സാംസ്‌കാരിക സ്ഥാപനങ്ങള്‍


തകഴി സ്മാരകവും മ്യൂസിയവും

പ്രമുഖ മലയാള സാഹിത്യകാരനായിരുന്ന തകഴി ശിവശങ്കരപ്പിള്ള താമസിച്ചിരുന്ന ശങ്കരമംഗലമാണ് തകഴി സ്മാരകവും മ്യൂസിയവുമായി പ്രവര്‍ത്തിക്കുന്നത്. 2000-ത്തില്‍ ശങ്കരമംഗലം കേരള സര്‍ക്കാര്‍ ഏറ്റെടുത്ത് സ്മാരകമാക്കുകയും 2001-ല്‍ തകഴി മ്യൂസിയത്തിന് ഔപചാരികമായ തുടക്കം കുറിക്കുകയും ചെയ്തു.

വിശാലമായി ഹാളും അറയും അടുക്കളയും വരാന്തയും ഏതാനും മുറികളും ചേര്‍ന്ന ഏകദേശം 75 വര്‍ഷത്തിന്‍മേല്‍ പഴക്കമുള്ള ശങ്കരമംഗലം വീടാണ് ഇന്ന് മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നത്. തകഴിക്കു ലഭിച്ച അവാര്‍ഡുകള്‍, മറ്റു സമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കൂടാതെ അദ്ദേഹത്തിന്റെ സ്വകാര്യവസ്തുക്കളും ഇവിടെ പ്രദര്‍ശനത്തിനു വച്ചിരിക്കുന്നു. ഇന്ത്യയിലെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠവും രാഷ്ട്രത്തിന്റെ ബഹുമതി ആയ പദ്മഭൂഷണ്‍ സമ്മാനവും കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്കാരവും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

തകഴിയുടെ പുസ്തകങ്ങളും മറ്റു ഭാഷകളിലേക്കു മൊഴിമാറ്റം ചെയ്ത പുസ്തകങ്ങളും കേരള യൂണിവേഴ്‌സിറ്റിയും മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയും അദ്ദേഹത്തിനു നല്‍കിയ ഡോക്ടറേറ്റുകളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു.