താഴെക്കാട്ടു പള്ളിലിഖിതം

ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള താഴക്കാട്ടു പള്ളിയിലെ ലിഖിതം. കുലശേഖരപ്പെരുമാളായ രാജസിംഹന്റെ (1021-1043) മൂന്നാംഭരണവര്‍ഷം രചിച്ചതാണ് ഈ വട്ടെഴുത്ത് ശിലാശാസനം. മന്നാര്‍കോയില്‍ ലിഖിതങ്ങളില്‍ (1034, 1036) പറയുന്ന ചേരമാനാര്‍ രാജസിംഹനാണ് താഴെക്കാട്ടു പള്ളി ലിഖിതത്തിലെയും രാജസിംഹര്‍ എന്നതിനാല്‍ കാലം എ.ഡി. 1024 ആണെന്ന് സ്ഥാപിച്ചിട്ടുണ്ട്. മണിഗ്രാമത്തിലെ അംഗങ്ങളായ ചാത്തന്‍ വടുകന്‍, ഇരവി ചാത്തന്‍ എന്നീ രണ്ടു ക്രിസ്ത്യന്‍ വ്യാപാരികള്‍ക്ക് ചില അവകാശങ്ങള്‍ അംഗീകരിച്ചു കൊടുക്കുന്നതാണ് ഉള്ളടക്കം. താഴെക്കാട്ട് പീടിക പണിത് കച്ചവടം ചെയ്യാനും പള്ളി പണിയാനും ഇവര്‍ക്ക് അനുമതി നല്‍കി. പ്രധാനസ്ഥാപനങ്ങളെ കേന്ദ്രീകരിച്ചാണ് അക്കാലത്തെ വാണിജ്യസംഘങ്ങള്‍ നിലനിന്നിരുന്നത്. അതിനാല്‍ മണിഗ്രാമക്കാരായ ചാത്തന്‍ വടുകന്റെയും ഇരവിചാത്തന്റെയും സ്ഥാപനമാകാം താഴെക്കാട്ടുപള്ളി എന്ന് അഭിപ്രായമുണ്ട്.

താഴെക്കാട്ടു പള്ളിയിലെ മറ്റൊരു ശിലാലിഖിതമാണ് എ.ഡി. 917-ലെ കോതരവിയുടെ അവിട്ടത്തൂര്‍ശാസനം.