തൃപ്പൂണിത്തുറ അത്തച്ചമയം

10 ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമാണ് അത്തം. സമാധാനവും, ഐശ്വര്യവും നിറഞ്ഞ തന്റെ ഭരണകാലം ഓര്‍മ്മിക്കുവാനും തന്റെ പ്രജകളെ നേരില്‍ കാണുവാനും മഹാബലി ചക്രവര്‍ത്തി കേരളത്തില്‍ വരുന്ന ദിവസമാണ് ഓണമെന്നു പറയുന്നതോടൊപ്പം ഇതു വിളവെടുപ്പുകാലം കൂടിയാണ്. മലയാളത്തിലെ ചിങ്ങമാസത്തില്‍ കൊച്ചി രാജാവു നടത്തുന്ന വിജയാഘോഷയാത്രയാണ് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയായാത്രയായി ആഘോഷിക്കുന്നത്. അദ്യകാലത്ത് രാജാവും പരിവാരങ്ങളും ഈ ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്ന് രാജാവ് പങ്കെടുക്കുന്നില്ല എങ്കിലും അത്തച്ചമയത്തിന്റെ പ്രൗഢിക്ക് ഒരു മങ്ങലും വരുത്താതെയാണ് ഘോഷയാത്ര നടത്തുന്നത്. നെറ്റിപ്പട്ടം കെട്ടി അലങ്കരിച്ച ആനകളും നാടന്‍ കലാരൂപങ്ങളും എല്ലാം ഈ ആഘോഷത്തില്‍ ഉള്‍പ്പെടുന്നു. കേരളത്തിലെ മിക്ക കലാരൂപങ്ങളേയും അടുത്തു കാണുവാന്‍ പറ്റിയ അവസരം കൂടിയാണ് തൃപ്പൂണിത്തുറ അത്തച്ചമയം.