വട്ടെഴുത്ത്

ലഭ്യമായിട്ടുള്ളതില്‍ വച്ച് ഏറ്റവും പ്രാചീനമായ മലയാള ലിപിയാണ് വട്ടെഴുത്ത്. വര്‍ഗാക്ഷരങ്ങള്‍ ഇല്ലായിരുന്ന വട്ടെഴുത്തുലിപി ഇന്ത്യയിലെ ഏറ്റവും പ്രാചീന ലിപിയായ ബ്രാഹ്മിയുടെ രൂപഭേദം തന്നെയാണ്. എഴുത്തച്ഛന്റെ കാലം വരെ മലയാളികള്‍ വട്ടെഴുത്താണ് ഉപയോഗിച്ചിരുന്നതെന്നും അത് തമിഴരുടെ അക്ഷരമാലയായതിനാല്‍ സംസ്കൃതാക്ഷരങ്ങള്‍ക്ക് ലിപികള്‍ ഉണ്ടായില്ലെന്നും 'കേരളപാണിനീയ'ത്തില്‍ എ. ആര്‍. രാജരാജവര്‍മ പറയുന്നു. തമിഴ് ഭാഷ എഴുതാന്‍ മാത്രമേ വട്ടെഴുത്ത് ഉപയുക്തമാകുമായിരുന്നുള്ളൂ. കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പുരാതനകാലത്ത് വ്യവഹാരഭാഷയും ഔദ്യോഗികഭാഷയും തമിഴായിരുന്നതിനാല്‍ വട്ടെഴുത്ത് അംഗീകൃത ലിപിയായി.

'നാനം മോനം' എന്നും വട്ടെഴുത്ത് ലിപി സമ്പ്രദായത്തെ വിളിച്ചിരുന്നു. രാജകീയശാസനങ്ങളുടെ തുടക്കത്തിലുള്ള 'നമോ നാരായണ' എന്ന സ്തുതിവചനത്തില്‍ നിന്നുണ്ടായതാണ് 'നാനം മോനം'. എ.ഡി. എട്ടു മുതല്‍ പതിനഞ്ച് വരെ നൂറ്റാണ്ടുകളില്‍ വട്ടെഴുത്തിനു പ്രചാരമുണ്ടായിരുന്നതായി കരുതുന്നു. ഈ ലിപിയുടെ യഥാര്‍ത്ഥ പേര് 'വെട്ടെഴുത്ത്' എന്നാണെന്നും കല്ലിലും, ചെമ്പുതകിടിലും മറ്റും ഉളികൊണ്ട് അക്ഷരങ്ങള്‍ വെട്ടി അടയാളപ്പെടുത്തിയിരുന്നതിനാലാണ് അങ്ങനെ വിളിക്കപ്പെട്ടതെന്നും എല്‍. എ. രവിവര്‍മ അഭിപ്രായപ്പെടുന്നു.

കോലെഴുത്ത് എന്ന ലിപിയും മലയാളം എഴുതാന്‍ ഉപയോഗിച്ചിരുന്നു. സംസ്കൃതമെഴുതാന്‍ വട്ടെഴുത്തുകൊണ്ട് കഴിയാതെ വന്നപ്പോള്‍ ഗ്രന്ഥലിപി പ്രാധാന്യം നേടി. ഗ്രന്ഥലിപിയില്‍ നിന്നാണ് ആധുനിക മലയാള ലിപി രൂപം കൊണ്ടത്.

നാനം മോനം
പ്രാചീന മലയാള ലിപിയായ വട്ടെഴുത്തിന്റെ മറ്റൊരു പേരാണ് 'നാനം മോനം'. “ലിഖിതങ്ങളുടെ ആരംഭത്തിലുള്ള സ്തുതിവാക്കുകളായ 'സ്വസ്തി ശ്രീ' തുടങ്ങിയ സംസ്കൃത പദങ്ങള്‍ മാറ്റി അവയ്ക്കു പകരം 'നമോ നാരായണ' എന്നു മാത്രം എല്ലാ വട്ടെഴുത്തു ലിഖിതങ്ങളുടെയും ആരംഭത്തില്‍ ഉപയോഗിച്ചു പോന്നു. ഇത് ഉച്ചാരണഭംഗം മൂലം 'നാനം മോനം' ആകുകയും ലിഖിതത്തിന്റെ ലിപിക്കുതന്നെ ഈ പേരു ലഭിക്കുകയും ചെയ്തു”.