സാമൂഹിക നവോത്ഥാനവും നാടകപ്രസ്ഥാനവും

സാമൂഹിക അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തി വാഴുന്ന ഒരു കാലഘട്ടത്തിലാണ് സംഗീത നാടകങ്ങളില്‍ നിന്ന് വ്യത്യസ്തമായി, മാനവികബോധം ഊട്ടിയുറപ്പിക്കുന്ന ഒരു നാടകസങ്കല്പം കേരളത്തില്‍ പിറവികൊള്ളുന്നത്.  ലോകമെമ്പാടും സംഭവിച്ച സാമൂഹികപരിണാമങ്ങളും രാഷ്ട്രീയ സംഭവവികാസങ്ങളും അതിന് പ്രചോദനമായി.  1929-ല്‍ വി.ടി. ഭട്ടതിരിപ്പാട് രചിച്ച അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന സാമൂഹിക നാടകം ഒട്ടേറെ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ ആ നാടകം മലയാള നാടകവേദിക്ക് പുതിയൊരു സാമൂഹ്യദര്‍ശനം പകര്‍ന്നു നല്‍കി.  എം.ആര്‍.ബി. യുടെ മറക്കുടയ്ക്കുള്ളിലെ മഹാനരകം (1931), പ്രേംജിയുടെ ഋതുമതി (1938) എന്നീ നാടകങ്ങളും പരിവര്‍ത്തനസ്വഭാവം കൊണ്ടു  മികച്ചുനിന്നു.

സാമൂഹികമായും രാഷ്ട്രീയമായും സമൂഹം ഉണര്‍ന്നു തുടങ്ങിയ ആ കാലഘട്ടത്തിലാണ് നവോത്ഥാന മൂല്യം നാടകത്തിന് പ്രേരണയായി. 1937-ല്‍ പൊന്നാനിയില്‍ നടന്ന കര്‍ഷകസമ്മേളനത്തില്‍ കെ.ദാമോദരന്‍ രചിച്ച പാട്ടബാക്കി എന്ന നാടകം അവതരിപ്പിക്കുകയുണ്ടായി.  സാമ്പത്തികവും സാമൂഹ്യവുമായ സമത്വത്തെ ആവിഷ്കരിച്ച ഈ നാടകം നവീനമായൊരു രാഷ്ട്രീയക്രമവും ജീവിതസങ്കല്പവുമാണ് അവതരിപ്പിച്ചത്. വിദേശ സാഹിത്യത്തെ കേസരി ബാലകൃഷ്ണപിള്ള മലയാള സാഹിത്യത്തിന് പരിചയപ്പെടുത്തിയതോടെ വിദേശ നാടകകൃതികളുടെ സ്വാധീനം ഗണ്യമായിത്തീര്‍ന്നു.  ഇതിന് പിന്നാലെ ധാരാളം വിവര്‍ത്തനങ്ങള്‍ ഉണ്ടായി. വൈദേശിക സാഹിത്യത്തിന്റെ സ്വാധീനത്തില്‍, ഇബ്സന്റെ പലകൃതികളും മലയാളത്തിലെത്തി.  1937-ല്‍ ഇബ്സന്റെ റോസ്മര്‍ ഷോമിന് മുല്ലയ്ക്കല്‍ ഭവനം എന്ന പേരില്‍ സി. നാരായണപിള്ള ഒരു സ്വതന്ത്രവിവര്‍ത്തനം രചിച്ചു. അതിനു ശേഷമാണ് 'മലയാളത്തിന്റെ ഇബ്സനാ'യി മാറിയ എന്‍. കൃഷ്ണപിള്ള നാടകരചന തുടങ്ങിയത്. 1942-ല്‍ കൃഷ്ണപിള്ളയുടെ ഭഗ്നഭവനം പ്രസിദ്ധീകൃതമായി.  മലയാള നാടകസാഹിത്യത്തില്‍ ആദ്യമായി 'സുഘടിത'നാടകം എന്ന ആശയം അവതരിപ്പിച്ചത് എന്‍. കൃഷ്ണപിള്ളയാണെന്ന് പറയാം. ഇടതുപക്ഷരാഷ്ട്രീയത്തിന്റെ കാറ്റ് വീശിത്തുടങ്ങിയ ആ കാലയളവില്‍ പ്രചരണാംശം മുന്നിട്ടുനില്‍ക്കുന്ന നാടകങ്ങള്‍ പലതുമുണ്ടായി. 1946-ല്‍ കുട്ടനാട്ടു രാമകൃഷ്ണപിള്ളയുടെ പ്രതിമ, പൊന്‍കുന്നം വര്‍ക്കിയുടെ ജേതാക്കള്‍, തകഴി ശിവശങ്കരപ്പിള്ളയുടെ തോറ്റില്ല എന്നീ  നാടകങ്ങള്‍ സാമൂഹ്യാവബോധത്തിന് പുതിയ ദിശാ ബോധം പകര്‍ന്നു നല്കി.  1948-ല്‍ നമ്മളൊന്ന് എന്ന രാഷ്ട്രീയ  നാടകത്തിലൂടെ അതിതീവ്രവും വിപ്ലവകരവുമായ സാമൂഹിക ദര്‍ശനം ചെറുകാട് അവതരിപ്പിച്ചു.

മലയാളത്തിലെ ആദ്യത്തെ എക്സപ്രഷണിസ്റ്റ് നാടകമാണ് സമത്വവാദി (1944). ഫ്യൂഡലിസത്തിനെതിരെയുള്ള ശക്തമായ ആക്രമണമായിരുന്നു പുളിമാന പരമേശ്വരന്‍പിള്ളയുടെ സമത്വവാദി. കാവ്യാത്മകതയും നാടകീയതയും ഒന്നിക്കുന്ന അയഥാര്‍ഥ്യ പ്രതീതിയായിരുന്നു ഈ ക്ഷണനാടകത്തിന്റെത്. അക്കാലത്ത് ഏറെ ചര്‍ച്ചാവിഷയമായിത്തീര്‍ന്ന നാടകസൃഷ്ടിയാണ് ഇടശ്ശേരിയുടെ കൂട്ടുകൃഷി (1949), ജന്മികുടിയാന്‍ ബന്ധവും ഹിന്ദു-മുസ്ലിം ഐക്യവും അവതരിപ്പിച്ച കൂട്ടുകൃഷി പുരോഗമനോന്മുഖമായ സാമൂഹ്യദര്‍ശനമാ ആവിഷ്കരിച്ചത്.

എന്‍. കൃഷ്ണപിള്ളയുടെ സ്വാധീനത്തില്‍ ഒട്ടേറെ നാടകകൃത്തുക്കള്‍ മലയാളത്തിലുണ്ടായി. കൈനിക്കര കുമാരപിള്ള, കൈനിക്കര പദ്മനാഭപിള്ള. തിക്കുറിശ്ശി സുകുമാരനായര്‍, പൊന്‍കുന്നം വര്‍ക്കി, നാഗവള്ളി ആര്‍. എസ്. കുറുപ്പ് തുടങ്ങിയവര്‍ ഇബ്സനിസത്തിന് പുതിയ മാനങ്ങള്‍ ചമച്ചു.  സി. ജെ. തോമസിന്റെ നാടകങ്ങള്‍ ഒരു നവീന ദര്‍ശതതിലേക്കാണ് മലയാളത്തെ നയിച്ചത്. അദ്ദേഹത്തിന്റെ അവന്‍ വീണ്ടും വരുന്നു,  ആ മനുഷ്യന്‍ നീ തന്നെ, 1128-ല്‍ ക്രൈം 27 എന്നീ നാടകങ്ങള്‍ മലയാള നാടകവേദിക്ക് ആധുനികലാവണ്യത്തിന്റെ പുതിയ പരിപ്രേക്ഷ്യമേകി. വിമര്‍ശനത്തിന്റെ മൂര്‍ച്ചയും നിശിതസ്വഭാവവുമാണ് പൊന്‍കുന്നം വര്‍ക്കിയുടെ നാടകങ്ങളെ ശ്രദ്ധയമാക്കിയത്.  ഭര്‍ത്താവ് (1944), ജേതാക്കള്‍ (1946), ഞാനൊരിധികപ്പറ്റാണ് (1955), വഴി തുറന്നു (1956), മനുഷ്യന്‍ (1960), അള്‍ത്താര (1965), ഇരുമ്പുമറ (1966) എന്നീ നാടകങ്ങള്‍ വര്‍ക്കിയുടെ  നിഷേധദര്‍ശനത്തിന് മിഴിവേകി. സി. വി. രാമന്‍പിള്ളയുടെയും ഇ.വി. കൃഷ്ണപിള്ളയുടെയും പാരമ്പര്യം പിന്തുടര്‍ന്ന നാടകകൃത്താണ് ടി.എന്‍. ഗോപിനാഥന്‍നായര്‍. വിനോദരസമായിരുന്നു. അദ്ദേഹത്തിന്റെ നാടകാദര്‍ശം. സംഗീത നാടകത്തില്‍നിന്നുള്ള സ്പഷ്ടമായ വ്യതിയാനമായിരുന്നു തിക്കുറിശ്ശിയുടെ സ്ത്രീ (1945) എന്ന നാടകം.

നാല്പതുകളുടെ ആരംഭത്തില്‍ തുടക്കമിട്ട ഇന്ത്യന്‍ പീപ്പിള്‍സ് തിയെറ്റര്‍ അസോസിയേഷന്‍ (IPTA) നവോത്ഥാന മൂല്യങ്ങള്‍ക്ക് ആക്കം കൂട്ടി.  അതുണ്ടാക്കിയ ഉണര്‍വില്‍ നിന്നാണ് കേരളാ പീപ്പിള്‍സ് തിയെറ്റര്‍ രൂപമെടുത്തത്. ജന്മിത്തത്തിനും മുതലാളിത്തിനുമെതിരായ സമരപരിപാടികള്‍  ശക്തമായി കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ കെ.പി.എ.സി.യുടെ കടന്നു വരവ്, ഇടതുപക്ഷ മൂല്യങ്ങള്‍ക്ക് കരുത്തേകി തോപ്പില്‍ ഭാസിയുടെ നാടകങ്ങളാണ് കെ.പി.എ.സി.യെ ഊര്‍ജ്ജിതപ്പെടുത്തുന്നത്. സാമൂഹികപ്രശ്നങ്ങളെ കാലത്മകമായി അവതരിപ്പിക്കുന്ന രാഷ്ട്രീയ പ്രചാരണ നാടകങ്ങളാണ് കെ.പി.എ.സി.യെ ജനകീയമാക്കിയത്. കേരളീയ മണ്ണിന്റെ രാഷ്ട്രീയഗതിവിഗതികളില്‍ ഭാസിയുടെ നാടകങ്ങള്‍ ആവേശത്തോടെ പടര്‍ന്നുകയറി. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി (1952) എന്ന നാടകം വിപ്ലവാവേശത്തോടെയാണ് ജനഹൃദയങ്ങള്‍ ഏറ്റുവാങ്ങിയത്. സമത്വസുന്ദരമായ ഒരു ലോകം സ്വപ്നം കാണുന്ന സര്‍വ്വേക്കല്ല് (1955), മുടിയനായ പുത്രന്‍ (1956), മൂലധനം (1958) എന്നീ നാടകങ്ങള്‍ ഇടതുപക്ഷമൂല്യങ്ങള്‍ക്ക് ജനകീയാംഗീകാരം നേടിക്കൊടുത്തവയായിരുന്നു. പുതിയ ആകാശം പുതിയ ഭൂമി, തുലാഭാരം, ശരശയ്യ, അശ്വമേധം തുടങ്ങിയ നാടകങ്ങള്‍ മനുഷ്യജീവിത്തിന്റെ വൈകാരിക വിക്ഷുബ്ധതകളെയാണ് ആവിഷ്കരിച്ചത്.

വിപ്ലവത്തിന്റെ പുതുശംഖൊലികള്‍ ഉയര്‍ത്തിക്കൊണ്ട് കടന്നുവന്ന കലാകാരനായിരുന്നു പി.ജെ. ആന്‍റണി. വിശപ്പ്, ചക്രവാളം, ഞങ്ങളുടെ മണ്ണ്, ഇക്വിലാബിന്റെ മക്കള്‍ തുടങ്ങിയ നാടകങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. യാഥാസ്തിതിക വ്യവസ്ഥിതിയെ വിമര്‍ശിച്ചുകൊണ്ട് മലയാള നാടകവേദിയിലേക്കെത്തിയ  എസ്.എല്‍.പുരം സദാനന്ദനും മാറ്റത്തിന്റെ പുതിയ ചക്രവാളങ്ങള്‍ക്കു വേണ്ടിയാണ് തൂലിക ചലിപ്പിച്ചത്. ഒരാള്‍ കൂടി കള്ളനായി, അഗ്നിപുത്രി, ചിരിക്കാത്ത വീടുകള്‍, വില കുറഞ്ഞ മനുഷ്യന്‍ എന്നിവയാണ് അദ്ദേഹത്തിന്റെ സൃഷ്ടികള്‍. 

ക്രിസ്ത്യന്‍ ജീവിതപശ്ചാത്തലത്തില്‍ ജീവിതാനുഭവങ്ങളെ സൂക്ഷ്മതയോടെ ചിത്രീകരിച്ച നാടകകൃത്താണ് സി.എല്‍.ജോസ്. ദുഃഖസാന്ദ്രമായ മുഹൂര്‍ത്തങ്ങള്‍ തെളിയുന്ന നാടകങ്ങളാണ് നക്ഷത്രവിളക്ക്, ഭൂമിയിലെ മാലാഖ, തീപിടിച്ച ആത്മാവ് എന്നിവ. തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ പച്ചയായ ആവിഷ്കാരമായിരുന്നു കാലടി ഗോപിയുടെ നാടകങ്ങള്‍. തിളയ്ക്കുന്ന ജീവിത്തിന്റെ വിങ്ങുന്ന മുഹൂര്‍ത്തങ്ങളാണ് ഏഴു രാത്രികള്‍ എന്ന പ്രശസ്തമായ നാടകത്തില്‍ അദ്ദേഹം ചിത്രീകരിച്ചത്. കടവൂര്‍ ജി. ചന്ദ്രന്‍പിള്ള രചിച്ച ജീവിതം വഴിമുട്ടി നില്‍ക്കുന്നു, ശാന്തമാകാത്ത കടല്‍, കാനല്‍ജലം, നികുംഭില എന്നിവയും പറവൂര്‍ ജോര്‍ജ്ജ് എഴുതിയ അക്ഷയപാത്രം, ഒഴുക്കിനെതിരെ, ദിവ്യബലി എന്നിവയും പി.ആര്‍.ചന്ദ്രന്റെ അക്കല്‍ദാമ, അനഘ എന്നിവയും ജനകീയ വിജയം നേടിയ നാടകങ്ങളാണ്. പൊന്‍കുന്നം ദാമോദരന്‍, ജഗതി എന്‍.കെ. ആചാരി, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ എന്നീ നാടകകൃത്തുക്കളും മലയാളനാടകവേദിയുടെ വളര്‍ച്ചയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരാണ്.

അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ ഉറച്ച ശബ്ദമായിരുന്നു ചെറുകാടിന്റെ നാടകങ്ങള്‍. പ്രകൃതിയുടെ പൊതുനിയമങ്ങള്‍, പാരിസ്ഥിതിക ബോധമായി അദ്ദേഹത്തിന്റെ കൃതികളില്‍ തെളിഞ്ഞു നിന്നു. തറവാടിത്തം, അണക്കെട്ട്, ജന്മഭൂമി, എന്നീ നാടകങ്ങളെഴുതിയ ചെറുകാട് നാടകകലയുടെ മര്‍മമറിഞ്ഞ എഴുത്തുകാരനായിരുന്നു.

സമുദായപരിഷ്കരണചിന്തയും ആധുനികമൂല്യസങ്കല്പവും ഒന്നുചേര്‍ന്ന നാടകചിന്തയാണ് കെ.ടി.മുഹമ്മദിനെ മലയാളനാടകവേദിയുടെ നവശില്പികളില്‍ ഒരാളാക്കി മാറ്റിയത്. ശ്രദ്ധിക്കപ്പെട്ട മറ്റൊരു നാടകകൃത്താണ് അസീസ്. ചാവേര്‍പ്പട (1973) യാണ് ഏറ്റവും ശ്രദ്ധേയം. മലയാള നാടകവേദിയില്‍ ഒരു ഒറ്റയാന്‍ വിപ്ലവത്തിനാണ് സുരാസു തുടക്കമിട്ടത്. 1974-ല്‍ രചിച്ച 'വിശ്വരൂപ'ത്തിലൂടെ നാടകാവിഷ്കരണത്തിന് ഒരു പുതിയ വ്യാകരണമെഴുതാന്‍  അദ്ദേഹം ശ്രമിച്ചു. ഒരു നടനെന്ന നിലയിലും പേരെടുത്ത കലാകാരനാണ് സുരാസു.

പരിക്ഷണനാടകങ്ങളിലൂടെയും മികച്ച നാടകസംഘാടനത്തിലൂടെയും മലയാളരംഗവേദിയില്‍ സ്ഥാനമുറപ്പിച്ച കലാകാരനാണ് ഓംചേരി. തേവരുടെ ആന, പ്രളയം, എട്ട് നാടകങ്ങള്‍, ദൈവം വീണ്ടും തെറ്റിദ്ധരിക്കുന്നു, ഒപ്പത്തിനൊപ്പം, ഈ വെളിച്ചം നിങ്ങള്‍ക്കുള്ളതാകുന്നു, ഇത് നമ്മുടെ നാടാണ് എന്നിവയാണ് ഓംചേരിയുടെ പ്രധാനകൃതികള്‍.

ഉത്തരകേരളത്തിലെ നാടകകലയെ ശക്തിപ്പെടുത്തിയവരില്‍ പ്രമുഖനാണ് തിക്കോടിയന്‍. ജീവിതം, കന്യാദാനം, കര്‍ഷകന്റെ കിരീടം, മഹാഭാരതം, പുതുപ്പണം, പ്രസവിക്കാത്ത അമ്മ, പുഷ്പവൃഷ്ടി തുടങ്ങിയവയാണ് തിക്കോടിയന്റെ പ്രധാന നാടകങ്ങള്‍. മലയാള നാടകവേദിക്ക് കെ.എം. രാഘവന്‍ നമ്പ്യാര്‍ നല്‍കിയ സംഭാവനകളും എടുത്തുപറയേണ്ടവയാണ്. ബുദ്ധിപരവും യുക്തിഭദ്രവുമായൊരു രചനാശൈലിയാണ് അദ്ദേഹത്തിന്റെ നാടകങ്ങളെ വ്യത്യസ്തമാക്കുന്നത്.