കേളി, പഞ്ചവാദ്യം, കഥകളി, കൃഷ്ണനാട്ടം തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒരു അവനദ്ധവാദ്യമാണ് ശുദ്ധമദ്ദളം. മൃദംഗത്തെ അനുസ്മരിക്കുന്ന രൂപമാണ് മദ്ദളത്തിന്. മൃദംഗത്തേക്കാള്‍ നടുഭാഗം പുറത്തേക്ക് ഉന്തി നില്‍ക്കുന്നു. മര്‍ദ്ദംഏറ്റുവാങ്ങുന്നത് എന്നര്‍ത്ഥത്തില്‍ 'മര്‍ദ്ദളം' ആണ് മദ്ദളം ആയിത്തീര്‍ന്നത്. സംസ്കൃതത്തില്‍ ഇത് 'മര്‍ദ്ദല' മാണ്.
തോല്‍വട്ടങ്ങള്‍ മുദ്രകുത്തി പൊതിഞ്ഞ് തോല്‍വാറുകള്‍ കോര്‍ത്തുവലിച്ച് മരക്കുറ്റിയില്‍ ഉറപ്പിച്ചാണ് മദ്ദളം നിര്‍മ്മിക്കുന്നത്. വട്ടങ്ങള്‍ ഉണ്ടാക്കാന്‍ കാളത്തോലും വാറുകള്‍ ഉണ്ടാക്കാന്‍ പോത്തിന്‍തോലുമാണ് ഉപയോഗിക്കുന്നത്. ഉണക്കലരിപ്പശ, കരി എന്നിവ വലന്തലവട്ടത്തിന് നടുവില്‍ തേച്ചുപിടിപ്പിക്കുന്നു. 'ചോറിടുക' എന്നാണ് ഈ പ്രക്രിയയ്ക്ക് പേര്. മദ്ദളം വലിച്ച് മൂപ്പിക്കുന്നതിന് വളരെയേറെ തഴക്കം വേണം. ഒരിക്കല്‍ മൂപ്പിച്ചാല്‍ ശ്രുതിമാറ്റാന്‍ വലിയ പാടാണ്. മൃദംഗത്തെപ്പോലെ 'തട്ടിമുട്ടി' ശ്രുതിമാറ്റാന്‍ മദ്ദളത്തില്‍ പറ്റില്ല. വട്ടക്കണ്ണിയും കൊളുത്തും ഉപയോഗിച്ച് (തുണിക്കച്ചയില്‍ ബന്ധിപ്പിച്ച് കച്ച അരയില്‍ കെട്ടിയാണ് മദ്ദളം വായിക്കുന്നത്. (പണ്ട് കഴുത്തില്‍ തൂക്കിയിട്ടാണ് മദ്ദളം വായിച്ചിരുന്നത്. 1920 കളില്‍ വെങ്കിച്ചാന്‍ സ്വാമിയാണ് ഈ പതിവുമാറ്റിയത്). ഇടന്തലയില്‍ വലംകൈകൊണ്ടും വലന്തലയില്‍ ഇടംകൈകൊണ്ടുമാണ് കൊട്ടുന്നത്. വിരലുകളും കൈപ്പടവും കൊട്ടാനുപയോഗിക്കുന്നു. വലതുകൈയില്‍ തള്ളവിരല്‍ ഒഴികെയുള്ളവയ്ക്ക് തുണിച്ചുറ്റ് ഇടുന്നു. ചുറ്റിടാതെ കൊട്ടിയാല്‍ ഏറെ കഴിയുമ്പോള്‍ വിരലുകളില്‍ ചോര പൊടിഞ്ഞേക്കാം.