തീയാട്ട്

ക്ഷേത്രങ്ങളിലും തറവാടുകളിലും അവതരിപ്പിക്കുന്ന ഒരു അനുഷ്ഠാനകല. ദൈവമായിട്ടാടല്‍ ആണിതെന്നാണ് സങ്കല്‍പ്പം. ദൈവാട്ടം, തെയ്യാട്ടം, തീയാട്ടം എന്നിങ്ങനെയായിരിക്കണം വാക്കിന്റെ രൂപാന്തരം എന്ന് കരുതുന്നു. തീയ് ഉഴിച്ചിലിന് പ്രാധാന്യം നല്‍കുന്നതു കൊണ്ടാണ് തീയാട്ട് എന്ന പേര് വന്നതെന്നും പറയുന്നു. ദേവതാപ്രീണനമാണ് ലക്ഷ്യം. കേരളോല്‍പ്പത്തിയിലും സംഘക്കളിപ്പാട്ടിലും തീയാട്ടിനെക്കുറിച്ചുള്ള സൂചനകളുണ്ട്.

രണ്ടു വിധം തീയാട്ടുണ്ട്. അയ്യപ്പന്‍ തീയാട്ടും, ഭദ്രകാളി തീയാട്ടും. അയ്യപ്പന്‍ തീയാട്ടിലെ പാട്ടുകള്‍ അയ്യപ്പനെയും ഭദ്രകാളി തീയാട്ടിലെ പാട്ടുകള്‍ ഭദ്രകാളിയെയും പ്രകീര്‍ത്തിക്കുന്നവയാണ്. ദേവത രൂപത്തിന്റെ അതി മനോഹരമായ ഒരു കളമെഴുതി ദൈവത്തെ അതിലേക്ക് ആവാഹിക്കുന്നു.

കളമെഴുത്ത്, കഥാഭിനയം, കളംപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചില്‍ എന്നിവയാണ് തീയാട്ടിന്റെ മുഖ്യചടങ്ങുകള്‍. ചടങ്ങുകള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ വെളിച്ചപ്പാടോ പൂജാരിയോ കളത്തില്‍ നൃത്തം ചെയ്തു കളം മായ്ക്കുന്നു.