തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തിലെ ലിഖിതങ്ങള്‍. 12-ാം ശതകമാണ് രചനാകാലം. അന്നത്തെ സാമൂഹികസ്ഥാപനങ്ങളെയും സാമൂഹികാചാരങ്ങളെയും ഈ രേഖകള്‍ പരാമര്‍ശിക്കുന്നു.
മൂഴിക്കുളം കച്ചത്തെക്കുറിച്ച് തിരുവല്ലാചെപ്പേടുകളില്‍ പറയുന്നുണ്ട്. ഊരാളരുടെ അഴിമതിയെ മാത്രം നിയന്ത്രിക്കുന്ന ഒന്നായിരുന്നില്ല മൂഴിക്കളം കച്ചമെന്ന് ഇവയില്‍ നിന്നു മനസ്സിലാക്കാം. വിശേഷാവസരങ്ങളില്‍ ദേവന്റെ തിരുവമൃതിന് എടങ്ങഴി നെയ്യ് അളക്കണമെന്നും, സമയത്ത് നെയ്യ് അളക്കാത്ത കാരാളന്‍ രാജാവിന് 50 കഴഞ്ചും ഊരാളസഭയ്ക്ക് 25 കഴഞ്ചും നാടുവാഴിക്ക് 121/2 കഴഞ്ചും സ്വര്‍ണ്ണം പിഴയൊടുക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. വിളവിന്റെ അഞ്ചില്‍ രണ്ട്, അഞ്ചിലൊന്ന്, മൂന്നിലൊന്ന് എന്നീ തോതുകളിലാണ് കാരാളര്‍ ഉടമകള്‍ക്ക് പാട്ടം കൊടുത്തിരുന്നതെന്ന് ഈ ലിഖിതങ്ങളില്‍ നിന്നറിയാം. കടപ്പനങ്ങാട് ഭൂമിയും ആളും, കുഴിക്കാട്ട് ഭൂമിയും ആളും എന്നിങ്ങനെ ഇതില്‍ വിവരിച്ചു കാണുന്നതില്‍നിന്ന് ഓരോ കൃഷിനിലത്തിനും വെവ്വേറെ സ്ഥിരം പണിക്കാരുണ്ടെന്ന് മനസ്സിലാക്കാം.
തിരുവല്ലാക്ഷേത്രത്തിലെ കെടാവിളക്കിനും നൈവേദ്യത്തിനുമായി മാത്രം 27, 105 പറനെല്ലാണ് വേണ്ടിയിരുന്നതെന്ന് രേഖയിലുണ്ട്. തിരുവല്ലാശാലയില്‍ നൂറിലധികം ചിത്തിരന്മാര്‍ക്ക് (ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍) സൗജന്യവിദ്യാഭ്യാസവും താമസവും ഭക്ഷണവും നല്‍കിപ്പോന്നു. ഓണത്തിന് 175 ഓളം ചിത്തിരന്മാര്‍ക്ക് ഊണു നല്‍കിയ വകയില്‍ ഓരോ ദിവസവും 350 നാഴി അരി വീതം ചെലവായെന്ന് കാണുന്നു. ബ്രാഹ്മണരെ ഊട്ടാനായി മാത്രം 12,634 കലം (1 കലം = പത്തു പറ) വിത്തുവിതയ്ക്കുന്ന ഭൂമി ക്ഷേത്രവകയായുണ്ടായിരുന്നുവെന്ന് രേഖകള്‍ പറയുന്നു. ക്ഷേത്രത്തോടനുബന്ധിച്ച് ഒരു ആതുരശാലയും പ്രവര്‍ത്തിച്ചിരുന്നതായി ലിഖിതങ്ങളില്‍ സൂചനയുണ്ട്.