച ഷഡ്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം കേരള സംസ്ഥാന സംഗീത നാടക അക്കാദമിയുടെയും കൂടി മേല്‍നോട്ടത്തില്‍ എല്ലാ വര്‍ഷവും നടത്തുന്നുണ്ട്. കേരളത്തിന്റെ അതിര്‍ത്തിക്കപ്പുറമുള്ള കലാകാരന്മാരുടെയും സാന്നിദ്ധ്യം ഉണ്ടാവാറുള്ളതാണ് ഈ സംഗീതോത്സവം.