തബല

ഹിന്ദുസ്ഥാനി സംഗീതത്തില്‍ താളവാദ്യമായി ഉപയോഗിക്കുന്ന ഉത്തരേന്ത്യന്‍ ഉപകരണം. അര്‍ദ്ധഗോളാകൃതിയിലുള്ള രണ്ടുവാദ്യങ്ങള്‍ ചേര്‍ന്നതാണ് തബല. വലിയ വാദ്യത്തിന് ഢക്കായെന്നും ചെറുതിന് കര്‍ണായെന്നും പറയുന്നു. രണ്ടര്‍ദ്ധഗോളങ്ങള്‍ തടികൊണ്ടോ അല്ലെങ്കില്‍ ഒന്ന് തടികൊണ്ടും മറ്റേത് ലോഹം കൊണ്ടും നിര്‍മ്മിച്ചതായിരിക്കും. ഓരോന്നിന്റെയും പുറംവശം തുകല്‍കൊണ്ട് പൊതിഞ്ഞിരിക്കണം. തോല്‍വാറുകള്‍ കൊണ്ടാണ് അവയെ കുറ്റിയില്‍ ബന്ധിപ്പിച്ചിരിക്കുന്നത്. വാറുകള്‍ക്കിടയില്‍ മരക്കട്ടകള്‍ വച്ചിരിക്കും. വാറുകളുടെ മുറുക്കം ക്രമീകരിച്ച് ശബ്ദനിയന്ത്രണം വരുത്താനാണ് മരക്കട്ടകള്‍ ഉപയോഗിക്കുന്നത്.

അകമ്പടിവാദ്യമെന്ന നിലയില്‍നിന്ന് പ്രത്യേകം കച്ചേരി നടത്താവുന്ന വാദ്യമായി തബല മാറിയിട്ടുണ്ട്. കേരളത്തില്‍ ഗാന മേളകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നു.