മധുരപലഹാരങ്ങള്‍

ഫലാഹാരം എന്ന ശബ്ദത്തില്‍ നിന്നാണ് പലഹാരം ഉണ്ടായത്. ചോറല്ലാതെയുള്ള ഭക്ഷണവസ്തുക്കളില്‍ പ്രമുഖ സ്ഥാനം ഫലവര്‍ഗ്ഗങ്ങള്‍ക്കു തന്നെയാണ്. തീയില്‍ പാകം ചെയ്യാതെ ഭക്ഷിക്കാവുന്ന എത്രയോ ഫലങ്ങള്‍ നമുക്കുണ്ട്. എന്നാല്‍ പാചകം ചെയ്‌തെടുക്കുന്ന അപ്പം, അട എന്നിവയെല്ലാം പലഹാരങ്ങള്‍ തന്നെ. ഇവയെ രണ്ടായി തരം തിരിക്കാം - മധുര പലഹാരങ്ങളെന്നും, മധുരമില്ലാത്തവയെന്നും. പഞ്ചസാര, കല്ക്കണ്ടം, ശര്‍ക്കര, കരുപ്പട്ടി (കരിപ്പുകട്ടി) അഥവാ പനഞ്ചക്കര തുടങ്ങിയ മധുര പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്നവയാണ് മധുര പലഹാരങ്ങള്‍. മറ്റു രസങ്ങളായ എരിവ്, ഉപ്പ്, പുളി എന്നിവയെ യഥോചിതം ചേര്‍ത്തുണ്ടാക്കുന്ന പലഹാരങ്ങള്‍ക്കും കേരളീയ ഭക്ഷണവിഭവങ്ങളില്‍ വലിയ പങ്കുണ്ട്.