കന്യാകുമാരി ജില്ലയില്‍ കുഴിത്തുറയ്ക്ക് 18 കി. മീ. അകലെയുള്ള തിരുനന്തിക്കര ഗുഹാക്ഷേത്രഭിത്തിയില് ആലേഖനം ചെയ്തിട്ടുള്ള ശിലാശാസനം. ഇപ്പോള്‍ ശിവക്ഷേത്രമായ തിരുനന്തിങ്കര മുന്‍കാലത്ത് ജൈനക്ഷേത്രമായിരുന്നു. ആയ് രാജാവായ വിക്രമാദിത്യവരഗുണന്റെ എട്ടാം ഭരണവര്‍ഷം (എ.ഡി. 906) എഴുതപ്പെട്ട ലിഖിതം ഹജ്ജൂര്‍ ആപ്പീസ് ചെപ്പേട് എന്നും അറിയപ്പെടുന്നു. കേരളത്തില്‍ നിലനിന്ന ദേവദാസീ സമ്പ്രദായത്തിന് തെളിവാണീ ശാസനം. മൂഴിക്കളം കച്ചം ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു.
തെങ്ങനാട്ടു കിഴവന്റെ മകള്‍ ആയ്കുലമഹാദേവിയായ മുരുകന് ചേന്തിയെ 'തിരുവടി ചാര്‍ത്താന്‍' 32 കലം വിത്തുപ്പാട് (വിത്തു വിതയ്ക്കുന്ന നിലം. ഒരു കലം = പത്ത് പറ) പാര്ത്ഥിവശേഖരപുരത്തെ ബ്രാഹ്മണരുടെ മേല്‍നോട്ടത്തില്‍ ഏല്പിച്ചതായി പറയുന്നു. 'തിരുവടി ചാര്‍ത്തല്‍' എന്നതിന് വിവാഹം കഴിച്ചു കൊടുക്കുക എന്നാണ് അര്‍ത്ഥമെന്ന് ചില പണ്ഡിതര്‍. 'ഈശ്വരന് കാണിക്കയായി അര്‍പ്പിക്കുക' എന്നാണ് അര്‍ത്ഥമെന്നും മുരുകന് ചേന്തിയെന്ന സ്ത്രീയെ ദേവദാസിയായി അര്പ്പിച്ചതിനെക്കുറിച്ചാണ് പറയുന്നതെന്നും മറ്റു ചില പണ്ഡിതര്‍ അഭിപ്രായപ്പെടുന്നു. ആയ് വംശത്തില്‍ പിറന്ന മുരുകന് ചേന്തി 'തെങ്ങനാട്ടു കിഴവന് ചാത്തം മുരുക'ന്റെ പുത്രിയാണെന്ന് പറയുന്നതിനാല്‍ ആയ് വംശക്കാര്‍ മക്കത്തായികളാണെന്നു കരുതുന്നു. മക്കത്തായ സമ്പ്രദായത്തിലാണ് സ്ത്രീകള്‍ പിതാവിന്റെ പേര് ഇരട്ടപ്പേരായി ഉപയോഗിക്കുന്നത്.