തിരുവിതാംകൂര്‍ പുരാവസ്തുവകുപ്പും, കൊച്ചിരാജ്യത്തെ പുരാവസ്തുഗവേഷണവകുപ്പും സംയോജിപ്പിച്ച് 1962-ലാണ് കേരളസംസ്ഥാന പുരാവസ്തുവകുപ്പു രൂപികരിച്ചത്. വിവിധ സ്ഥലങ്ങളില്‍ നിന്നു കണ്ടെടുത്തിട്ടുള്ള ശിലാരേഖകളും ചെപ്പേടുകളും മറ്റും പകര്‍ത്തിയെടുത്തു വാല്യങ്ങളായി പ്രസിദ്ധീകരിക്കുക, ഉദ്ഖനനം, പര്യവേക്ഷണം എന്നിവ നടത്തുക, ബി.സി.200 മുതല്‍ കേരളത്തിലങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്ന ചരിത്രസ്മാരകങ്ങളെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഈ വകുപ്പിന്റെ പ്രവര്‍ത്തനമേഖല.
തമിഴ്നാട്ടിലെ തിരുക്കുറുങ്കുടിക്ഷേത്രത്തില് സര്വാംഗനാഥആദിത്യവര്മ്മ എന്ന വേണാട്ടുരാജാവ് സ്ഥാപിച്ച വെള്ളോട്ടുമണിയില് കൊത്തിവച്ചിരുന്ന സംസ്കൃത ലിഖിതവും ശുചീന്ദ്രംക്ഷേത്രത്തിലെ ചില രേഖകളും ചേര്‍ത്ത് ഇന്ത്യന്‍ ആന്റിക്വറിയില്‍ ശ്രീ വിശാഖംതിരുനാള്‍ എഴുതിയ ഒരു ലേഖനത്താടെയാണ് തിരുവിതാംകൂറില്‍ രേഖാപഠനത്തിന് തുടക്കമാവുന്നത്. തിരുവനന്തപുരം മഹാരാജാസ് കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന പി. സുന്ദരന്‍പിള്ളയുടെ ഗവേഷണങ്ങളാണ് തിരുവിതാംകൂറില്‍ ഒരു സമ്പൂര്ണ്ണപുരാവസ്തുവകുപ്പിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. 1896-ല്‍ അദ്ദേഹം തിരുവിതാംകൂര്‍ പുരാവസ്തുവകുപ്പിന്റെ ഓണററി ആര്‍ക്കിയോളജിസ്റ്റായി നിയമിക്കപ്പെട്ടു. ടി.എ. ഗോപിനാഥറാവു 1902-ല്‍ പുനസംഘടിക്കപ്പെട്ട പുരാവസ്തുവകുപ്പിന്റെ ആര്‍ക്കിയോളജിക്കല്‍ സൂപ്രണ്ടായി. ഗോപിനാഥറാവുവിനു ശേഷം കെ.വി സുബ്രഹ്മണ്യ അയ്യര്‍, എ.എസ്. രാമനാഥഅയ്യര്‍, തുടങ്ങിയവര്‍ വകുപ്പിന്റെ ആര്‍ക്കിയോളജിക്കല്‍ സൂപ്രണ്ടുമാരായി.
1937-ലാണ് തിരുവിതാംകൂര്‍ പുരാവസ്തു സംരക്ഷണനിയമം നിലവില്‍ വന്നത്.
തിരുവിതാംകൂര്‍ പുരാവസ്തുഗവേഷണവകുപ്പിന്റെ പ്രധാനനേട്ടങ്ങളിലൊന്ന് കന്യാകുമാരിജില്ലയിലെ തക്കലയിലുള്ള പത്മനാഭപുരംകൊട്ടാരം സംരക്ഷിച്ചതാണ്. പഴയ തുറമുഖ നഗരമായ മുസിരിസിനെക്കുറിച്ചുള്ള പുരാവസ്തുഗവേഷണങ്ങള്ക്ക് തുടക്കമിട്ടതും പുരാവസ്തുവകുപ്പാണ്. 1964-ലാണ് തിരുവനന്തപുരത്തെ കിഴക്കേക്കോട്ടയും, കോട്ടമതിലുകളും സംരക്ഷിതസ്മാരകങ്ങളായി പ്രഖ്യാപിച്ചത്. രാസസംരക്ഷണം, ലിഖിതപഠനം, നാടന്കലാപഠനം, നാണയപഠനം എന്നിവയാണ് മറ്റു ചില പ്രവര്‍ത്തനമേഖലകള്‍.
ചരിത്രത്തിന്റെ പാഠശാലകളായ 12 മ്യൂസിയങ്ങളാണ് പുരാവസ്തുവകുപ്പിന്റെ കീഴിലുളളത്. പഴശ്ശികുടീരം, കുഞ്ഞാലിമരയ്ക്കാര്‍ സ്മാരകമ്യൂസിയം, പഴശ്ശിരാജാമ്യൂസിയം, പുരാവസ്തുമ്യൂസിയം തൃശ്ശൂര്‍, ചുവര്ചിത്രകലാമ്യൂസിയം, ചേന്ദമംഗലം സിനഗോഗ്, ഹില്പാലസ്മ്യൂസിയം, കൃഷ്ണപുരംകൊട്ടാരം, കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക ക്ലാസ്സിക്കല്‍ കലാമ്യൂസിയം, വേലുത്തമ്പിദളവ മ്യൂസിയം, നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരം, പത്മനാഭപുരംകൊട്ടാരം എന്നിവയാണവ.
കേരളസംസ്ഥാന പുരാവസ്തുവകുപ്പിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.