സെന്റ് മേരീസ് പള്ളി, അതിരമ്പുഴ

കോട്ടയം ജില്ലയിലെ ഒരു ചെറുപട്ടണമായ അതിരമ്പുഴ അവിടത്തെ പുരാതനമായ സെന്റ് മേരീസ് ദേവാലയത്തിന്റെ പേരില്‍ ചരിത്ര പ്രസിദ്ധമാണ്. പതിനൊന്നു നൂറ്റാണ്ടിലധികം പഴക്കമുള്ള, കൃത്യമായി പറഞ്ഞാല്‍ ഏ. ഡി. 835-ല്‍ നിര്‍മ്മിക്കപ്പെട്ട ഈ പള്ളി അനുപമമായ വാസ്തുഭംഗി കൊണ്ടും ശ്രദ്ധേയമാണ്. സെബാസ്റ്റ്യന്‍ പുണ്യാളന്റെ നാമധേയത്തില്‍ പ്രസിദ്ധമായ ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ് അതിരമ്പുഴ സെന്റ് മേരീസ് ദേവാലയം. അതിരമ്പുഴ പെരുന്നാള്‍ എന്നു പേരു കേട്ട ഇവിടത്തെ ആണ്ടുത്സവം നാടെങ്ങുമുള്ള ആയിരക്കണക്കിനാളുകളെ ഇവിടേയ്ക്കാകര്‍ഷിക്കുന്നുണ്ട്.

ഉത്സവദിനത്തില്‍ വിശുദ്ധ പുണ്യാളന്റെ വിഗ്രഹം ഭക്തജനങ്ങള്‍ക്കു ദര്‍ശിക്കാനായി പുറത്തെഴുന്നെള്ളിക്കുന്ന ഒരു ചടങ്ങുണ്ട്. മുത്തുക്കുടകളും ബാന്റുമേളങ്ങളും ഒക്കെ ഇതിന് അകമ്പടിയായുണ്ടാവും. മരത്തിലും, സ്വര്‍ണ്ണം, വെള്ളി, വെങ്കലം എന്നീ ലോഹങ്ങളാലും നിര്‍മ്മിക്കപ്പെട്ട വിവിധതരം കുരിശുകള്‍ വഹിച്ചു കൊണ്ടുള്ള ഭക്തിനിര്‍ഭരമായ ഘോഷയാത്ര ഉത്സവത്തിലെ മറ്റൊരു ചടങ്ങാണ്.