തിടമ്പുനൃത്തം

ദേവീദേവന്മാരുടെ തിടമ്പ് തലയില്‍ എടുത്ത് നടത്തുന്ന അനുഷ്ഠാനപരമായ നൃത്തമാണ് തിടമ്പുനൃത്തം. കോരപ്പുഴക്ക് വടക്കുള്ള പ്രദേശത്താണ് തിടമ്പുനൃത്തത്തിന് പ്രചാരം. പ്രധാനമായും സവര്‍ണ്ണ ക്ഷേത്രങ്ങളില്‍ ചിലതിലാണ് തിടമ്പുനൃത്തം നടക്കാറുള്ളത്. പുഷ്പവും ആഭരണങ്ങളും കൊണ്ട് അലങ്കരിച്ച വിഗ്രഹം തലയില്‍ വെച്ചാണ് നൃത്തം. നമ്പൂതിരിയാണ് നര്‍ത്തകന്‍.   

അനേക നാളത്തെ കഠിനമായ പരിശീലനത്തിലൂടെയാണ് നൃത്തം പഠിക്കുന്നത്. ഗുരുവന്ദനം നടത്തി പുളിമുട്ടി സ്വീകരിച്ച് ആദ്യം താളം അഭ്യസിക്കും. അതിനു ശേഷമാണ് ചുവടുകള്‍ പഠിക്കുന്നത്. മെയ്യഭ്യാസം പരിശീലിക്കുമ്പോള്‍ പലതരം എണ്ണകളും നെയ്യും ശരീരത്തില്‍ പുരട്ടി ചവുട്ടി ഉഴിച്ചില്‍ നടത്തും. തികഞ്ഞ താളബോധവും മെയ് വഴക്കവും ഉള്ളവര്‍ക്കേ തിടമ്പുനൃത്തം ചെയ്യാനാകൂ.

നൃത്തത്തിന് വിളക്കും വാദ്യവും ഉണ്ടാകും. മാരാര്‍ സമുദായക്കാരാണ് വാദ്യക്കാര്‍, വാര്യര്‍ തുടങ്ങിയവരാണ് വിളക്ക് പിടിക്കുന്നത്. നൃത്തക്കാരന്‍ വെള്ള വസ്ത്രം പ്രത്യേക രീതിയില്‍ ഞൊറിഞ്ഞ് ഉടുത്തിരിക്കും.  ഉത്തരീയം ഉപവീതമായാണ് ധരിക്കാറ്. പ്രത്യേക തലപ്പാവിന് ഉഷ്ണിപീഠം എന്നു പറയും. ഉഷ്ണിപീഠത്തിലാണ് തിടമ്പ് വെക്കുന്നത്. ചെണ്ട, വലന്തല, ഇലത്താളം, കുഴല്‍, ശംഖ് എന്നീ വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്. നാല് താളങ്ങള്‍ മേളത്തില്‍ പ്രയോഗിക്കും. തകിലടി, അടന്ത, ചെമ്പട, പഞ്ചാരി എന്നീ താളങ്ങളാണുപയോഗിക്കുന്നത്. ഒരോ താളവും കലാശത്തോടെ അവസാനിപ്പിച്ച് അടുത്ത താളത്തിലേക്ക് കടക്കും. ക്രമേണ നൃത്തം ദ്രുതഗതിയിലാകും. ഒന്നുമുതല്‍ അഞ്ചുതിടമ്പ് വരെ ഉപയോഗിച്ചുകൊണ്ടുള്ള നൃത്തം ഉണ്ടാകാറുണ്ട്.