തളിപ്പറമ്പിനടുത്ത് തിരുവട്ടൂര്‍ ശിവക്ഷേത്രത്തിലെ ശിലാലിഖിതം. ക്ഷേത്രത്തിന്റെ സോപാനക്കൈകളുടെ ഇരുവശത്തുമുള്ള ഈ ലിഖിതം പത്താം ശതകത്തിലേതാണ്. മധ്യകേരളത്തിലെ വൈക്കം, ഇരിങ്ങാലക്കുട, പെരുവനം തുടങ്ങിയ ബ്രാഹ്മണകേന്ദ്രങ്ങളില് നിന്ന് 24 ബ്രാഹ്മണരെ കൊണ്ടു വന്ന് ഇവിടെ കുടിയിരുത്തിയതായി ഇതില്‍ പറയുന്നു. ബ്രാഹ്മണഗ്രാമസ്ഥാപനത്തെക്കുറിച്ച് കേരളത്തില്‍നിന്നു ലഭിച്ച പ്രധാന രേഖകളിലൊന്നാണിത്. പുതിയ ബ്രാഹ്മണ ഗ്രാമങ്ങള്‍ നിലവില്‍ വരുന്ന രീതിയെക്കുറിച്ച് ലിഖിതത്തില്‍നിന്ന് മനസ്സിലാക്കാം. ലിഖിതത്തിന്റെ ആദ്യഭാഗം നഷ്ടപ്പെട്ടു പോയിരിക്കുന്നതിനാല്‍ ആരാണ് ഗ്രാമം സ്ഥാപിച്ചതെന്നോ കൃത്യമായ കാലം ഏതെന്നോ അറിയാന്‍ വഴിയില്ല. ഈ ശാസനത്തില്‍ പ്രത്യക്ഷപ്പെടുന്ന രാമന് ചേമാനി (ജയമാനി) മൂഷകവംശത്തിലെ ഒരു രാജാവാണ്.