ശാസനങ്ങള്‍


ശിലാ താമ്ര ശാസനങ്ങള്‍

കേരളചരിത്രപഠനത്തിന് വിശ്വാസയോഗ്യമായ രേഖകളാണ് ശിലാ-താമ്ര ശാസനങ്ങള്‍. രാജ്യങ്ങളുടെയും രാജവംശങ്ങളുടെയും ചരിത്രങ്ങള്‍ മാത്രമല്ല, ജനങ്ങളുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ പ്രതിഫലനങ്ങള്‍ കൂടിയാണ് ഈ രേഖകള്‍. മലയാള ഭാഷോല്‍പത്തി, ലിപി പരിവര്‍ത്തനം, ഗ്രാമസഭകള്‍, നാണയങ്ങള്‍, ആചാരാനാചാരങ്ങള്‍, അധികാരഘടന തുടങ്ങിയവയുടെ പഠനത്തിന് ശാസനങ്ങള്‍ ഉപകരിക്കുന്നു. മലയാളഭാഷയുടെയും പഴയലിപികളുടെയും വികാസപരിണാനത്തെക്കുറിച്ചുള്ള പഠനത്തിന് വിലപ്പെട്ടസംഭാവനകള്‍ ശാസനങ്ങളിലുണ്ട്. ലഭിച്ചിട്ടുള്ള മിക്ക ശാസനങ്ങളിലെയും ഭാഷ മലയാളവും ലിപി വട്ടെഴുത്തുമാണ്. തമിഴിലും സംസ്കൃതത്തിലും (ഗ്രന്ഥലിപി) ഉള്ളവയും സംസ്കൃതവും മലയാളവും ചേര്‍ന്നവയും ഉണ്ട്.

രാജാക്കന്മാരോ ഭരണസഭക്കാരോ സാധാരണജനങ്ങളോ ക്ഷേത്രത്തിലേക്ക് വസ്തുവകകള്‍ ദാനം ചെയ്യുമ്പോള്‍ ആ ദാനപ്രമാണങ്ങളുടെ മൂലമായ ശാസനങ്ങളെ ക്ഷേത്രഭിത്തികളില്‍ കൊത്തിവയ്ക്കുകയായിരുന്നു പതിവ്. ഓലരേഖയോ താമ്രശാസനമോ ആയിരിക്കും അവയുടെ മൂലം. ശിലാരേഖ കൊത്തുന്നതിന് പ്രധാനക്ഷേത്രങ്ങളില്‍ 'പൊര്‍കോയില്‍ ആചാരി'യെ നിയമിച്ചിരുന്നു. ക്ഷേത്രങ്ങള്‍ ജീര്‍ണ്ണോദ്ധാരണം ചെയ്യുമ്പോള്‍ ലിഖിതങ്ങള്‍ പകര്‍ത്തി വച്ചിട്ട്, വീണ്ടും യഥാസ്ഥാനത്ത് കൊത്തിവയ്ക്കുകയായിരുന്നു പതിവ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള പലക്ഷേത്രങ്ങളിലും എ.ഡി. 9-ാം ശതകം മുതല്‍ക്കുള്ള വട്ടെഴുത്ത് ശിലാലിഖിതങ്ങളുണ്ട്. ചില സ്ഥലങ്ങളില്‍നിന്ന്‌ ശിലാലിഖിതങ്ങള്‍ക്കു പകരം മൂലരൂപമായ താമ്രശാസനങ്ങള്‍ കണ്ടുകിട്ടിയിട്ടുണ്ട്. ക്ഷേത്രത്തിലെ ശിലയില്‍ കൊത്തിവച്ചാല്‍ ആ ചന്ദ്രകാലം നിലനില്‍ക്കുമെന്ന വിശ്വാസമായിരുന്നു ശിലാശാസനങ്ങള്‍ക്കു പിന്നിലുണ്ടായിരുന്നത്.

ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ കാണുന്നതിനേക്കാള്‍ താരതമ്യേന നീളം കുറഞ്ഞവയാണ് കേരള ലിഖിതങ്ങള്‍. വിശദാംശങ്ങള്‍ പലതും വിട്ടുകളഞ്ഞ് എഴുതപ്പെട്ടവയാണിവ.