സാംസ്‌കാരിക സ്ഥാപനങ്ങള്‍


തുഞ്ചന്‍ സ്മാരക ട്രസ്റ്റും ഗവേഷണകേന്ദ്രവുംമലയാള ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ സ്മരണ നിലനിര്‍ത്തുകയും ജീവിത വീക്ഷണം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 1964-ല്‍ സ്ഥാപിതമായ ഒരു സാംസ്കാരിക സ്ഥാപനമാണ് തുഞ്ചന്‍ സ്മാരകം. മലപ്പുറം ജില്ലയില്‍ തിരൂരിലെ തുഞ്ചന്‍ പറമ്പിലാണ് സ്മാരകം സ്ഥിതി ചെയ്യുന്നത്.

1906-ല്‍, തുഞ്ചന്‍ പറമ്പില്‍ ആചാര്യന് ഒരു സ്മാരകം പണിയുന്നതിനുള്ള കാര്യാലോചനായോഗത്തില്‍ മഹാരാജാ മാനവിക്രമ ഏട്ടന്‍ തമ്പുരാന്‍ അദ്ധ്യക്ഷ്യം വഹിച്ചു. ആയിരത്തോളം പേര്‍ യോഗത്തില്‍ സന്നിഹിതരായി. 1954-ല്‍ വീണ്ടും തുഞ്ചന്‍ സ്മാരക നിര്‍മ്മാണത്തെക്കുറിച്ച് പര്യാലോചിക്കാന്‍ കെ. പി. കേശവമേനോന്റെ അദ്ധ്യക്ഷതയില്‍ അക്ഷരസ്‌നേഹികള്‍ ഒത്തു ചേര്‍ന്നു. നാട്ടുകാരുടെ സംഭാവനയും സര്‍ക്കാര്‍ സഹായവുമായി സ്വരൂപിച്ച പണം ഉപയോഗിച്ച് നാല് ഏക്കര്‍ അറുപത് സെന്റ് സ്ഥലം തുഞ്ചന്‍ സ്മാരകത്തിനായി വാങ്ങി. 1961-ല്‍ കേരളമുഖ്യമന്ത്രി പട്ടം താണുപിള്ള സ്മാരകത്തിന് തറക്കല്ലിട്ടു. 1964 ജനുവരി 15-ാം  തീയതിയായിരുന്നു തുഞ്ചന്‍ സ്മാരകത്തിന്റെ ഉദ്ഘാടനം. 1964 ഒക്ടോബറില്‍ തുഞ്ചന്‍ സ്മാരകത്തിന്റെ കാര്യ നിര്‍വഹണം പതിനൊന്ന് അംഗങ്ങളടങ്ങിയ ഒരു കമ്മിറ്റിയെ ഏല്‍പ്പിച്ചത് മുതലാണ് തിരൂര്‍ തുഞ്ചന്‍ പറമ്പ് കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളുടെ ഭൂപടത്തില്‍ പ്രമുഖ സ്ഥാനം നേടിയത്. കെ. പി. കേശവമേനോന് ശേഷം എസ്. കെ. പൊറ്റെക്കാട്, ടി. എന്‍. ജയചന്ദ്രന്‍, എം. എസ്. മേനോന്‍ എന്നിവര്‍ ചെയര്‍മാന്‍മാരായി സേവനമനുഷ്ഠിച്ചു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിമൂന്നില്‍ എം. ടി. വാസുദേവന്‍ നായര്‍ അദ്ധ്യക്ഷ പദവി ഏറ്റെടുത്തു.

വിപുലമായ ഗവേഷണ ഗ്രന്ഥശാല, മലയാള സാഹിത്യ മ്യൂസിയം, താളിയോല ഗ്രന്ഥപ്പുര, സമ്മേളനങ്ങള്‍ക്കായുള്ള ഓഡിറ്റോറിയം, ഓപ്പണ്‍ എയര്‍ സ്റ്റേജ്, അതിഥി മന്ദിരങ്ങള്‍, വിശ്രമമന്ദിരം, സ്മാരകമണ്ഡപം, സരസ്വതീ മണ്ഡപം, കുട്ടികളുടെ ലൈബ്രറി എന്നിവയെല്ലാം ഇന്ന് തുഞ്ചന്‍ സ്മാരകത്തിന് സ്വന്തമാണ്.

1998-ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട റിസര്‍ച്ച് സെന്റര്‍ 1999-ല്‍ കോഴിക്കോട് സര്‍വ്വകലാശാലയുടെ അംഗീകൃത ഗവേഷണ സ്ഥാപനമായി പ്രഖ്യാപിക്കപ്പെട്ടു.

2008-ല്‍ മലയാള ഭാഷയുടെ ആദ്യത്തെ സാഹിത്യ മ്യൂസിയം തുഞ്ചന്‍ പറമ്പില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.

എല്ലാ വര്‍ഷവും ഫെബ്രുവരി ആദ്യ വാരത്തില്‍ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന തുഞ്ചന്‍ ഉത്സവത്തില്‍ ദേശീയ സെമിനാറുകള്‍, ദക്ഷിണേന്ത്യന്‍ കാവ്യോത്സവം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള എഴുത്തുകാരുടെ സാഹിത്യസൗഹൃദം, പുസ്തകോത്സവം, കലാ പരിപാടികള്‍ തുടങ്ങിയവ അരങ്ങേറുന്നു.

തിരൂരിലെ തുഞ്ചന്‍ സ്മാരകത്തെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.