തിരുനെല്ലി ക്ഷേത്രത്തില്‍നിന്ന് കണ്ടുകിട്ടിയ ചെമ്പ് ചെപ്പേടുകള്‍. കുലശേഖരപ്പെരുമാളായ ഭാസ്കരരവിവര്‍മ മനുകുലാദിത്യന്റെ 47-ാം ഭരണവര്‍ഷത്തേതാണ് ഒരു ചെപ്പേട്. എട്ടേമുക്കാല്‍ ഇഞ്ച് നീളവും രണ്ടര ഇഞ്ച് വീതിയുമുള്ള ഈ ചെമ്പു തകിടിന്റെ ഇരുവശത്തുമായി 27 വരികളുണ്ട്. കുറുംപുറൈനാട് നാടുവാഴിയായ കുഞ്ഞിക്കുട്ടവര്‍മ്മന്‍ അടികള്‍ വീരകുറുമ്പുറയാര്‍ ക്ഷേത്രത്തിലെ തിരുവമുതിനും വാടാവിളക്കിനുമായി 'കീഴ്ക്കാട്ടിപ്പോഴഞ്ചേരിക്കല്‍' എന്ന ചേരിക്കല്‍ വസ്തു (നാടുവാഴിയുടെ ഭൂമി) അട്ടിപ്പേറായി കൊടുക്കുന്നതാണ് ഉള്ളടക്കം. ഉടമ്പടിയുടെ നടത്തിപ്പുകാരും സാക്ഷികളുമായി മൂത്തക്കുറ്റില്‍ എഴുന്നൂറ്റവര്‍, പണിയുടയനായന്‍, ഊര്, മൂത്തകൂറിന്റെ നിഴലും പണിയും, നാട്, ഇടവക, പ്രകൃതി, വെള്ളാളര്‍ എന്നിവരെ പരാമര്‍ശിക്കുന്നു നാടുവാഴിയുടെ പരിവാരങ്ങളാണ് നിഴലും പണിയും. നാടുവാഴിയുടെ കാരാണ്‍മക്കാരായിരിക്കാം വെള്ളാളര്‍. എ.ഡി.1005 ആണ് ഈ ചെപ്പേടിന്റെ കാലമെന്ന് കരുതുന്നു. 1008 ആണെന്നും വാദമുണ്ട്.
ഭാസ്കരരവിവര്‍മയുടെ 46-ാം ഭരണവര്‍ഷത്തിലേതാണ് മറ്റൊരു തിരുനെല്ലിശാസനം. എ.ഡി. 1014, 1017 എന്നിവ ഈ ചെപ്പേടിന്റെ കാലമായി ചിലര്‍ കണക്കാക്കുന്നു. എ.ഡി. 1021 മാര്‍ച്ച് ഒന്നിനാണ് ലിഖിതരചനയെന്ന് ഇളംകുളം പറയുന്നു. പുറകിഴാനാട് ഭരണാധികാരിയായ ശങ്കരന്‍ കോതവര്‍മ അടികളും അനുയായികളും ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് തിരുനെല്ലിപ്പെരുമാളുടെ പൂജ തുടങ്ങിയവയ്ക്കുള്ള വ്യവസ്ഥ ചെയ്യുന്നതാണ് പ്രമേയം. പുറകിഴാനാട് ആണുറ്റവരും അയ്യായിരവരുമാണ് ഉടമ്പടിയുടെ നടത്തിപ്പുകാര്‍. വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ മൂഴിക്കളം കച്ചത്തിന് വിധേയമായി ശിക്ഷിക്കുമെന്ന് താക്കീതുമുണ്ട്.
കുലശേഖരന്മാരുടെ കാലത്ത് കാര്‍ഷികഗ്രാമവ്യവസ്ഥ വയനാടന്‍ പ്രദേശങ്ങളിലേക്കും പടര്‍ന്നു കയറി എന്നതിന് തെളിവു കൂടിയാണ് തിരുനെല്ലി ചെപ്പേടുകള്‍.