വരദൂര് ജലധാരാലിഖിതം

വയനാട്ടില്‍ പനമരത്തിനടുത്തുള്ള വരദൂര് ഗ്രാമത്തിലെ കുന്നിനു മുകളിലുള്ള ജൈനക്ഷേത്രത്തില്‍നിന്ന് കണ്ടെടുത്ത കന്നഡലിഖിതം. 19-ാം നൂറ്റാണ്ടിലാണത്രെ ഈ ക്ഷേത്രം പണികഴിപ്പിച്ചത്. 17-ാം നൂറ്റാണ്ടില്‍ വയനാട്ടിന്റെ പല ഭാഗത്തായി നിലനിന്ന ജൈനകേന്ദ്രങ്ങളെയും ആരാധനാലയങ്ങളെയും കുറിച്ച് ഇതില്‍നിന്ന് അറിവു ലഭിക്കുന്നു. അറെപതി, ബെണ്ണെഗോഡു (വെണ്ണയോട്), ഹന്നെരഡുബീദി (12 വീഥിയെന്നര്‍ത്ഥം - ബത്തേരിയാകാം), പുത്തങ്കഡി (ഹൊഡെങ്കഡി - മാനന്തവാടി), പാലഗത്തു (പാലക്കുന്ന്) എന്നീ ജൈനക്ഷേത്രങ്ങളെ ലിഖിതത്തില്‍ പരാമര്‍ശിക്കുന്നു. വരദൂര്നിന്ന് രണ്ടു നാഴിക പടിഞ്ഞാറ് പനമരം പുഴയുടെ കിഴക്കേകരയിലായിരുന്നിരിക്കണം അറെപതി. ഇവിടത്തെ ബസ്തി (ജൈനക്ഷേത്രം) യുടെ ജീര്‍ണതയ്ക്കു ശേഷമാകാം വരദൂര് പണി കഴിപ്പിച്ചത്.

'ഉണ്ണിയച്ചി ചരിത'ത്തില്‍ പരാമര്‍ശിക്കുന്ന തിരുമരുതൂര്‍ അതുലന്റെ 'മൂഷകവംശ'ത്തില്‍ പറയുന്ന മരിപുരം എന്നിവ വരദൂര് തന്നെയാകാമെന്ന് കരുതുന്നു.