തായമ്പക

ലക്ഷണമൊത്ത കലാരൂപമായി വികസിപ്പിച്ച ചെണ്ടമേളമാണ് തായമ്പക. പഞ്ചവാദ്യത്തെപ്പോലെ  സമ്പൂര്‍ണ്ണമായും കേരളീയം  എന്നു പറയാവുന്ന ഒരു വാദ്യകലയാണിത്. പഞ്ചവാദ്യങ്ങളില്‍ ഇലത്താളം മാത്രമേ തായമ്പകയില്‍ ഉപയോഗിക്കുന്നുള്ളൂ. ബാക്കിയെല്ലാം ചെണ്ടകളാണ്. സാധാരണചെണ്ടമേളങ്ങളില്‍നിന്ന് വ്യത്യസ്തമായി, തായമ്പകയില്‍, ഒരു കൈയ്യില്‍ മാത്രമേ കോല്‍ ഉപയോഗിക്കുന്നുള്ളൂ. മറ്റേ കൈ കോലില്ലാതെ പ്രയോഗിക്കുന്നു.

പഞ്ചവാദ്യത്തിന് വൃന്ദവാദ്യത്തിന്റെ സ്വഭാവമാണ്. വിവിധവാദ്യക്കാര്‍ സൃഷ്ടിക്കുന്ന വ്യത്യസ്തനാദങ്ങള്‍ താളാത്മകമായി കൂടിച്ചേരുമ്പോള്‍ ലഭിക്കുന്ന അനുഭൂതിയാണ് പഞ്ചവാദ്യം. എന്നാല്‍ തായമ്പക തികച്ചും വ്യത്യസ്തമാണ്. തായമ്പക അവതരിപ്പിക്കുന്നത് ഒരു വ്യക്തിയാണ്. ചില ചിട്ടകള്‍ക്ക് വിധേയമായി ധാരാളം  മനോധര്‍മ്മം പ്രയോഗിക്കാനുളള സാധ്യത തായമ്പകയിലുണ്ട്. തായമ്പകക്കാരന് താളം നല്‍കുക എന്നതു മാത്രമാണ് മറ്റു ചെണ്ടക്കാരുടെയും ഇലത്താളക്കാരുടെയും കര്‍മ്മം.  ഇങ്ങനെ സ്വന്തം ക്രിയാത്മകത സന്നിവേശിപ്പിക്കാന്‍ കലാകാരന് ഏറെ അവസരം നല്‍കുന്നതിനാല്‍ ഒട്ടേറെ പ്രതിഭാശാലികള്‍ തായമ്പകയിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ടു. പാളിപ്പോകാത്ത പരീക്ഷണങ്ങളിലൂടെ അവര്‍ തായമ്പകയെ പുതിയ ഔന്നത്യങ്ങളിലേയ്ക്ക് നയിച്ചു. കേരളത്തിന്റെ മുക്കിനും മൂലയിലും തായമ്പകയെത്തി. അഭിജാതമായതും ഒപ്പം ഏറെ ഹരം പകരുന്നതുമായ ഒരു കലാരൂപം എന്ന നിലയില്‍ തായമ്പക അംഗീകരിക്കപ്പെട്ടു. ഇന്ന് ഉത്സവമേളങ്ങളുടെ അനിവാര്യഘടകമാണ് തായമ്പക.

ക്ഷേത്രകല എന്ന നിലയിലാവണം തായമ്പകയുടെ ആവിര്‍ഭാവം എന്ന് അനുമാനിക്കപ്പെടുന്നു. പഞ്ചവാദ്യത്തെക്കാള്‍ തായമ്പകയ്ക്ക് പഴക്കമുണ്ട്. എങ്കിലും ഇരുപതാംനൂറ്റാണ്ടിന്റെ  തുടക്കത്തിലാണ് തായമ്പക പരീക്ഷണോന്മുഖമായത്. ക്ഷേത്രകല എന്ന സാമാന്യത്തില്‍നിന്ന് വേര്‍പെട്ട് സ്വതന്ത്ര്യവാദ്യകലാരൂപം എന്ന സ്ഥിതി കൈവരിച്ചതും അക്കാലത്താണ്. പല്ലാവൂര്‍ അപ്പുമാരാര്‍, തൃത്താല കുഞ്ഞിക്കൃഷ്ണപ്പൊരുവാള്‍, ആലിപ്പറമ്പില്‍ ശിവരാമപൊതുവാള്‍, പല്ലാവൂര്‍  കുഞ്ഞുക്കുട്ടന്മാരാര്‍, പൂക്കാട്ടിരി  ദിവാകാരപ്പൊതുവാള്‍, സദനം വാസുദേവന്‍, കല്ലൂര്‍ രാമന്‍കുട്ടിമാരാര്‍ തുടങ്ങിയവര്‍ തായമ്പകയെ ലോകപ്രസിദ്ധമാക്കി. ഇവര്‍ക്കുശേഷം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, പെരുവനം കുട്ടന്‍മാരാര്‍, കല്ലേകുളങ്ങര അച്ചുതന്‍കുട്ടി, പനമണ്ണ ശശി, കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം ബാലരാമന്‍, തൃത്താല സഹോദരന്‍മാര്‍ തുടങ്ങിയവര്‍ തായമ്പകയില്‍ ഏറെ ക്രിയാത്മമകമായി ഇടപെട്ടു. ഇവരുടെ ശൈലികളും മനോധര്‍മ്മ പ്രയോഗങ്ങളും ഈ കലയെ കൂടുതല്‍ ദീപ്തമാക്കി. ഒരാള്‍ പ്രാമാണ്യം നല്‍കുന്ന തായമ്പകയ്ക്ക് പുറമേ രണ്ടുപേര്‍ ചേര്‍ന്ന് (മറ്റ് താളക്കാരുടെ പിന്തുണയോടെ) അവതരിപ്പിക്കുന്ന ഡബിള്‍ തായമ്പക, മൂന്നുപേര്‍ ചേര്‍ന്നതരിപ്പിക്കുന്ന ട്രിപ്പിള്‍ തായമ്പക തുടങ്ങി പെന്‍റാതായമ്പക വരെ ഇന്ന് അംഗീകാരം നേടിക്കഴിഞ്ഞു.  വളരെക്കാലമായി മിഴാവില്‍ തായമ്പക അവതരിപ്പിക്കുന്ന രീതിയുമുണ്ടായിരുന്നു. എന്നാല്‍ മിഴാവ് തായമ്പകയ്ക്ക് ചെണ്ട തായമ്പകയുടെ അത്ര പ്രചാരം ലഭിച്ചില്ല.

കേരളത്തിലെ വാദ്യങ്ങളില്‍ പ്രധാന സ്ഥാനമുണ്ട് ചെണ്ടയ്ക്ക്. ചെണ്ടയുടെ വലന്തല ദേവവാദ്യവും ഇടന്തല അസുരവാദ്യവുമായാണ് പരിഗണിച്ചു പോരുന്നത്. എന്നാല്‍ തായമ്പകയുടെ കാര്യത്തില്‍ ഈ പരിഗണന മാറുന്നു. ഇടന്തലയിലാണ് തായമ്പക കൊട്ടുന്നത്. അകമ്പടിചെണ്ടക്കാരില്‍ രണ്ടുപേര്‍ ഇടന്തലയിലും മറ്റുളളവര്‍  വലന്തലയിലും താളം പിടിക്കുന്നു. തായമ്പകക്കാരനെ കൂടാതെ  രണ്ട് ഇടന്തലക്കാര്‍, രണ്ടു വലന്തലക്കാര്‍, രണ്ട് ഇലത്താളക്കാര്‍ എന്നിങ്ങനെയാണ് ഒരു തായമ്പകയുടെ ഏറ്റവും അടിസ്ഥാന ചേരുവ. വേദിയും സമയവും മേളവുമൊക്കെ വലുതാവുന്നതിനനുസരിച്ച് അകമ്പടിക്കാരുടെ എണ്ണവും കൂടുന്നു. എന്നാല്‍ ഇടന്തലക്കാരുടെ എണ്ണം രണ്ടില്‍ കൂടാറില്ല.

തായമ്പക തുടങ്ങുന്നതിനുമുമ്പ് 'കൊട്ടിവയ്ക്കല്‍' എന്നൊരു ചടങ്ങുണ്ട്. ഇതിന് 'സന്ധ്യവേല' എന്നും പേരുണ്ട്. നാലോ അഞ്ചോ വലന്തലക്കാരും ഒന്നോ രണ്ടോ ഇലത്താളക്കാരും ചേര്‍ന്ന് തായമ്പകയ്ക്ക് 'വിളംബരം' ചെയ്യുന്ന ചടങ്ങാണിത്. ചെമ്പട, അടന്ത, ഏകം എന്നീ താളങ്ങളിലാണ് സന്ധ്യവേല കൊട്ടുന്നത്. 10 മിനിട്ടോളം ഇതു നീണ്ടു നില്‍ക്കും.

കേരളത്തിലെ പ്രധാനപ്പെട്ട വാദ്യകലകളായ പഞ്ചവാദ്യം, ചെണ്ടമേളങ്ങള്‍, തായമ്പക എന്നിവ അടിയില്‍നിന്ന് മുകളിലേയ്ക്കുയരും തോറും വിസ്താരം കുറഞ്ഞു വരുന്ന  ഗോപുരങ്ങളെപ്പോലെ ആദ്യം മുതല്‍  അവസാനം വരെ താളവട്ടങ്ങളുടെ സമയം കുറഞ്ഞു വിളംബത്തില്‍ എന്ന് ദ്രുതത്തിലേയ്ക്ക് താളവിന്യാസങ്ങളുടെയും  താളാന്തര വിന്യാസങ്ങളുടേയും വേഗത വര്‍ധിക്കുന്ന രീതിയാണ് സംവിധാനം ചെയ്യപ്പെട്ടിട്ടുളളത്. എന്നാല്‍, പതിഞ്ഞ അടന്തക്കൂറുകള്‍പ്പെടുന്ന തായമ്പക ഇതിനൊരപവാദമാണ്. അടന്തയുടെ പതിഞ്ഞ കാലത്തില്‍ അതിമനോഹരവും ഹൃദയാവര്‍ജ്ജകവുമായ നിരവധി അലങ്കാരപ്രയോഗങ്ങള്‍ തായമ്പകയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു എന്നതു കൊണ്ടാണ്  തായമ്പകക്കാര്‍ അത് അവതരിപ്പിക്കുന്നതും ആസ്വാദകര്‍ അതിഷ്ടപ്പെടുന്നതും.