തിരുവാതിരക്കളിതിരുവാതിരയുമായി ബന്ധമുള്ളതുകൊണ്ടാണ് തിരുവാതിരക്കളിക്ക് ആ പേരു വന്നത്. കൈകൊട്ടിക്കളി എന്നും പറയാറുണ്ട്. ധനുമാസത്തില്‍ ശുക്ലപക്ഷത്തില്‍ പൗര്‍ണമി ദിവസം തിരുവാതിരനാള്‍ അന്ന് കേരളീയര്‍, വിശേഷിച്ചും സ്ത്രീകള്‍ ഭക്തിയോടെ ആഘോഷിക്കുന്ന ഉത്സവമാണ്  ആതിര. തീവ്രതപസ്സിലായിരുന്ന പാര്‍വ്വതിക്കു മുന്നില്‍ പരമശിവന്‍ പ്രത്യക്ഷപ്പെട്ട് വിവാഹവാഗ്ദാനം നല്‍കിയത് തിരുവാതിരനാളിലാണ്. അതിന്റെ ആഘോഷമേളങ്ങളിലൊന്നാണ് തിരുവാതിരക്കളി. അന്ന് സ്ത്രീകള്‍, അവിവാഹിതരായ കന്യകമാര്‍, ശുഭ്രവസ്ത്രം ധരിച്ച് പാതിരാപ്പൂ ചൂടി ആടുകയും പാടുകയും ചെയ്യുന്നു. ആ പാട്ടിനെ തിരുവാതിരക്കളിപ്പാട്ട് എന്ന് പറയും. ആടുന്നതിനെ തിരുവാതിരക്കളി എന്നും. കൈകൊട്ടി പാടിക്കളിക്കുന്നതു കൊണ്ടാണ് കൈകൊട്ടിക്കളി എന്ന് പറയുന്നു.

പത്തന്‍പതാളുകള്‍ വട്ടത്തില്‍ ചുറ്റിക്കൊ-
ണ്ടുദ്രസമുത്സവവേളകളില്‍
സല്‍ക്കരക്കോലടി കൊണ്ടുതാളം പിടി-
ച്ചിഗ്ഗാഥയോരോന്നുറക്കെപ്പാടി,
ഒത്ത കാല്‍വെപ്പോടും മെയ്യഴകാര്‍ന്നൊരു-
നൃത്തവിശേഷമുതിര്‍ക്കും നേരം
ആവര്‍ത്ത്യരീത്യാ ചലിക്കുമൊരൂഞ്ഞാലി-
ലാടുന്നു ഗീതിമാതെന്നു തോന്നും.

എന്നു വള്ളത്തോള്‍ കൈകൊട്ടിക്കളിയെ വര്‍ണ്ണിച്ചിട്ടുണ്ട്.

ലാസ്യമാണ് തിരുവാതിരക്കളിയുടെ പ്രധാനഭാവം. തിരുവാതിരക്കളിക്ക് പ്രത്യേകമായി തയ്യാറാക്കിയ അരങ്ങുണ്ടാവും. വീട്ടുമുറ്റത്താണെങ്കിലും ഈ പതിവു തെറ്റിക്കാറില്ല. വേഷത്തിനും പ്രത്യേകതയുണ്ട്. അണിയുന്ന ആഭരണങ്ങളും ഇന്നതായിരിക്കണമെന്നുണ്ട്. അരങ്ങായാലും വീട്ടുമുറ്റമായാലും നടുവില്‍ വലിയ നിലവിളക്ക് കൊളുത്തിവയ്ക്കും. തുണികൊണ്ടോ നൂലുകൊണ്ടോ വലിയ തിരിയുണ്ടാക്കി നല്ലെണ്ണ നനച്ചാണ് തിരി കത്തിക്കുന്നത്. ദീപത്തിനടുത്ത് നിറപറയും അഷ്ടമംഗല്യവും ഉണ്ടാവും. രണ്ടുപേര്‍ പാടിക്കളിക്കും. മറ്റുള്ളവര്‍ ഏറ്റുപാടും. സൂക്ഷ്മമായി പറഞ്ഞാല്‍ കളിക്കുന്നവരൊക്കെത്തന്നെ പാടുകയും ചെയ്യും. വാദ്യഘോഷങ്ങള്‍ നിര്‍ബന്ധമില്ല. ചിലയിടങ്ങളില്‍ കുഴിത്താളം ഉപയോഗിക്കുന്നു.

മുണ്ടും നേര്യതുമാണ് വേഷം. ആദ്യകാലങ്ങളില്‍ പുളിയിലക്കരയില്‍ കസവുചുറ്റിയുള്ള ഒന്നരമുണ്ടും  നേര്യതുമായിരുന്നു ധരിച്ചിരുന്നത്. ഇപ്പോള്‍ വേഷത്തില്‍ വൈവിധ്യമുണ്ട്. കസവുമുണ്ടിന് ഇണങ്ങുന്ന ബ്ലൗസ് ധരിക്കുന്നു. മുലക്കച്ചയായി നേര്യതുകെട്ടിയും കളിക്കാറുണ്ട്. തലമുടി പുറകില്‍ സാധാരണ രീതിയില്‍ കെട്ടി ദശപുഷ്പങ്ങള്‍, മുല്ലപ്പൂവ് എന്നിവ ചൂടുന്നു. കറുക, കൃഷ്ണക്രാന്തി, തിരുതാളി, പൂവാംകുരുന്നില, കയ്യൂന്നി(കൈതോന്നി), മുക്കുറ്റി, നിലപ്പന, ഉഴിഞ്ഞ, ചെറൂള, മുയല്‍ച്ചെവി എന്നിവയാണു ദശപുഷ്പങ്ങള്‍. വട കൊണ്ട് മുടി മുഴുവന്‍ മുകളിലേക്കുയര്‍ത്തി ചരിച്ചുകെട്ടിയും വയ്ക്കാറുണ്ട്. കാതില്‍ തോടയും കഴുത്തില്‍ നാഗപടത്താലി, പാലയ്ക്കാമാല എന്നിവയിലേതെങ്കിലുമോ ധരിക്കും. പവന്‍മാല, ചുവന്ന കല്ലില്‍ ഗുരുവായൂരപ്പന്റെ രൂപം കൊത്തിയ ലോക്കറ്റുള്ള മണിമാല, ചുട്ടിയും പതക്കവും എന്നീ ആഭരണങ്ങളും അണിയും. ചുണ്ടുചുവപ്പിച്ചു വയ്ക്കും. വാലിട്ടു കണ്ണെഴുതും.

ഗുരുവിനെയും സദസ്സിനെയും വന്ദിച്ചതിനുശേഷം ഗണപതിസ്തുതിയോടെയാണ് കളി ആരംഭിക്കുക. തുടര്‍ന്ന് വിദ്യാദേവതയായ സരസ്വതിയെ വന്ദിക്കുന്ന ശ്ലോകം പാടി കളിക്കുന്നു. ശിവസ്തുതി, ശ്രീകൃഷ്ണസ്തുതി, ശ്രീരാമസ്തുതി എന്നിവയാണ് തുടര്‍ന്ന്. പ്രധാനപ്പെട്ട കഥകളിപ്പദങ്ങള്‍ പിന്നീടു പാടിക്കളിക്കും. നളചരിതം, ബാണയുദ്ധം എന്നിവയിലെ പദങ്ങളാവും കളിക്കുക. ശാകുന്തളം കഥയെ ആസ്പദമാക്കി വിദ്വാന്‍ മച്ചാട്ട് ഇളയത് രചിച്ച പദങ്ങള്‍, സ്വന്തമായി രചിച്ചവയുണ്ടെങ്കില്‍ അത് എന്നിവ പാടിയാണു പിന്നീടു കളിക്കുന്നത്. വഞ്ചിപ്പാട്ട്, കുമ്മി എന്നിവയിലൂടെ കടന്ന് വിഘ്നങ്ങളൊന്നുമില്ലാതെ കല അവതരിപ്പിക്കാന്‍ സഹായിച്ച ഭഗവാനെ വണങ്ങി മംഗളം പാടി കളി അവസാനിപ്പിക്കും.

സംസ്കൃതഭാഷാപണ്ഡിതനും ജ്യോതിശാസ്ത്രവിദ്വാനുമായിരുന്ന മച്ചാട്ട് ഇളയത് രചിച്ച പാട്ടുകളാണ് തിരുവാതിരക്കളിയില്‍ കൂടുതലും ആടിക്കളിക്കുന്നത്. ഗംഗയുണര്‍ത്തുപാട്ട്, കളംതുടിപ്പാട്ട്, സ്തുതികള്‍, ഊഞ്ഞാല്‍പ്പാട്ടുകള്‍, താലോലംപാട്ട്, പൂമൂടല്‍പാട്ട്, തുമ്പിതുള്ളല്‍പാട്ട്, കൈകൊട്ടിക്കളിപ്പാട്ട്, കുമ്മിപ്പാട്ട് എന്നിങ്ങനെ തിരുവാതിരയുടെ അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് അനേകതരം തിരുവാതിരപ്പാട്ടു കളുണ്ട്. സീത, പാര്‍വതി, ശകുന്തള, രുഗ്മിണി, സത്യഭാമ, ശീലാവതി എന്നീ പുരാണ കഥാപാത്രങ്ങളുടെ ചരിതങ്ങളാണു പാട്ടിനുവിഷയം. കുഞ്ചന്‍നമ്പ്യാര്‍ മുതല്‍ വെണ്മണി നമ്പൂതിരിപ്പാടുവരെ തിരുവാതിരപ്പാട്ടുസാഹിത്യം രചിച്ചിട്ടുണ്ട്. രുഗ്മിണീസ്വയംവരം പത്തുവൃത്തം (കുഞ്ചന്‍നമ്പ്യാര്‍), നൈഷധം തിരുവാതിരപ്പാട്ട് (രാമപുരത്തുവാര്യര്‍) നളചരിതം തിരുവാതിരപ്പാട്ട് (ഇരട്ടക്കുളങ്ങര രാമവാര്യര്‍) എന്നിവ പ്രസിദ്ധങ്ങളാണ്. കോട്ടൂര്‍ നമ്പീശന്റെ സുഭദ്രാഹരണം, കുചേലവൃത്തം, അമ്പാടി കുഞ്ഞുകൃഷ്ണ പൊതുവാളിന്റെ പാത്രചരിതം, അരൂര്‍ മാധവനടിതിരിയുടെ സുഭദ്രാഹരണം, ഇരയിമ്മന്‍ തമ്പിയുടെ സുഭദ്രാഹരണം, പന്ത്രണ്ടുവൃത്തം, പട്ടത്തു കുഞ്ഞുണ്ണിനമ്പ്യാരുടെ അഷ്ടപദി, അരിപ്പാട്ടു കൊച്ചുഗോവിന്ദവാര്യരുടെ ശാകുന്തളം, കൊടുങ്ങല്ലൂര്‍ എളയതമ്പുരാന്റെ അഹല്യാമോക്ഷം, ഇന്ദുമതീസ്വയംവരം, നളചരിതം എന്നീ പാട്ടുകള്‍, കുട്ടിക്കുഞ്ഞുത്തങ്കച്ചിയുടെ ശിവരാത്രിമാഹാത്മ്യം, സീതാസ്വയംവരം, നാരദമോഹനം എന്നിവയും പ്രസിദ്ധങ്ങളായ തിരുവാതിരപ്പാട്ടുകളാണ്. വെണ്മണി നമ്പൂതിരിപ്പാടിന്റെ 'ഓമനക്കുട്ടന്‍ ഗോവിന്ദന്‍' എന്ന ഗാനവും ഈ ശാഖയിലെ  വലിയ ഗാനരചന തന്നെ.