യാത്രാവിവരണം/സഞ്ചാരസാഹിത്യം

വായനക്കാര്‍ക്ക് വളരെയധികം പ്രിയപ്പെട്ട  ഒരു സാഹിത്യശാഖയാണ് യാത്രാവിവരണം അഥവാ സഞ്ചാരസാഹിത്യം. ഒരു നാടിനെയും അവിടത്തെ ജനങ്ങളെയും അവരുടെ ജീവിതത്തെയും സമൂഹികസ്ഥിതികളെയും കുറിച്ച് അറിയാനുള്ള ജിജ്ഞാസ ഏതൊരു വ്യക്തിയുടെയും മനസ്സില്‍ അന്തര്‍ലീനമാണ്. അതിനാല്‍ എക്കാലവും വായനക്കാരുടെ ഇഷ്ടവിഷയവുമാണിത്.

മറ്റുഭാഷകളിലെന്നപോലെ മലയാളത്തിലും  സഞ്ചാരസാഹിത്യത്തിന് പ്രബലമായ സാന്നിദ്ധ്യമുണ്ട്. പാറേമ്മാക്കല്‍ തോമാക്കത്തനാര്‍ (1736-99) എഴുതിയ 'വര്‍ത്തമാനപ്പുസ്തകം അഥവാ റോമായാത്ര'യാണ് മലയാളത്തിലെ പ്രഥമയാത്രാവിവരണകൃതി. 1790 നും 1799 നും ഇടയില്‍ എഴുതിയതെന്നു കരുതുന്ന ഈ കൃതി പ്രസിദ്ധീകരിച്ചത് 1936 ലാണ്. എന്നാല്‍ ആദ്യം അച്ചടിച്ച ഗ്രന്ഥം പരുമല തിരുമേനി എന്ന ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രിഗോറിയോസ് എഴുതിയ 'ഊര്‍ശ്ലോം യാത്രാവിവരണം' (1895) ആണെന്നാണ് വിശ്വാസം. പോര്‍ട്ടുഗല്‍ സ്വദേശി യോഹന്നാന്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതിയ 'ഓശ്ലോം തിരുയാത്ര'യുടെ മലയാളവിവര്‍ത്തനം 1880-ല്‍ പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം യാത്രാകാവ്യങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ടായിരുന്നു. 18-ാം നൂറ്റാണ്ട് മുതലാണ് അവ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.

ഫക്കീര്‍ മോഹന്‍ സേനാപതിയുടെ 'ഉല്‍ക്കല്‍ ഭ്രമണ'മാണ് ആദ്യ യാത്രാകാവ്യം. വൈക്കത്ത് പാച്ചുമുത്തത്, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, നടുവത്തച്ഛന്‍ നമ്പൂതിരി, വെണ്‍മണി മഹന്‍, കൊട്ടാരത്തില്‍ ശങ്കുണ്ണി, കെ.സി. കേശവപിള്ള തുടങ്ങിയവരും ഈ രംഗത്ത് സജീവമായിരുന്നു.

മലയാളഗദ്യസാഹിത്യത്തിന്റെ വികാസത്തോടുകൂടിയാണ്  സഞ്ചാരസാഹിത്യത്തിന് നവോന്മേഷമുണ്ടായത്. കടയാട്ടു ഗോവിന്ദമേനോന്റെ 'കാശിയാത്രാ റിപ്പോര്‍ട്ട്'(1872) ശ്രദ്ധേയമായ ഒരു കൃതിയാണ്. ജി.പി. പിള്ളയുടെ 'ലണ്ടനും പാരിസും' 1877 ല്‍ പ്രസിദ്ധീകരിച്ചു. യാത്രാകാവ്യത്തിലെ ആദ്യഗ്രന്ഥം ധര്‍മ്മരാജാവിന്റെ 'രാമേശ്വരയാത്ര'യാണ് (1784). രചയിതാവിനെക്കുറിച്ച് അറിവില്ല.

മലയാളത്തിലെ സഞ്ചാരസാഹിത്യകാരന്മാരില്‍ സമുന്നതന്‍ എസ്.കെ. പൊറ്റെക്കാട്ടാണ്. ഇന്നത്തെപ്പോലെ യാത്രാ-താമസ സൗകര്യങ്ങളില്ലാത്ത കാലത്ത് അദ്ദേഹം ലോകരാജ്യങ്ങള്‍ സന്ദര്‍ശിച്ച് മനോഹരങ്ങളായ കൃതികള്‍ രചിച്ചു. കൂടാതെ കെ.പി. കേശവമേനോന്‍, മന്നത്തു പത്മനാഭന്‍, എം.വി. കുട്ടികൃഷ്ണമേനോന്‍, കെ.എം.പണിക്കര്‍, എന്‍.വി.കൃഷ്ണവാരിയര്‍, ഡോ. കെ.എം. ജോര്‍ജ്ജ്, ഡോ. ജെ. കട്ടക്കല്‍, ഡോ. കെ. ഭാസ്കരന്‍ നായര്‍, കെ.സി. ചാക്കോ, എം. ടി വാസുദേവന്‍ നായര്‍, ഇ.എം.എസ്., കെ.പി.എസ്. മേനോന്‍, വി.ആര്‍. കൃഷ്ണയ്യര്‍, പവനന്‍, നിത്യചൈതന്യയതി, എന്‍. വി. കൃഷ്ണവാര്യര്‍ തുടങ്ങിയ നിരവധി ബഹുമുഖപ്രതിഭകളും സഞ്ചാരസാഹിത്യരംഗത്ത് തിളങ്ങിയിട്ടുണ്ട്.

ഇന്ന് സൗകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ സഞ്ചാരസാഹിത്യകൃതികളും വര്‍ദ്ധിച്ചു. മറ്റു പല ശാഖകളേക്കാളും ഏറെ സഞ്ചാര സാഹിത്യകൃതികള്‍ മലയാളത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.