തോല്‍പ്പാവക്കൂത്ത്

കേരളത്തില്‍ കൂടുതല്‍ പ്രചാരമുള്ള പാവകളിയാണ് തോല്‍പ്പാവക്കൂത്ത്. പാലക്കാട്, പൊന്നാനി പ്രദേശങ്ങളിലെ ദേവീക്ഷേത്രങ്ങളില്‍ നടത്താറുള്ള അനുഷ്ഠാനമാണിത്. രാത്രിയിലാണ് പാവക്കൂത്ത് നടത്താറ്. മുന്‍പു കാലങ്ങളില്‍ ഓല കൊണ്ടും ഇപ്പോള്‍ തോല് കൊണ്ടും ഉണ്ടാക്കിയ പാവകളാണ് ഇതിന് ഉപയോഗിക്കുന്നത്. പാവകളുടെ നിഴല്‍ തിരശ്ശീലയില്‍ വീഴ്ത്തിയാണ് പ്രദര്‍ശനം.  അതുകൊണ്ട് തന്നെ ഇതിന് ഓലപ്പാവക്കൂത്ത്, നിഴല്‍പ്പാവക്കൂത്ത് എന്നീ പേരുകളുണ്ട്. 

ക്ഷേത്രത്തിലെ കൂത്തുമാടത്തിലാണ് പരിപാടി അരേങ്ങറുന്നത്. മൂന്നുഭാഗവും മറച്ചിരിക്കും. മുന്‍ഭാഗത്ത് തിരശ്ശീല ഇടും. തിരശ്ശീലയുടെ പകുതി ഭാഗം കറുപ്പും, ബാക്കി  ഭാഗം വെളുപ്പും ആയിരിക്കും. കൂത്തുമാടത്തില്‍ മുകളിലായി എണ്ണ നിറച്ച തേങ്ങ മുറിയില്‍ തിരികള്‍ വെച്ചു കത്തിക്കും. ഈ ദീപങ്ങളുടെ മുമ്പിലാണ് പാവകളെ വെക്കുന്നത്. പാവകളുടെ നിഴല്‍ വെളുത്ത തിരശ്ശീലയില്‍ വീഴുന്നു. പാവകളെ നിയന്ത്രിക്കുന്നത് മുളവടി കൊണ്ടാണ്. കമ്പരാമയണത്തിലെ വരികളാണ് പാടുന്നത്. രാമായണം കഥയാണ് തോല്‍പ്പാവക്കുത്തിന്റെ വിഷയം. പൂര്‍ണ്ണമായും അവതരിപ്പിക്കാന്‍ നാല്‍പ്പത്തൊന്നു ദിവസം വേണം.

പാട്ട് അവസാനിച്ചാല്‍ സരസമായ വിവരണം ഉണ്ടാകും. പാവകള്‍ക്ക് പ്രത്യേക സ്ഥാനവും നിശ്ചയിച്ചിട്ടുണ്ട്. ശ്രീരാമപക്ഷത്തുള്ള പാവകള്‍ വലതു വശത്താണ് അണിനിരക്കുന്നത്. ഇടത് വശത്ത് രാവണപക്ഷത്തെ പ്രതിനിധീകരിക്കുന്ന പാവകളേയും നിരത്തും. പറയുടെ ആകൃതിയിലുള്ള ചെണ്ടയാണ് ഇതിന് ഉപയോഗിക്കുന്നത്. ചെണ്ട, മദ്ദളം എന്നിവയാണ് അകമ്പടി വാദ്യങ്ങള്‍. പാവകളിയില്‍ പാരമ്പര്യമുള്ള പുലവര്‍ കുടുംബമാണ് സാധാരണ തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കുന്നത്. കേരളത്തിലെ ഈ പാവകളി സമ്പ്രദായത്തിന് മുന്നൂറിലധികം വര്‍ഷത്തെ പഴക്കം അവകാശപ്പെടുന്നുണ്ട്.