തവില്‍ (തകില്‍)

നാദസ്വരത്തോടൊപ്പം ഉപയോഗിക്കുന്ന താളവാദ്യം. നടുവീര്‍ത്ത കുറ്റിയില്‍ ഇരുമുഖങ്ങളിലും തുകല്‍ മൂടിയാണ് തവില്‍ നിര്‍മ്മിക്കുന്നത്. വട്ടത്തിന്റെ ചട്ടം ഉരുണ്ടിരിക്കും. തുകല്‍വാറുകള്‍ കൊണ്ടാണ് വട്ടങ്ങള്‍ കുറ്റിയില്‍ ഉറപ്പിക്കുന്നത്. ഇടന്തലയേക്കാള്‍ ചെറുതാണ് വലന്തല. ഇടന്തലയ്ക്കുള്ള തോലിന്റെ ഉള്‍ഭാഗം പശപുരട്ടി പരുവപ്പെടുത്തിയിരിക്കും. പദം ചെയ്യുക എന്നാണ് ഇതിന്റെ പേര്. ഇടന്തലയ്ക്കല്‍ ലോഹച്ചുറ്റിട്ട കൈവിരലുകള്‍ കൊണ്ടും വലന്തലയ്ക്കല്‍ കോലുപയോഗിച്ചുമാണ് തവില്‍ വായിക്കുന്നത്. മംഗളവാദ്യമായ തവില്‍ തമിഴ്നാട്ടിലാണ് ജന്മം കൊണ്ടതെന്ന് കരുതുന്നു.  കേരളത്തില്‍ വിവാഹമേളത്തിനും ചില ക്ഷേത്രാടിയന്തിരങ്ങള്‍ക്കും തവില്‍ ഉപയോഗിക്കുന്നു.