ശൃംഗാരം

നവരസങ്ങളില്‍ ഒന്ന്. സ്ത്രീപുരുഷന്മാരുടെ പ്രണയത്തെ രംഗവേദിയില്‍ അവതരിപ്പിക്കുന്നത് ശൃംഗാരത്തിന്‍റെ ആവിഷ്കാരത്തിലൂടെയാണ്. സ്ഥായീഭാവം  രതിയാണ്. ശൃംഗാരം രണ്ടുവിധമുണ്ട്. സംഭോഗശൃംഗാരവും വിപ്രലംഭശൃംഗാരവും. നായികാനായകന്മാര്‍ സമ്മേളിച്ചിരിക്കുന്ന അവസ്ഥ സംഭോഗം. വേര്‍പിരിഞ്ഞിരിക്കുന്ന അവസ്ഥ വിപ്രലംഭം. വിരഹവേദനയുടെ ആവിഷ്കാരം വിപ്രലംഭത്തിലും കാമാതുരത സംഭോഗത്തിലും വ്യഞ്ജിക്കപ്പെടുന്നു.

കടക്കണ്ണുകൊണ്ട് കടാക്ഷിച്ചു പുരികങ്ങളെ ഭംഗിയായി അല്പം ഉയര്‍ത്തി ചലിപ്പിച്ച് അധരം പുഞ്ചിരിയോടു കൂടിയുളളതാക്കി മുഖം പ്രസന്നമാക്കിത്തീര്‍ക്കുന്നതാണ് ശൃംഗാരത്തിന്‍റെ അഭിനയരീതി. കേരളീയനൃത്തരൂപമായ മോഹിനിയാട്ടം വിപ്രലംഭശൃംഗാരം ആവിഷ്ക്കരിക്കുന്നതിന്‍റെ മികച്ച ഉദാഹരണമാണ്.