മഹാശിലാസ്മാരകങ്ങള്‍

തെക്കേ ഇന്ത്യയില്‍ പൊതുവെ കാണപ്പെടുന്നതുപോലെ കേരളത്തിലെയും മഹാശിലാവശിഷ്ടങ്ങള്‍ ഇരുമ്പുയുഗത്തിന്റെ ചരിത്രസ്മാരകങ്ങളാണത്രെ. പലതരം മണ്‍പാത്രങ്ങള്‍ (കുടങ്ങള്‍, മണ്‍തളികകള്‍, ചെപ്പുകള്‍) ഇരുമ്പുപകരണങ്ങളില്‍ (വാള്‍, കത്തി, ശൂലം, ആണി, ചൂണ്ടക്കൊളുത്ത്, കൊഴുനാക്ക്) , പിച്ചളയും ഓടും ഉപയോഗിച്ചുള്ള വളരെക്കുറച്ച് ഉപകരണങ്ങള്‍ എന്നിവയാണ് കേരളത്തില്‍ നിന്നു ലഭിച്ച മഹാശിലാസ്മാരകങ്ങളില്‍ പ്രധാനം. ഇരുമ്പുയുഗകാലത്തിലെ മനുഷ്യരുടെ ജീവിതത്തെക്കുറിച്ച് അറിവുനല്‍കുന്ന തെളിവുകളാണ് ഈ അവശിഷ്ടങ്ങള്‍.

കേരളത്തില്‍ ഇതുവരെ കണ്ടെത്തിയ മഹാശിലാസ്മാരകങ്ങളെല്ലാം ശവപ്പറമ്പുകളാണ്. കേരളത്തില്‍ കണ്ടെത്തിയ മഹാശിലാസ്മാരകങ്ങളായ ശവകുടീരങ്ങളാണ് കുടക്കല്ല്, തൊപ്പിക്കല്ല്, മുതുമക്കത്താഴി (നന്നങ്ങാടി), മുനിയറ, കല്‍മേശ, കല്‍വൃത്തങ്ങള്‍, നടുകല്ല്, തുടങ്ങിയവ. മാങ്ങാട് (കൊല്ലം ജില്ല), കുപ്പക്കൊല്ലി (വയനാട്), പുന്നോല്‍ (മാഹി), കൊടുങ്ങല്ലൂര്‍, മച്ചാട്, പഴയന്നൂര്‍, പോര്‍ക്കുളം (തൃശ്ശൂര്‍ ജില്ല) എന്നിവിടങ്ങളില്‍ മഹാശിലാസ്മാരകങ്ങളന്വേഷിച്ച് ശാസ്ത്രീയ ഖനനവും പഠനവും നടന്നിട്ടുണ്ട്.