ക്ഷേത്രാടിയന്തിരങ്ങള്‍ക്ക് സാധാരണയായി ഉപയോഗിക്കുന്ന ഒരു അവനദ്ധ(വിതത) വാദ്യമാണ് വീക്കന്‍ചെണ്ട. അഭിഷേകം, ശീവേലി, ശ്രീഭൂതബലി, ഉത്സവബലി എന്നിവയ്ക്കാണ് വീക്കന്‍ ചെണ്ട ഉപയോഗിക്കുന്നത്. സാധാരണ ചെണ്ടയെപ്പോലെ വിസ്തരമായ നാദപ്രയോഗങ്ങള്‍ വീക്കന്‍ ചെണ്ടയില്‍ പതിവില്ല. എന്നാല്‍ തിമില, ചേങ്ങില എന്നിവയ്ക്കൊപ്പം മേളക്കൊഴുപ്പ് ഉണ്ടാക്കാന്‍ വീക്കന്‍ചെണ്ടയ്ക്ക് കഴിയും. മൂന്ന് വീക്കന്‍ ചെണ്ട, മൂന്ന് തിമില, രണ്ട് ഇലത്താളം, ഒരു ചേങ്ങില എന്നിവ ഉപയോഗിച്ച് അതീവ ഹരം പകരുന്ന മേളമുണ്ടാക്കാം.
രണ്ടു കൈകൊണ്ടുള്ള പ്രയോഗങ്ങള്‍ വീക്കന്‍ ചെണ്ടയിലില്ല. ഒരു കൈയില്‍ കോല്‍ പിടിച്ച് ആഞ്ഞടിച്ചു കൊട്ടുന്നതിനാലാണ് ഈ പേര് ലഭിച്ചത്. സാധാരണ ചെണ്ടയിലുള്ളതിനേക്കാള്‍ മുഴക്കമുള്ള ശബ്ദമാണ് വീക്കന്‍ ചെണ്ടയുണ്ടാക്കുന്നത്. ഇടന്തല, വലന്തലവ്യത്യാസങ്ങളില്ല. തടിച്ച കോല്‍ ഉപയോഗിക്കുന്നതിനാല്‍ ശബ്ദഗാംഭീര്യം പിന്നെയും കൂടുന്നു.