മുടിയും മുഖത്തെഴുത്തും തെയ്യത്തില്‍

തെയ്യത്തിന്റെ വിശ്വാസപ്രക്രിയയില്‍ സ്വാധീനം ചെലുത്തുന്ന രണ്ടു ഘടകങ്ങളാണ് മുടിയും മുഖത്തെഴുത്തും. നിറങ്ങളിലൂന്നിയ വരയിലൂടെയും, കരകൗശല-ശില്‍പ ചാതുര്യത്തിലൂടെയും നിര്‍വഹിക്കപ്പെടുന്ന സങ്കീര്‍ണ്ണമായ ഒരു ലാവണ്യതലമാണ് ഈ രണ്ടു ഘടകങ്ങളും തീര്‍ക്കുന്നത്. തെയ്യക്കോലം കെട്ടുന്ന വ്യക്തിയുടെ സ്വത്വത്തില്‍നിന്നും അനുഷ്ഠാന ധര്‍മ്മത്തിനനുയോജ്യമായ ഒരു പുതിയ സ്വത്തം ഇതിലൂടെ നിര്‍വ്വഹിക്കപ്പെടുകയും ചെയ്യുന്നു.

മനുഷ്യമുഖത്തിലൂടെ പ്രകടമാക്കാവുന്ന സൂക്ഷ്മമായ ഭാവസ്ഫുരണങ്ങള്‍ക്ക് സമാനമായ രീതിയിലാണ് ഓരോ തെയ്യത്തിന്റേയും മുഖത്തെഴുത്ത്. ദേവതകളുടെ സങ്കല്‍പ്പം, സ്വഭാവം, ചൈതന്യം ഇവ വ്യക്തമായി പ്രകടിപ്പിക്കുന്നവയാണ് ഈ മുഖനിര്‍മ്മിതി. മുഖത്തെഴുത്തിന് ഉപയോഗിക്കുന്ന നിറങ്ങളുടെ കാര്യമെടുക്കാം: പ്രകൃതിദത്തമായ വസ്തുക്കള്‍ മാത്രം ഉപയോഗിച്ചായിരുന്നു മുന്‍കാലങ്ങളില്‍ നിറക്കൂട്ടുകള്‍ തയ്യാറാക്കിയിരുന്നത്. നിറം ഒരു ഭാഷയായി, ആശയ വിനിമയത്തിനായി ഉപയോഗപ്പെടുത്തുന്നു എന്ന് മുഖത്തെഴുത്തിന്റെ സൂക്ഷ്മതലങ്ങളെ പരിശോധിക്കുമ്പോള്‍ മനസിലാക്കാം.

ചുവപ്പ്, കറുപ്പ്, മഞ്ഞ, വെള്ള തുടങ്ങിയ നിറങ്ങളാണ് മുഖത്തെഴുത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ഓരോ സാംസ്കാരിക കൂട്ടായ്മയും നിറങ്ങള്‍ക്ക് അവരുടേതായ അര്‍ഥതലങ്ങള്‍ സൃഷ്ടിച്ചെടുത്തതായി കാണാം. സാധാരണയായി മറ്റു സംസ്കാരങ്ങളില്‍ പ്രചാരത്തിലുള്ള അര്‍ഥങ്ങളും ഇവയോട് ഇഴചേര്‍ന്നു നില്‍ക്കുന്നു. തെയ്യം നിലനില്‍ക്കുന്ന കോലത്തുനാട്ടില്‍ കടുംനിറമായ ചുവപ്പ് കടുത്ത വികാരപ്രകടനങ്ങള്‍ക്കുള്ള അടയാളമാണ്. സംഘര്‍ഷത്തിന്റെയും ക്രോധത്തിന്റെയും കൂടി അടയാളമായി ചുവപ്പ് ഉപയോഗിക്കുന്നു. പൗരസ്ത്യസംസ്കാരങ്ങളില്‍ എന്ന പോലെ ഇവിടെയും ചുവപ്പ് സന്തോഷത്തെയും ഐശ്വര്യത്തെയും ധ്വനിപ്പിക്കാറുണ്ട്. ഇവിടെ പ്രചാരമുള്ള നാടന്‍ ശൈലികളും പഴഞ്ചൊല്ലുകളുമായി ഈ പ്രയോഗത്തെ കൂട്ടിവായിക്കാവുന്നതാണ്. മഞ്ഞയാണ് തെയ്യത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു നിറം. ഇരുണ്ട വെളിച്ചത്തിലും ശോഭയോടെ കാണാം എന്നതാണ് മഞ്ഞ നിറത്തിന്റെ ഒരു പ്രത്യേകത. ഈ ശാസ്ത്രീയ തത്വം തെയ്യക്കൂട്ടായ്മ മനസിലാക്കി ഉപയോഗപ്പെടുത്തിയിരിക്കുന്നു. പല പൗരസ്ത്യ നാടുകളിലും വിജയത്തിന്‍െറയും തുടര്‍ന്നുള്ള ആഹ്ലാദ പ്രകടനത്തിന്‍െറയും നിറപ്പകര്‍ച്ചയാണ് മഞ്ഞ്. ഈ ഒരര്‍ത്ഥത്തിലും മഞ്ഞനിറം തെയ്യത്തിന്റെ വിവിധ അനുഷ്ഠാനങ്ങളില്‍ പ്രയോഗിച്ചിട്ടുണ്ട്. ചുവപ്പിനോട് സര്‍ഗാത്മകമായി ചേര്‍ന്നു നില്‍ക്കുന്ന എന്ന ഗുണവും മഞ്ഞ നിറത്തിനുണ്ട്. ഈ ഒരു പ്രയോഗസാധ്യതയും മുഖത്തെഴുത്തിലും മെയ്യെഴുത്തിലും തെയ്യക്കാരന്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നു. ഈ രണ്ട് നിറങ്ങളും ചേര്‍ന്നുള്ള ഓറഞ്ച് നിറവും തെയ്യത്തില്‍ ഉപയോഗിക്കുന്നുണ്ട്. നിഗൂഡതയെ ധ്വനിപ്പിക്കുന്ന കറുപ്പാണ് തെയ്യത്തിന്റെ മുഖത്തെഴുത്തിലെ മറ്റൊരു പ്രധാന നിറച്ചാര്‍ത്ത്. കണ്ണും പുരികവും കറുപ്പിന്റെ അനന്തമായ പ്രയോഗ സാധ്യതകളുപയോഗിച്ച് കാഴ്ചക്കാരില്‍ നിഗൂഡമായ അര്‍ഥതലങ്ങള്‍ സൃഷ്ടിച്ചെടുക്കാന്‍ പര്യാപ്തമായ രീതിയില്‍ രൂപപ്പെടുത്തുന്നു. നിറങ്ങളുടെ നിറമായ വെളുപ്പ് കൂടുതലായും ഭൂത-പ്രേതങ്ങളുടെ പ്രതിരൂപമായ തെയ്യക്കോലങ്ങളുടെ മെയ്യെഴുത്തിലും മുഖച്ചമയങ്ങളിലുമാണ് പ്രയോഗിക്കുന്നത്.

നിറങ്ങളുടെ അര്‍ഥതലങ്ങളെ മാത്രമല്ല, തെയ്യക്കോലങ്ങളില്‍ പ്രയോഗിച്ചുവരുന്നത്. മനുഷ്യ മുഖത്തിലൂടെ പ്രകടമാക്കാവുന്ന സൂക്ഷ്മ ഭാവ സ്ഫുരണങ്ങള്‍ക്ക് മുഖത്തെഴുത്ത് ഒരു മാധ്യമമാകുന്നതായി തെയ്യക്കോലത്തിലെ മുഖത്തെഴുത്ത് ദര്‍ശിക്കുന്ന ആര്‍ക്കും വ്യക്തമാവും. ഈര്‍ക്കില്‍ കൊടിയിലൂടെ കോറിയിടുന്ന വരകളുടെ അപൂര്‍വ നിര്‍വഹണ സിദ്ധിയാണ് മുഖത്തെഴുത്തില്‍ പ്രകടമാവുന്ന മറ്റൊരു കാര്യം. മുച്ചിലോട്ട് ഭഗവതിയുടെ മുഖത്തെഴുത്ത് പരിശോധിക്കാം. അനാചാരങ്ങളുടെ ജ്വാലയില്‍ ആഹൂതി അര്‍പ്പിക്കപ്പെടുകയും സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതിരൂപമായി ഭക്തരുടെ മനസിലേക്ക് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന ദേവതയാണല്ലോ മുച്ചിലോട്ടമ്മ. ചുവപ്പിന്റെയും മഞ്ഞയുടെയും സമൃദ്ധമായ പ്രയോഗമാണ് ഈ തെയ്യക്കോലത്തിന്റെ രൂപനിര്‍മ്മിതിയിലുടനീളം കാണുന്നത്. തെയ്യക്കൂട്ടായ്മയുടെ ലോക വീക്ഷണത്തിനനുസൃതമായ അര്‍ഥതലങ്ങളാണ് തീര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ളതെന്ന് കാണാം.

വരയുടെ സമത്വവും സര്‍ഗാത്മകവുമായ പ്രയോഗ സാധ്യതകള്‍ കോലത്തിന്റെ മുഖത്തെഴുത്തിന് ഉപയോഗപ്പെടുത്തിയതായി കാണുന്നു. നേരത്തെ സൂചിപ്പിച്ചിട്ടുള്ള നിറങ്ങളുടെ അര്‍ഥതലങ്ങളും ഇവിടെ ചേര്‍ത്ത് വായിക്കാവുന്നതാണ്. കോലങ്ങളുടെ സ്വത്വാവിഷ്കരണം സമര്‍ഥമായി നടത്തുകയും ഭാവസ്ഫുരണങ്ങളെ പ്രകടമാക്കുകയും ചെയ്യുന്നതിനുള്ള ഉത്തമോദാഹരണങ്ങളാണ് കണ്ടനാര്‍ കേളനുള്ള 'ഇരട്ടച്ചുരുളിയെഴുത്തും' (ഭയപ്പെടുത്തുന്നതും രൗദ്രവും). കതിവന്നൂര്‍ വീരനുള്ള 'നാഗോം കുറിയും' (വീര സ്വഭാവം, തന്റേടം) തുടങ്ങിയവ. മുഖത്തെഴുത്ത് ശൈലികളുടെ വര്‍ഗ്ഗീകരണമാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. സ്വത്ത്വ രൂപീകരണത്തിനും സ്വഭാവത്തിനും അനുസൃതമായ രീതിയില്‍ ശാസ്ത്രീയമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു തനതു വര്‍ഗീകരണരീതി മുഖത്തെഴുത്തിന്റെ കാര്യത്തില്‍ സ്വീകരിച്ചിട്ടുണ്ടെന്നു കാണാം.

ആകാരത്തികവാര്‍ന്ന ശില്‍പ്പങ്ങളുടെ പ്രതീതിയാണ് മിക്ക തെയ്യക്കോലങ്ങള്‍ക്കും. ഈയൊരു ഘടനാനിര്‍മ്മിതിയില്‍ കോലങ്ങളുടെ മുടികള്‍ക്കുള്ള പങ്ക് പ്രധാനമാണ്. തെയ്യക്കൂട്ടായ്മ നിലനില്‍ക്കുന്ന ഭൂപ്രദേശത്ത് (പഴയ കോലത്തുനാട്ടില്‍) പ്രചാരത്തിലുണ്ടായിരുന്ന ചിത്രകലാ പാരമ്പര്യവുമായി മുഖത്തെഴുത്തിന് എന്നപോലെ കരകൗശല-ശില്‍പകലാ പാരമ്പര്യവുമായി തെയ്യക്കോലത്തിന്റെ മുടികള്‍ക്കും ബന്ധമുണ്ട്.

കേരളത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു ചിത്ര-കരകൗശല-ശില്‍പകല പാരമ്പര്യമുള്ള പ്രദേശമാണ് കോരപ്പുഴക്ക് വടക്കുള്ള പ്രദേശങ്ങള്‍. വയനാട്ടിലെ ഗുഹാചിത്രങ്ങളും കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലെ പല പ്രദേശങ്ങളില്‍ നിന്നും മറ്റും കണ്ടെത്തിയിട്ടുള്ള വസ്തുക്കള്‍, അടുത്തകാലത്ത് നടന്ന ഉത്ഖനനത്തിലൂടെ ലഭ്യമായ വസ്തുക്കള്‍ -ഇതൊക്കെ ശില്‍പകലാ പാരമ്പര്യത്തിന്റെ ശേഷിപ്പുകളായി കാണാവുന്നതാണ്. ദ്രാവിഡര്‍, ആര്യന്മാര്‍, ഹൈന്ദവ-ബുദ്ധ-ജൈന മതങ്ങള്‍, ആദിമ ഗോത്രവര്‍ഗ്ഗം തുടങ്ങിയ സംസ്കാരങ്ങളുടെയെല്ലാം സ്വാധീനം ഈ ചിത്ര-കരകൗശല-ശില്‍പ പാരമ്പര്യത്തിലുണ്ട്. തെയ്യക്കോല നിര്‍മ്മിതിയില്‍ പൊതുവെയും മുടിയുടെ കാര്യത്തില്‍ പ്രത്യേകിച്ചും ശില്‍പ-കരകൗശലത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

മുഖത്തെഴുത്തിന്റെ കാര്യത്തിലെന്നപോലെ തെയ്യത്തിന്റെ സങ്കല്‍പ്പം, സ്വഭാവം, ചൈതന്യം എന്നിവയോട് ചേര്‍ന്നുപോകുന്ന രീതിയിലാണ് ഓരോ കോലത്തിന്റെയും മുടികള്‍. മുടിയില്‍ ഉപയോഗപ്പെടുത്തിയിട്ടുള്ള രൂപങ്ങളുടെ വൈവിധ്യമാണ് മറ്റൊരു പ്രധാന പ്രത്യേകത. ഓലമുടി, ഇലമുടി, പാളമുടി, തൊപ്പിച്ചമയം, വട്ടമുടി, നീളമുടി, പീലിമുടി, പുറത്തട്ട്, ഓംകാരമുടി, തുടങ്ങിയ പേരുകളിലറിയപ്പെടുന്ന മുടികള്‍ തെയ്യക്കോലങ്ങള്‍ക്ക് ഉപയോഗിക്കാവുന്നവയാണ്. ചടുലമായ നൃത്തം ചെയ്യുന്ന തെയ്യങ്ങള്‍ക്കുള്ള തൊപ്പിക്ക് സമാനമായ ചെറിയ മുടി മുതല്‍ അഞ്ചും ആറും കവുങ്ങുകളുടെ തടി ഉപയോഗിച്ചുള്ള ഭീകരമായ മുടികള്‍ വരെ പല തെയ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. 101 കവുങ്ങുകള്‍ ഉപയോഗിച്ചുള്ള മുടികള്‍ ചില തെയ്യങ്ങള്‍ക്ക് മുന്‍കാലത്ത് ഉപയോഗിച്ചിട്ടുള്ളതായി പറയുന്നുണ്ട്. നാടന്‍ വസ്തുക്കള്‍-പാള, കുരുത്തോല, കമ്പ് ഇവ കൊണ്ടുണ്ടാക്കുന്ന മുടികള്‍ കോലത്തുനാടിന്‍െറ കരകൗശല-ശില്‍പ കലാ പാരമ്പര്യത്തിന്റെ നൈരന്തര്യം പുലര്‍ത്തുന്നവ കൂടിയാണ്.

നാടന്‍ കരകൗശല വിദ്യയുടെ നിദര്‍ശനങ്ങളാണ് തെയ്യത്തിന്റെ ഉടയാടകള്‍. കഞ്ഞിമുക്കി ബലംവരുത്തിയ തുണികളാണ് തെയ്യത്തിന് ഉടയാടകളായി ഉപയോഗിക്കുന്നത്. ചുകപ്പ്, കറുപ്പ്, വെളുപ്പ് എന്നീ നിറങ്ങള്‍ ഉപയോഗിച്ചുള്ള തുണികള്‍ മനോഹരമായി തുന്നിച്ചേര്‍ത്തവയാണ് മിക്കവയും. കഥകളിയിലെ ഉടുത്തുകെട്ടിനോട് സാദൃശ്യമുള്ളവയാണ് തെയ്യത്തിന്റെ ഉടയാടകള്‍. തീക്കോലങ്ങളാകുമ്പോള്‍ കുരുത്തോല കൂടുതലായി ഉടയാടക്ക് ഉപയോഗിക്കുന്നു. 

കോലത്തുനാടിന് വടക്കും തെക്കുമുള്ള പ്രദേശങ്ങളില്‍ തെയ്യത്തിന് സമാനമായ അനുഷ്ഠാന കലാരൂപങ്ങള്‍ നടപ്പിലുണ്ട്. ചന്ദ്രഗിരി പുഴക്ക് വടക്കോട്ടുള്ള പ്രദേശത്ത് പ്രചാരത്തിലുള്ള ഭൂതക്കോലവും കോരപ്പുഴക്ക് തെക്കോട്ടുള്ള തിറയും ഉദാഹരണങ്ങളാണ്. ഈ അനുഷ്ഠാനരൂപങ്ങളും തെയ്യവും തമ്മിലുള്ള പ്രധാനവ്യത്യാസങ്ങള്‍ ഉപയോഗിക്കുന്ന നിറങ്ങളിലും ചമയവസ്തുക്കളിലും പ്രകടമാണ്. വ്യത്യസ്തകൂട്ടായ്മകളുടെ സ്വത്വ ബോധവും ലോകവീക്ഷണവുമായി നേരിട്ട് ബന്ധപ്പെടുന്നവയാണ് ഈ വ്യത്യാസങ്ങളെന്നും കാണാവുന്നതാണ്.

അനുഷ്ഠാനത്തിലും ആചാരത്തിലും അധിഷ്ഠിതമാണ് തെയ്യം. എങ്കിലും മതജാതി ഭേദങ്ങള്‍ തീര്‍ക്കുന്ന വേലിക്കെട്ടിനപ്പുറത്തേക്കു നീളുന്ന വിശ്വാസപ്രക്രിയയാണ് ഇത്. കാവിന്റെ തിരുനടയില്‍ തെയ്യക്കോലങ്ങള്‍ ഉറഞ്ഞു തുളളുമ്പോള്‍ നാനാജാതി മതസ്ഥരും അത്ഭുതാദരങ്ങളോടെ നില്‍ക്കുന്നതു കാണാം. കൈകൂപ്പി നില്‍ക്കുന്ന ഭക്തരുടെ സങ്കടങ്ങള്‍ക്ക് തെയ്യം ചെവികൊടുക്കും. ഏറീയോരു ഗുണം വരണം -കോലക്കാരന്‍ ചൊരിയുന്ന അനുഗ്രഹാശിസുകള്‍ക്ക് നാട്ടുകൂട്ടം കാതോര്‍ക്കുന്നു. ആധുനിക ജീവിതത്തിന്റെ തള്ളിച്ചയിലും നിലനില്‍ക്കുന്ന തെയ്യക്കാഴ്ചകള്‍ അനുഷ്ഠാനങ്ങളുടെ നൈരന്തര്യവും സംസ്കാരത്തിന്റെ പൊലിമയും തീര്‍ക്കുന്ന ഗ്രാമക്കാഴ്ചകളാണ്.

പാലക്കാട് ജില്ലയില്‍ കാണുന്ന പൂതവും തിറയും, മലപ്പുറം-കോഴിക്കോട് ജില്ലകളിലെ തിറയും ദക്ഷിണ കര്‍ണ്ണാടക പ്രദേശത്ത് കാണുന്ന ഭൂതവും തെയ്യത്തിനു സമാനമായ അനുഷ്ഠാനരൂപങ്ങളാണ്.