തമിഴ്

തമിഴ്‌നാടു കൂടാതെ തമിഴ് ഔദ്യോഗികഭാഷയാക്കിയ സ്ഥലങ്ങളാണ് പോണ്ടിച്ചേരി, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകള്‍, വിദേശരാജ്യങ്ങളായ ശ്രീലങ്ക, സിംഗപൂര്‍ എന്നിവ. ഭാരതസര്‍ക്കാര്‍ ക്ലാസിക്കല്‍ ഭാഷാ പദവി നല്‍കിയ ആദ്യഭാഷയാണ് തമിഴ് (2004 ജൂണ്‍ 6). സ്വാതന്ത്ര്യത്തിനുമുമ്പ് ഇന്ത്യയില്‍ നിന്നും മലേഷ്യ, ദക്ഷിണാഫ്രിക്ക, മൊറീഷ്യസ്, ഗയാന, സുരിനാം, ട്രിനിഡാഡ് & റ്റുബാഗോ, ഫിജി) എന്നിവിടങ്ങളിലേക്ക് കുടിയേറിയവരുള്‍പ്പെടെ ഏകദേശം 8 കോടി ജനങ്ങളാണ് ലോകത്തൊട്ടാകെ തമിഴ് സംസാരിക്കുന്നത്. ബ്രാഹ്മിലിപിയില്‍ നിന്നും തമിഴ് ലിപിയും എ.ഡി. 9 -ാം നൂറ്റാണ്ടോടെ തമിഴ് ബ്രാഹ്മിലിപിയില്‍ നിന്നും വട്ടെഴുത്ത് ലിപിയും അതില്‍ നിന്നും ആധുനിക തമിഴ് ലിപിയും രൂപപ്പെട്ടു.

രണ്ടായിരം വര്‍ഷത്തെ സാഹിത്യപാരമ്പര്യമാണ് തമിഴിനുള്ളത്. ആദ്യ തമിഴ് സാഹിത്യമായി കാണുന്നത് സംഘകാല സാഹിത്യ കൃതികളെയാണ്. പിന്നീട് എ.ഡി. 7-ാം നൂറ്റാണ്ടിനുമുമ്പ് ചിലപ്പതികാരം, തിരുക്കുറള്‍, മണിമേഖലൈ, ജീവികചിന്താമണി തുടങ്ങിയ കാവ്യങ്ങള്‍ രചിക്കപ്പെട്ടു. കൂടാതെ പ്രാചീനകാലത്ത് തൊല്‍ക്കാപ്പിയം, പെരിയപുരാണം, കമ്പരാമായണം തുടങ്ങിയ ഒട്ടേറെ ക്ലാസിക്കല്‍ കൃതികളും തമിഴില്‍ എഴുതപ്പെട്ടതായി കാണാം.