ശാസനങ്ങള്‍


വാഴപ്പള്ളി ശാസനം

മഹോദയപുരം ആസ്ഥാനമാക്കിയ ചേര (കുലശേഖര) രാജാക്കന്മാരുടേതായി കേരളത്തില്‍നിന്നു കണ്ടെടുത്ത ഏറ്റവും പഴയ ശിലാശാസനം (തൃക്കാക്കര ശാസനം ഇതിനു മുമ്പുള്ളതാണെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്). ശാസനങ്ങളില്‍ നിന്നു വെളിപ്പെടുന്ന ആദ്യകുലശേഖരപ്പെരുമാള്‍ ഈ ശാസനത്തിലെ രാജശേഖരനാണ്. അദ്ദേഹത്തിന്റെ 12-ാം ഭരണവര്‍ഷത്തില്‍ (എ.ഡി. 830) എഴുതപ്പെട്ടു. തിരുവാറ്റുവായ് ക്ഷേത്രത്തിലെ നിത്യബലി വിലക്കുന്നവര്‍ പെരുമാള്‍ക്ക് നൂറു ദീനാരം പിഴ കൊടുക്കണമെന്ന തീരുമാനമാണ് നന്‍റുഴൈനാട്ടില്‍പ്പെട്ട ഈ പ്രദേശത്തെ അധികാരികള്‍ രാജശേഖരപ്പെരുമാളുടെ സാന്നിധ്യത്തില്‍ കൈക്കൊള്ളുന്നത്. നാടുവാഴികള്‍ക്കുമേല്‍ പെരുമാളധികാരത്തിന്റെ വ്യക്തമായ സൂചന ഇതിലുണ്ട്.

കുലശേഖരന്മാരെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്ന വിലപ്പെട്ട രേഖയാണിത്. 'സ്വസ്തിശ്രീ' എന്ന് മറ്റു പല ശാസനങ്ങളും തുടങ്ങുമ്പോള്‍ വാഴപ്പള്ളി ശാസനം 'നമശ്ശിവായ' എന്ന് തുടങ്ങുന്നതിനാലും 'പരമേശ്വരഭട്ടാരകന്‍' എന്ന് രാജാവിനെ വിശേഷിപ്പിക്കുന്നതിനാലും രാജശേഖരന്‍ ശിവഭക്തനായിരുന്നുവെന്ന് കരുതുന്നു. ശൈവസിദ്ധനായ ചേരമാന്‍പെരുമാള്‍ നായനാരും രാജശേഖരനും ഒരാളാണെന്ന് വാദമുണ്ട്.

എട്ടാം ശതകം മുതല്‍ കേരളത്തിലും തമിഴ് നാട്ടിലും നിന്ന് ലഭിച്ചിട്ടുള്ള ലിഖിതങ്ങള്‍ വട്ടെഴുത്തിലുള്ളവയാണ്. എന്നാല്‍ ഇക്കാലത്തും സംസ്കൃതപദങ്ങള്‍ ഗ്രന്ഥാക്ഷരത്തിലാണ് എഴുതിയിരുന്നത്. 'നമശ്ശിവായ ശ്രീ രാജരാജാധിരാജ പരമേശ്വര ഭട്ടാരകരാജശേഖരദേവര്‍ക്ക്' എന്ന് ഗ്രന്ഥാക്ഷരത്തിലാണ് വാഴപ്പള്ളിശാസനം ആരംഭിക്കുന്നത്. 11-ാം ശതകത്തോടെ തമിഴ് നാട്ടില്‍ തമിഴ് ലിപിക്ക് പ്രചാരം ലഭിച്ചെങ്കിലും കേരളത്തില്‍ 15-ാം ശതകം വരെ വട്ടെഴുത്ത് തുടര്‍ന്നു. ഗ്രന്ഥാക്ഷരത്തിന് രൂപമാറ്റം വന്ന് കേരളത്തിലത് 'ആര്യലിപി'യായി.

ഈ ശാസനത്തില്‍ കാണുന്ന 'ദീനാരിയസ്' നാണയത്തെക്കുറിച്ചുള്ള പ്രസ്താവം, റോമാസാമ്രാജ്യവുമായി കേരളത്തിനുണ്ടായ വാണിജ്യബന്ധത്തിന് തെളിവാണ്.