ഉപദംശങ്ങള്‍

ഉപദംശമെന്നതിന് കറി, കൂട്ടാന്‍ എന്നൊക്കെയാണര്‍ത്ഥം. അരി വെള്ളത്തിലിട്ട് വാര്‍ത്തെടുക്കുന്ന ചോറാണ് കേരളീയരുടെ പ്രധാന ഭക്ഷണം. ചോറു ഭക്ഷിക്കുമ്പോള്‍ കൂടെ കൂട്ടുവാനുള്ളതാണ് 'കൂട്ടാന്‍' അഥവാ കറികള്‍.

ആയുര്‍വേദ പ്രകാരമുള്ള ഷഡ് രസങ്ങളാണ് മധുരം, അമ്ലം (പുളി), ഉപ്പ്, എരിവ്, തിക്തം (കയ്പുരസം), കഷായരസം എന്നിവ. പ്രകൃതി സഹജമായതും ഭക്ഷ്യയോഗ്യവുമായ മിക്ക പദാര്‍ത്ഥങ്ങളിലും ഈ രസങ്ങള്‍ പല അളവില്‍ ചേര്‍ന്നിട്ടുണ്ട്. ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്ക് ഇവ ഓരോ അനുപാതത്തില്‍ അനിവാര്യമാണ്. ഷഡ്‌രസങ്ങള്‍ അടങ്ങിയിട്ടുള്ള പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മുളക്, ഉള്ളി, ഉപ്പ്, പുളി ഇവയെല്ലാം ആനുപാതിക അളവില്‍ ഉള്‍പ്പെടുത്തിയാണ് നമ്മുടെ കൂട്ടാനുകളുടെ പാചക വിധി പഴമക്കാര്‍ തയ്യാറാക്കിയിട്ടുള്ളത്. ആധുനിക വിജ്ഞാനത്തിന്റെ വെളിച്ചെത്തില്‍ നോക്കിയാലും ഈ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അന്നജം, പ്രോട്ടീന്‍സ്, കൊഴുപ്പ്, ധാതുലവണങ്ങള്‍, വിറ്റാമിനുകള്‍, ഓര്‍ഗാനിക് അമ്ലം എന്നിവ അടങ്ങിയിട്ടുണ്ട്.