സ്വയംവരം

മലയാള സിനിമയെ പുതിയ പാതയിലേക്കു നയിച്ച ചലച്ചിത്രമായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരം (1972). നവതരംഗ സിനിമയുടെ മൂശയില്‍ വാര്‍ത്തെടുത്ത ആദ്യ മലയാള ചിത്രവും കൂടിയാണ് സ്വയംവരം. 

വിശ്വവും സീതയും (മധുവും, ശാരദയും) വീട്ടുകാരുടെ എതിര്‍പ്പുകള്‍ വിഗണിച്ച് വിവാഹിതരായ ചെറുപ്പക്കാര്‍. പ്രണയിനിയുമായി നഗരത്തിലേക്ക് ഒളിച്ചോടിയെത്തിയ വിശ്വം ഒരു ജോലിയന്വേഷിക്കുന്നു. എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചിരുന്ന വിശ്വത്തിന്റെ ചില ചെറുകഥകള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. തന്റെ നോവല്‍ പ്രസിദ്ധീകരിച്ചു കാണുവാനുള്ള ആഗ്രഹം സഫലമാകാതെ പോകുന്നു. സീതയുടെ ജോലിയന്വേഷണവും വിഫലമാവുന്നു. തൊഴില്‍ ഒരു മരീചിക പോലെ അകന്നു പോകുമ്പോള്‍ ചേരിയിലേക്കു താമസം മാറുവാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. 

ഒരു ജൂനിയര്‍ കോളേജില്‍ അധ്യാപകനായി ജോലി കിട്ടിയെങ്കിലും വിശ്വത്തിന് അത് നഷ്ടപ്പെടുകയും പിന്നീട് ഒരു മരക്കടയിലെ ഗുമസ്തപ്പണി ഏറ്റെടുക്കാന്‍ നിര്‍ബന്ധിതനാവുകയും ചെയ്യുന്നു. ഈ യാതനകള്‍ക്കിടയില്‍ സീത ഒരു കുഞ്ഞിനു ജډം നല്‍കുന്നു. എന്നാല്‍ ദുര്‍വിധി വിശ്വത്തെ രോഗിയാക്കുന്നു. തനിക്കാവും വിധം സീത ഭര്‍ത്താവിനെ ശുശ്രൂഷിച്ചെങ്കിലും മരണം ക്രൂരമായി അയാളെ അവളില്‍ നിന്നു തട്ടിയെടുക്കുന്നു. സ്വന്തം വീട്ടിലേക്കു തിരിച്ചു പോകണമെന്ന ഉപദേശങ്ങള്‍ക്ക് സീത ചെവി കൊടുക്കുന്നില്ല. ഉറക്കത്തിന്റെ മടിത്തട്ടിലേക്ക് വഴുതി വീഴുന്ന കുഞ്ഞിന് കുപ്പിയിലെ പാലു കൊടുത്തു കൊണ്ടിരിക്കുന്ന സീതയുടെ നോട്ടം മുറിയുടെ അടഞ്ഞ വാതിലിലേക്കും ഭിത്തിയിലെ സീതാസ്വയംവരം കലണ്ടറിലേക്കും മാറി മാറി പതിക്കുമ്പോള്‍ ചിത്രം അവസാനിക്കുന്നു. 

മലയാള സിനിമയില്‍ അന്നേവരെ കഥാകഥനത്തില്‍ പുലര്‍ത്തിപ്പോന്ന കീഴ്വഴക്കങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് സ്വയംവരത്തിന്റേത്. ക്ലൈമാക്സ് രംഗം പ്രേക്ഷകര്‍ക്ക് പെട്ടെന്നു ബോധ്യം വരാത്ത പുതിയൊരു അനുഭവതരം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. സാധാരണ മനുഷ്യന് ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങളും ആവിഷ്ക്കരിക്കുന്ന നവീന സിനിമയുടെ കാലഘട്ടത്തിലേക്കുള്ള പ്രഥമ ചുവടു വെയ്പു കൂടിയായിരുന്നു, അടൂരിന്റെ സ്വയംവരം. മങ്കട രവി വര്‍മ്മ ക്യാമറയും രമേശന്‍ എഡിറ്റിംഗും നിര്‍വ്വഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ എസ്സ്. എസ്സ് രമേശനും ദേവദത്തനുമായിരുന്നു. എം.ബി. ശ്രീനിവാസന്‍ ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കുകയും പി. ദേവദാസ് ശബ്ദസങ്കലനം നിര്‍വ്വഹിക്കുകയും ചെയ്തു. 

സ്വയംവരത്തിലൂടെ ശബ്ദത്തെ ലൈറ്റ് മൗട്ടിഫായി (ആവര്‍ത്തിക്കപ്പെടുന്ന സംഗീത ശകലം) ചലച്ചിത്രത്തില്‍ ആദ്യമായി പ്രയോഗിച്ച ഇന്ത്യന്‍ സംവിധായകനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. അപൂര്‍വ്വമായി മാത്രം പശ്ചാത്തല സംഗീതത്തെ ആശ്രയിക്കുകയും കൂടുതലും പ്രകൃതിയിലെ ശബ്ദങ്ങളെ പ്രയോജനപ്പെടുത്തുകയും ചെയ്തത് പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. 

1973-ല്‍ നാലു ദേശീയ അവാര്‍ഡുകള്‍ സ്വയംവരം നേടി. ഏറ്റവും നല്ല ഫീച്ചര്‍ ഫിലിം, ഏറ്റവും നല്ല സംവിധാനം, ഏറ്റവും മികച്ച നടി (ശാരദ).