തെയ്യവും തിറയും

വടക്കന്‍കേരളത്തിലെ അനുഷ്ഠാനകലകളാണ് തെയ്യവും തിറയും. മനുഷ്യര്‍ ദേവതാരൂപം ധരിച്ചു നടത്തുന്ന അനുഷ്ഠാനനര്‍ത്തനങ്ങളാണിവ. തെയ്യം, തിറ, കോലം എന്നീ വ്യത്യസ്തനാമങ്ങളില്‍ അറിയപ്പെടുന്നുവെങ്കിലും സാമാന്യമായി മൂന്നും ഒന്നുതന്നെയാണ്. അവ തമ്മില്‍ വ്യത്യാസങ്ങളുമുണ്ട്. തെയ്യം എന്ന വാക്കിനര്‍ത്ഥം ദൈവം എന്നുതന്നെയാണ്. ദൈവങ്ങളുടെ കോലം ധരിച്ചു മനുഷ്യര്‍ ദൈവങ്ങളായി പ്രത്യക്ഷപ്പെടുകയും ജനങ്ങള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്‍കുകയും ചെയ്യുന്നു. 'സ്ഥാനം' എന്നറിയപ്പെടുന്ന ദേവതാസങ്കേതങ്ങളിലും തറവാടുകളിലുമാണ് തെയ്യവും തിറയും കെട്ടിയാടുന്നത്. കാവ്, അറ, പള്ളിയറ, മുണ്ട്യ, താനം, കോട്ടം തുടങ്ങിയ പല പേരുകളില്‍ സ്ഥാനങ്ങള്‍ അറിയപ്പെടുന്നു. ഇവിടങ്ങളില്‍ തെയ്യവും തിറയും കെട്ടിയാടിക്കുന്നതിനെയാണ് കളിയാട്ടം എന്നുപറയുന്നത്. അത്യുത്തരകേരളത്തില്‍ കോലം എന്നാണു തെയ്യത്തിനു പേര്.

അവര്‍ണസമുദായത്തില്‍പ്പെട്ടവരാണ് തെയ്യവും തിറയും കെട്ടിയാടുന്നത്. എന്നാല്‍ ആ ദൈവങ്ങളെ സവര്‍ണ്ണരും വണങ്ങി നില്‍ക്കുന്നു. അവര്‍ കെട്ടിയാടുന്ന കോലങ്ങളില്‍ ദൈവത്തെ ദര്‍ശിക്കുകയാണ് ഭക്തജനങ്ങള്‍ ചെയ്യുന്നത്. തെയ്യത്തിലും തിറയിലും പ്രത്യക്ഷപ്പെടുന്ന ദൈവങ്ങള്‍ വൈദികസങ്കല്പത്തില്‍പ്പെട്ടവരല്ല. മനുഷ്യര്‍ പോലും തെയ്യങ്ങളായി മാറുന്നു. വടക്കന്‍പാട്ടിലെ വീരനായകനായ ഒതേനന്റെ തെയ്യം പോലുമുണ്ട്. ദുര്‍മന്ത്രവാദിയായിരുന്ന ഒരു മുസ്ലീം ദുര്‍മരണത്തിനിരയായി തെയ്യമായി മാറിയതാണ് 'ആലിഭൂതം', മാപ്പിളത്തെയ്യങ്ങള്‍ മാത്രമല്ല, പുലിവേട്ടയ്ക്കിടയില്‍ മരിച്ച വീരനും (കരിന്തിരിനായര്‍) രണ്ടുപെണ്‍പുലികളും (പുള്ളിക്കരിങ്കാളി, പുലിയൂര്‍ കാളി) തെയ്യമായി ആരാധിക്കപ്പെടുന്നു. ജാതിഭേദമില്ലാതെ തന്നെ സ്വീകരിക്കപ്പെടുന്നവരാണ് ഈ തെയ്യങ്ങള്‍.