ശാസനങ്ങള്‍


തരിസ്സാപ്പള്ളി ശാസനങ്ങള്‍

കുലശേഖരരാജാവായ സ്ഥാണുരവിപ്പെരുമാളിന്റെ അഞ്ചാം ഭരണവര്‍ഷം (എ.ഡി. 849) അദ്ദേഹത്തിന്റെ കീഴിലുള്ള വേണാട്ടിലെ ഭരണാധികാരിയായ അയ്യനടികള്‍ തിരുവടികള്‍, മാര്‍സപീര്‍ ഇസോ കൊല്ലത്തു നിര്‍മിച്ച തരിസ്സാപ്പള്ളിക്ക് അധികാരാവകാശങ്ങളോടെ ഒരു പ്രദേശം ദാനം നല്‍കിയതിന്റെ രേഖയാണ് ഈ ചെമ്പു പട്ടയങ്ങള്‍. 'ഈ ആണ്ടില്‍ വേണാടു വാഴുന്ന അയ്യനടികള്‍ തിരുവടിയും ഉദ്യോഗസ്ഥന്മാരും പ്രകൃതിയും മണിക്കിരാമവും അഞ്ചു വണ്ണവും പുന്നത്തലപ്പതിയും കൂടി ആലോചിച്ചു കുരക്കേണി കൊല്ലത്തുള്ള എശോദാതപിര്‍ ചെയ്യിച്ച തരിസ്സാപ്പള്ളിക്ക് അയ്യനടികള്‍ തിരുവടി കൊടുത്ത വിടുപേറ്'. യഥാര്‍ത്ഥത്തില്‍ കൊല്ലം ചെപ്പേടുകളാണെങ്കിലും കോട്ടയം സിറിയന്‍ ക്രിസ്ത്യന്‍ പള്ളിയിലും തിരുവല്ലാ മാര്‍ത്തോമാ പള്ളിയിലുമായി സൂക്ഷിച്ചിട്ടുള്ള ഈ രണ്ടു പട്ടയങ്ങള്‍ കോട്ടയം ചെപ്പേടുകള്‍ എന്നും അറിയപ്പെടുന്നു. തീയതി കൃത്യമായി കണ്ടുപിടിച്ച ആദ്യത്തെ പ്രധാന കേരള ശാസനമാണിത്.

ചരിത്രരേഖകളിലെ പരാമര്‍ശങ്ങളിലൂടെ അറിയപ്പെടുന്ന ആദ്യ വേണാട് ഭരണാധികാരി ഈ പട്ടയങ്ങള്‍ എഴുതി നല്‍കിയ അയ്യനടികളാണ്. കേരളത്തിലെ മുസ്ലീങ്ങളെക്കുറിച്ച് വിവരം നല്‍കുന്ന പ്രാചീനരേഖയാണിത്. അഞ്ചുവണ്ണം, മണിഗ്രാമം എന്നീ വാണിജ്യസംഘടനകളെയും അറുനൂറ്റവര്‍ എന്ന നൂറ്റുകൂട്ടത്തെയും തൊഴില്‍ നികുതി, വില്പന നികുതി, വാഹന നികുതി എന്നിവയെയും കുറിച്ച് ഇതില്‍ പരാമര്‍ശമുണ്ട്. ഈഴവരുടെയും വണ്ണാരുടെയും കുടികളില്‍നിന്ന് തളക്കാണം, ഒണിക്കാണം, പുരമേയുന്നതിനുള്ള 'ഈറ', ചാന്‍റാന്മാട്ട്, മേനിപ്പൊന്ന്, പൊലിപ്പൊന്ന്, ഇരവ് ചോറ്, കുടനാഴി തുടങ്ങിയ നികുതികള്‍ പിരിച്ചിരുന്നതായി ചെപ്പേടുകളില്‍നിന്ന് മനസ്സിലാക്കാം.

കച്ചവടസംഘം നേതാവ് കൂടിയായിരിക്കണം മാര്‍സപീര്‍ ഇസോ. ഇളവര്‍ (ഈഴവര്‍), വണ്ണാര്‍, വെള്ളാളര്‍, തച്ചര്‍ തുടങ്ങിയവരുടെ കുടുംബങ്ങളെ പള്ളിക്കു ദാനം നല്‍കിയതായും ചെപ്പേടിലുണ്ട്. കുലശേഖരസാമ്രാജ്യത്തിനു കീഴിലെ ഒരു നാട് (പ്രവിശ്യ) മാത്രമായിരുന്നു വേണാടെന്ന് ഈ ശാസനങ്ങളില്‍നിന്ന് വ്യക്തമാകുന്നുണ്ട്.

തരിതായ്ക്കളുടെ (വിദേശികളുടെ) പള്ളിയാണ് തരിസ്സാപ്പള്ളിയ്ക്ക് എന്ന് അഭിപ്രായമുണ്ട്. നഷ്ടപ്പെട്ടു പോയെന്ന് 1833-ല്‍ ചാള്‍സ് സ്വാന്‍സ്റ്റണ്‍ രേഖപ്പെടുത്തിയ തരിസ്സാപ്പള്ളിശാസനങ്ങള്‍ കേണല്‍ മെക്കാളെയുടെ ശ്രമഫലമായാണത്രെ കണ്ടുകിട്ടിയത്. ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടാണ് ആദ്യമായി ഈ ശാസനങ്ങള്‍ പ്രകാശിപ്പിച്ചത് (Madras Journal of Literature and Science-ല്‍). ഒന്നാം ശാസനത്തിന്റെ അവസാനഭാഗവും രണ്ടാം ശാസനത്തിന്റെ ആദ്യഭാഗവും ഇപ്പോഴും ലഭിച്ചിട്ടില്ല.