ഹിന്ദു ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍


തൃക്കടവൂര്‍ ഉത്സവംകൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള ഒരു ചെറുപട്ടണമാണ് തൃക്കടവൂര്‍. കൊല്ലത്തു നിന്ന് 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തൃക്കടവൂരായി. ഇവിടെ സ്ഥിതിചെയ്യുന്ന ശ്രീ മഹാദേവര്‍ ക്ഷേത്രം ഈ ദേശത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നു. ജില്ലയിലെ ശിവക്ഷേത്രങ്ങളില്‍ പ്രമുഖ സ്ഥാനം ഈ അമ്പലത്തിനു തന്നെ. പത്തുദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷികോത്സവം നാടിന്റെയാകെ ഉത്സവമാണ്. ഭക്തിനിര്‍ഭരമായ തിരുവാതിര മഹോത്സവവും വര്‍ണ്ണശബളമായ കെട്ടുകാഴ്ചയുമെല്ലാം ഉത്സവത്തിന്റെ മാറ്റുകൂട്ടുന്നു. ഇപ്പോള്‍ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണത്തിന്‍ കീഴിലുളള ഈ ക്ഷേത്രത്തിന്റെ ഉല്‍ഭവത്തെക്കുറിച്ചൊരു ഐതീഹ്യമുണ്ട്.


മക്കളില്ലാതെ ദുഖിച്ചിരുന്ന ഋഷി മൃകണ്ടുവിന്റെയും പത്‌നിയുടെയും മുമ്പില്‍ ഒരു ദിവസം പരമേശ്വരന്‍ പ്രത്യക്ഷനായി. അല്പായുസ്സായ ഒരു ദിവ്യപുത്രനെയാണോ അതോ മന്ദബുദ്ധിയായ ദീര്‍ഘായുഷ്മാനെയാണോ വേണ്ടതെന്ന് ഭഗവാന്‍ ചോദിച്ചു. ഋഷിയാകട്ടെ ആദ്യത്തേതുമതിയെന്നു പറഞ്ഞു. അവര്‍ക്കു ജനിച്ച പുത്രന് മാര്‍ക്കണ്ഡേയനെന്ന് പേരിട്ടു. അവനായുസ്സു പതിനാറു വയസ്സുവരെ മാത്രം. വലിയൊരു ശിവഭക്തനായ മാര്‍ക്കണ്ഡേയന്റെ ഭുമിയിലെ അവസാന ദിനവുമെത്തി. ബാലന്‍ ശിവലിംഗത്തിനു മുമ്പില്‍ സര്‍വ്വം വിസ്മരിച്ച് പ്രാര്‍ത്ഥനാനിരതനായിരുന്നു. ഇതു മൂലം യമദൂതന് അവനെ കൊണ്ടു പോകാന്‍ കഴിയാതെ വന്നു. ഒടുവില്‍ യമന്‍ നേരിട്ടെത്തി. മാര്‍ക്കണ്ഡേയന്റെ കഴുത്ത് ലക്ഷ്യമിട്ട് പാശത്തിന്റെ കുരുക്കെറിഞ്ഞു. വിധി വശാല്‍ കയറിന്റെ കുരുക്ക് വീണത് ശിവലിംഗത്തിലായിരുന്നു. ഉഗ്രകോപത്തോടെ ശിവന്‍ പ്രത്യക്ഷനായി. തുടര്‍ന്നു നടന്ന യുദ്ധാവസാനം മാര്‍ക്കണ്ഡേയന് ഒരിക്കലും മരണമില്ലെന്ന് യമന്‍ വാക്കു കൊടുക്കേണ്ടി വന്നു. സാക്ഷാല്‍ യമനെത്തന്നെ മരണ വക്രത്തിലെത്തിച്ചതിനാല്‍ ശിവന് കാലാന്തകന്‍ എന്ന പേരു കൂടി സിദ്ധിച്ചു. ഇതെല്ലാം നടക്കുന്നത് ഇന്നത്തെ തൃക്കടവൂരില്‍ വെച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.