താളവാദ്യകലകള്‍

കേരളത്തിന്റെ താളവാദ്യകലാസംസ്കാരം അതീവസമ്പന്നമാണ്. നൂറുശതമാനം കേരളീയമായതെന്ന്  അവയോരോന്നിനെക്കുറിച്ചും നിസ്സംശയം പറയാം. മതപരമായ ആചാരങ്ങളുടെ (വിശിഷ്യാ ഹിന്ദുമതം) ഭാഗമായാണ് മിക്കവാറും താളവാദ്യകലകള്‍  കേരളത്തിലുണ്ടായത്. ക്രമേണ കൃഷ്ണനാട്ടം, കഥകളി, ഓട്ടന്‍തുളളല്‍ തുടങ്ങിയ കലാരൂപങ്ങള്‍ക്ക് അകമ്പടിയേകുക എന്ന ദൗത്യവും അവ നിര്‍വഹിച്ചു. കുറച്ചുകാലം കൂടികഴിഞ്ഞപ്പോള്‍ പല താളവാദ്യങ്ങളും സ്വന്തം നിലയ്ക്ക് പ്രചാരം നേടി. കഥകളിയില്‍ നിന്ന് വേറിട്ട് കഥകളിസംഗീതത്തിനു മാത്രമായി പുതിയ കച്ചേരിയിടങ്ങള്‍ ഉണ്ടായതു പോലെ താളവാദ്യങ്ങള്‍ മാത്രമായി അവതരിപ്പിക്കുന്ന രീതിയ്ക്ക് സ്വീകാര്യത വന്നു. മതത്തിന്റെ ഛായ ഇല്ലാതെ തന്നെ സ്വതന്ത്രകലാരൂപം എന്ന അവയുടെ അസ്തിത്വം വളരെയേറെ ജനകീയമാവുകയും ചെയ്തു. പൊതുചടങ്ങുകള്‍ക്കും ഘോഷയാത്രകള്‍ക്കും വിവാഹങ്ങള്‍ക്കു പോലും അന്തസ്സുണ്ടാക്കാന്‍ വാദ്യകലകള്‍ കൂടിയേ തീരു എന്ന് സ്ഥിതി വന്നു. പഞ്ചവാദ്യം, തായമ്പക എന്നീ വാദ്യകലാരൂപങ്ങളാണ് ഇത്തരത്തില്‍ ഏറ്റവുമധികം അംഗീകാരം നേടിയത്. പാണ്ടി, പഞ്ചാരി എന്നീ ചെണ്ടമേളങ്ങള്‍ക്കും ആസ്വാദകര്‍  ധാരാളമുണ്ട്.

സ്വന്തം നിലയ്ക്ക് ഒരു കലാരൂപം സൃഷ്ടിക്കാനുളള വ്യതിരിക്തതയില്ലെങ്കിലും മറ്റു കലകളുടെ നിര്‍വ്വഹണത്തിന് ഇടമുറിയാതെ താളാന്തരീക്ഷമൊരുക്കുക എന്ന ധര്‍മ്മം നിര്‍വ്വഹിച്ചു പോകുന്ന ധാരാളം താളവാദ്യങ്ങളും കേരളത്തിനുണ്ട്. നേരത്തേ സൂചിപ്പിച്ച കലാരൂപങ്ങള്‍ക്കൊപ്പം മത ക്ഷേത്രാചരണങ്ങള്‍ക്കും ഈ വാദ്യങ്ങള്‍ അകമ്പടി സേവിക്കുന്നു.

പഞ്ചവാദ്യം, തായമ്പക, ചെണ്ടമേളങ്ങള്‍ എന്നിവയുടെയത്ര പ്രചാരം സിദ്ധിച്ചിട്ടില്ലെങ്കിലും കേളി, കൊമ്പ് പറ്റ്,  കുഴല്‍പ്പറ്റ് തുടങ്ങിയ ക്ഷേത്രകലാ/ വാദ്യകലാരൂപങ്ങള്‍ക്ക് ചിലയിടങ്ങളിലെങ്കിലും ആസ്വാദകരുണ്ട്. ഇവയില്‍ കൊമ്പുപറ്റും കുഴല്‍പ്പറ്റും താളവാദ്യകലകള്‍ മാത്രമല്ല. അവയ്ക്ക് രണ്ടിനും സംഗീതസ്വഭാവമുണ്ട്. മറ്റ് താളവാദ്യ കലകളെപ്പോലെ നിശ്ചിതതാളങ്ങളുടെ വിസ്തരിക്കല്‍ മാത്രമല്ല അവയില്‍ അനുവര്‍ത്തിക്കപ്പെടുന്നത്. കൊമ്പുപറ്റില്‍ കൊമ്പിനുപുറമേ താളം പിടിക്കാനുളള ഇലത്താളം മാത്രമേയുളളൂ. കൊമ്പുകള്‍ നാലോ അഞ്ചോ ഉണ്ടാകും. കുഴല്‍പ്പറ്റിന് കുറുങ്കുഴലും ഇലത്താളത്തിനുപുറമേ ഇടന്തലചെണ്ടയും അവസാനഘട്ടത്തില്‍ വലന്തലചെണ്ടയും ഉപയോഗിക്കുന്നു. ഒരു പ്രത്യേകരാഗത്തില്‍ കുറുങ്കുഴല്‍ വായിക്കുകയും മറ്റ് വാദ്യങ്ങള്‍ - അതിന് അകമ്പടിയൊരുക്കയുമാണ് കുഴല്‍പ്പറ്റില്‍ ചെയ്യുന്നത്.

മൂന്നുതരത്തില്‍ കേളി അവതരിപ്പിക്കുന്നുണ്ട്. ചെണ്ടയും മദ്ദളവും ചേര്‍ന്ന്  അവതരിപ്പിക്കുന്ന കേളി, കഥകളിയിലെ സന്ധ്യകേളി, ശുദ്ധമദ്ദളകേളി എന്നിവയാണവ. മൂന്നുകേളിയിലും മദ്ദളം നിര്‍ബന്ധമാണ്. തായമ്പകയുടെ അടിസ്ഥാനസമ്പ്രദായം തന്നെയാണ് കേളിയിലും.