കുട്ടികളുടെ ക്രിയാത്മകമായ കഴിവുകള്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ-സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ് ജവഹര്‍ ബാലഭവനുകള്‍. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിനു സമീപത്താണ് കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരത്തിനു പുറമേ കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ജില്ലാ ജവഹര്‍ ബാലഭവനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളസര്‍ക്കാറിന്റെ സാംസ്കാരികവകുപ്പിന്‍ കീഴില്‍ വരുന്ന കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത് സ്ഥാപനം സ്ഥിതി ചെയ്യുന്ന വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തിലെ എം.എല്‍.എ. ചെയര്‍മാനായ ഒരു മാനേജിങ് കമ്മിറ്റിയാണ്.
എല്ലാവര്‍ഷവും ജൂണ്‍മാസം മുതല്‍ ഫെബ്രുവരി വരെ വിവിധ കലാവിഷയങ്ങളില്‍ റഗുലര്‍ ക്ലാസ്സുകള്‍ നടന്നു വരുന്നുണ്ട്. 4 വയസ്സുമുതല്‍ 16 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഈ ക്ലാസ്സുകളില്‍ പ്രവേശനം നേടാം. ഓരോ കുട്ടിക്കും അവരുടെ പ്രായത്തിനനുസരിച്ച് ഇഷ്ടമുള്ള മൂന്നുവിഷയങ്ങള്‍ തെരഞ്ഞെടുത്തു പഠിക്കുന്നതിനുള്ള സൗകര്യമുണ്ട്.
എല്ലാവര്‍ഷവും ഏപ്രില്‍ - മേയ് മാസങ്ങളില്‍ അവധിക്കാലക്ലാസ്സുകള്‍ നടത്തിവരുന്നു. 4 വയസ്സുമുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അഞ്ചുവിഷയങ്ങള്‍ അടങ്ങുന്ന ഒരു പാക്കേജാണ് നല്‍കുക.