ചങ്ങനാശ്ശേരിക്കടുത്തുള്ള തൃക്കൊടിത്താനം വിഷ്ണുക്ഷേത്രത്തിലെ ശിലാലിഖിതങ്ങള്‍. വൈഷ്ണവരുടെ 108 തിരുപ്പതികളില്‍ (പുണ്യക്ഷേത്രങ്ങള്‍) കേരളത്തിലുള്ള 13 എണ്ണത്തിലൊന്നാണ് ഈ ക്ഷേത്രം. ശ്രീകോവിലിന്‍റെ വടക്കു പടിഞ്ഞാറേ ചുമരിലുള്ളതാണ് ഒരു ലിഖിതം. കുലശേഖര ചക്രവര്‍ത്തിയായ ഭാസ്കര രവിവര്‍മ്മയുടെ 14-ാം ഭരണവര്‍ഷം (എ. ഡി. 976) രചിച്ചതാണ് ഈ രേഖ. പൂജാരിയെയോ മഹാഭാരതപട്ടത്താനക്കാരെയോ ഊരാളന്മാര്‍ കൈക്കൂലി വാങ്ങി നിയമിക്കരുത് എന്ന് ഈ വട്ടെഴുത്ത് ശാസനം വിലക്കുന്നു. വൃശ്ചികമാസത്തിലെ കാര്‍ത്തികവിളക്കിനുള്ള നെയ്യ് സംക്രാന്തിക്കു മുമ്പ് നല്‍കണമെന്നും വീഴ്ച വരുത്തിയാല്‍ രാജാവിന് പിഴ നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്നു. ക്ഷേത്രത്തില്‍ ഉത്തിരോത്സവം നടത്തുന്നതിന് വേണാട് രാജാവായ ശ്രീവല്ലഭന്‍കോത കുറേ സ്ഥലം ദാനം ചെയ്തതായും അടുത്ത രാജാവായ ഗോവര്‍ധനമാര്‍ത്താണ്ഡന്‍ അതിന്‍റെ നടത്തിപ്പിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തതായും പറയുന്നുണ്ട്.
ശ്രീകോവിലിന്‍റെ തെക്കേ ചുമരിലുള്ള ലിഖിതത്തില്‍ ഗോവര്‍ധനമാര്‍ത്താണ്ഡനെ നന്‍റുഴൈനാടിന്‍റെ ഭരണാധികാരം കൂടി ഏല്പിക്കുന്നതായി സൂചനയുണ്ട്. അദ്ദേഹം കുറേ രാജഭോഗം തൃക്കൊടിത്താനം (തിരുക്കൊടിത്താനം) ക്ഷേത്രത്തിന് വിട്ടു കൊടുക്കുന്നതാണ് ഈ ശാസനത്തിലെ പ്രതിപാദ്യം.