തെക്കന്‍പാട്ടുകള്‍

മലയാളത്തിന്റെ നാടന്‍പാട്ട് വിഭാഗത്തിലെ ഒരു പ്രധാന ശാഖയാണ് തെക്കന്‍ പാട്ട്. ഭാഷാപരവും സാംസ്കാരികവുമായ പല പ്രത്യേകതകളും ഈ  പാട്ടുകള്‍ക്കുണ്ട്. വടക്കന്‍ പാട്ടുകളെപ്പോലെ തെക്കന്‍പാട്ടുകളും പ്രകടനകലാ വിഭാഗത്തില്‍ ഒതുങ്ങി നില്ക്കുന്നവയല്ല. വില്‍പാട്ടുകളിലൂടെയാണ് തെക്കന്‍പാട്ടുകള്‍ അവതരണസ്വഭാവം കൈവരിക്കുന്നത്.

പഴയ തെക്കന്‍ തിരുവിതാംകൂര്‍ പ്രദേശത്തു പ്രചാരമുള്ള നാടന്‍ പാട്ടുകളാണ് തെക്കന്‍പാട്ടുകള്‍. തിരുവനന്തപുരം ജില്ലയും കന്യാകുമാരി ജില്ലയും ഉള്‍പ്പെടുന്ന പ്രദേശമാണ് പഴയ തെക്കന്‍ തിരുവിതാംകൂര്‍. തെക്കന്‍ പ്രദേശങ്ങളില്‍ നടപ്പിലുള്ള പാട്ട് എന്നതുകൊണ്ടാവണം തെക്കന്‍പാട്ടുകള്‍ എന്ന പേരു വന്നത്. വില്ല് പ്രധാന ഉപകരണമായി ഉപയോഗിക്കുന്ന വില്ലുപാട്ട്, വില്പാട്ട്, വില്ലടിച്ചാന്‍പാട്ട് എന്നീ പേരുകളില്‍ അറിയപ്പെടുന്ന പാട്ടുകള്‍ ഇതിന്റെ ഭാഗമാണ്. ഈ ഗാനരീതിയുടെ ജന്മഭൂമി കന്യാകുമാരി ജില്ലയിലെ നാഞ്ചിനാടാണ്. വില്ലുപാട്ടുകളല്ലാതെയുള്ള തെക്കന്‍പാട്ടുകളും ഉണ്ട്. രാമകഥാപ്പാട്ട്  അത്തരം പാട്ടുകളാണ്. 

ക്ഷേത്രങ്ങളിലെ ആരാധനാ സമ്പ്രദായവുമായി ബന്ധപ്പെട്ടവയാണ് തെക്കന്‍ പാട്ടിലെ മറ്റൊരു പ്രധാന വിഭാഗം. ബാധപ്പാട്ട് (വാതപ്പാട്ട്) എന്നു വിളിക്കുന്ന ഈ വിഭാഗത്തില്‍ വ്യത്യസ്ത കഥാഗാനങ്ങള്‍ ലഭ്യമാണ്. ഗണിതശാസ്ത്രവും ജ്യോതിഷവും ഉള്‍പ്പെടുന്ന ശാസ്ര്തപ്പാട്ട് ആണ് മറ്റൊരു വിഭാഗം. തമിഴ് കലര്‍ന്ന മലയാളമാണ് തെക്കന്‍പാട്ടുകളിലെ ഭാഷ.

തനി മലയാളത്തിലുള്ള പാട്ടുകളും ഉണ്ട്. മൂവോട്ടുമല്ലന്‍ കഥ, ശാസ്താംപാട്ട്, രാമേശ്വര യാത്ര, വലിയ കുഞ്ഞുതമ്പി കഥ, പുരുഷാദേവിയമ്മപ്പാട്ട്, പുതുവാതപ്പാട്ട്, പഞ്ചവന്‍കാട് നീലിക്കഥ, തക്കരായന്‍ കഥ, ഇരവിക്കുട്ടിപ്പിള്ളപ്പോര്പാട്ട്, കന്നടിയാന്‍ പോര്, ഉലകുടപ്പെരുമാള്‍പ്പാട്ട്, അമ്മന്‍ കഥ, അഞ്ചുതമ്പുരാന്‍പാട്ട് തുടങ്ങിയവ തെക്കന്‍ പാട്ടുകളിലെ പ്രധാന കഥാഗാനങ്ങളാണ്.