ഉടുക്കിന്റെയും ഇടയ്ക്കയുടെയും നടുക്കുള്ള രൂപമാണ് തുടി. ക്ഷേത്രവാദ്യമല്ല എങ്കിലും ദേവീക്ഷത്രത്തിലെ ചില നൃത്തങ്ങള്‍ക്കും ഉപയോഗിക്കുന്നു. ഓണക്കാലത്തെ തുയിലുണര്‍ത്തു പാട്ടിനും ഇത് ഉപയോഗിക്കുന്നു.
മധ്യഭാഗം നന്നേ ഇടുങ്ങിയ ഈ വാദ്യത്തിന്റെ ഇരുമുഖങ്ങള്‍ക്കും വിസ്താരമേറെയാണ്. ഓരോ മുഖത്തിലും വളയമുറപ്പിച്ച് തുകല്‍ കൊണ്ടു മൂടുന്നു. തുകല്‍ ചരടില്‍ കോര്‍ത്ത് വളയത്തിലെ സുഷിരങ്ങളില്‍ ചരടു കോര്‍ത്തു വലിച്ച് മുറുക്കുകയാണ് ചെയ്യുന്നത്. ഇടത്തേ ചുമലില്‍ തൂക്കിയിട്ട് വലം കയ്യിലെ കോലുപയോഗിച്ച് മുന്‍വട്ടത്തില്‍ മാത്രമാണ് കൊട്ടുന്നത്. കുറ്റിയുടെ നടുവില്‍ ഇരുവട്ടങ്ങളെയും കോര്‍ത്ത് മുറുക്കിയ ചരട് അമര്‍ത്തി മുറുക്കം നിയന്ത്രിക്കാം.