വീണഹൈന്ദവപുരാണങ്ങളിലും വേദങ്ങളിലുമൊക്കെ ഏറെ പരമാര്‍ശങ്ങളുള്ള തന്ത്രിവാദ്യമാണ് വീണ. ഒറ്റക്കമ്പി മുതല്‍ ആയിരം കമ്പി വരെയുള്ള വീണകളുണ്ടത്രേ. ഏഴുസ്വരങ്ങള്‍ പുറപ്പെടുവിക്കുന്ന സപ്തതന്ത്രീയുതം എന്ന വീണയാണ് ഏറ്റവും പ്രശസ്തം. വീണയുടെ മാതൃകയില്‍ കേരളീയരും പുരാതനകാലം മുതല്‍ക്കേ പലതരത്തിലുള്ള തന്ത്രിവാദ്യങ്ങള്‍ നിര്‍മ്മിച്ചിരുന്നു. നന്തുണി, നാരായണവീണ, പുള്ളോന്‍വീണ, പുള്ളുവക്കുടം എന്നിവയാണ് പ്രധാന കേരളീയവീണകള്‍. ശ്രുതിവാദ്യമാണെങ്കിലും തംബുരുവിനും വീണയുടെ ഏകദേശരൂപസംവിധാനമാണ്.

ഏതാണ്ട് ഒരടിവ്യാസമുള്ള കുടം, അതിനെ തുടര്‍ന്ന് മൂന്നടി നീളത്തിലുള്ള ദണ്ഡ് (ഉടല്‍) ഉടലിന്റെ അവസാനത്തില്‍ അടിഭാഗം വളഞ്ഞ കഴുത്ത്, അതിനെ താങ്ങിനിര്‍ത്തുന്ന ചുരയ്ക്കാകുടുക്ക എന്ന ചെറിയകുടം, ഉടലിലെ 24 മെട്ടുകള്‍, ഏഴ് തന്ത്രികള്‍ എന്നിവയാണ് വീണയുടെ പ്രധാനഭാഗങ്ങള്‍. കഴുത്തിന്റെ അറ്റത്ത് വ്യാളീമുഖം കൊത്തിയിരിക്കും. പ്ലാവിന്റെയോ കരിങ്ങാലിയുടെയോ തടി കൊണ്ടാണ് കുടവും ഉടലും നിര്‍മ്മിച്ചിരിക്കുന്നത്. ഉള്ള് പൊള്ളയായിരിക്കും.

ഉടലില്‍ മെട്ടുകള്‍ക്ക് മുകളില്‍ നാലും ഉടലിന്റെ ഒരു വശത്ത് മൂന്നും എന്ന നിലയ്ക്കാണ് തന്ത്രികളുടെ സംവിധാനം. മെട്ടുകമ്പികളുടെ ഒരറ്റം കുടത്തിന്റെ അഗ്രത്തും മറ്റേ അറ്റം വ്യാളീമുഖമുള്ള ഭാഗത്തില്‍ വച്ചിട്ടുള്ള കട്ടകളിലും (ബിരുഡകള്‍) ഉറപ്പിച്ചിരിക്കും. ഈ കട്ടകളെ മുറുക്കി തന്ത്രികളുടെ മുറുക്കം നിയന്ത്രിക്കാം. 24 മെട്ടുകളുടെ ഓരോന്നും ഓരോ സ്വരസ്ഥാനത്തെ കുറിക്കുന്നു. ഓരോ കമ്പിയിലും രണ്ടു സ്ഥായിയിലുള്ള സ്വരങ്ങള്‍ പുറപ്പെടുവിക്കാം. സാരണ, പഞ്ചമം, മന്ദ്രം, അനുമന്ദ്രം എന്നിങ്ങനെയാണ് നാലുകമ്പികള്‍ അറിയപ്പെടുന്നത്. ഇവ മീട്ടുമ്പോള്‍ മദ്ധ്യഷഡ്ജം, മന്ദ്രപഞ്ചകം, മന്ദ്രഷഡ്ജം, അനുമന്ദ്രഷഡ്ജം എന്നീ സ്വരങ്ങള്‍ ഉണ്ടാകുന്നു. കമ്പികളില്‍ ആദ്യത്തെ രണ്ടെണ്ണം ഉരുക്കുകൊണ്ടും മറ്റുള്ളവ പിത്തളകൊണ്ടും ഉണ്ടാക്കിയവയായിരിക്കും.

വശത്തുള്ള മൂന്നുകമ്പികളെ മുറുക്കുന്ന കട്ടകള്‍ ചുരയ്ക്കാകുടുക്കയ്ക്ക് സമീപമായിട്ടാണ്. ഇവ പിത്തളകൊണ്ട് ഉണ്ടാക്കപ്പെട്ടവയാണ്. പക്കസരണ, പക്കപഞ്ചമം, താരഷഡ്ജം എന്നിങ്ങനെയാണ് ഇവയുടെ പേരുകള്‍. പുറത്തുള്ള കമ്പികള്‍ വാദ്യക്കമ്പികളാണ്. വശത്തുള്ളവ താളക്കമ്പികളും. ഇടതുകൈവിരല്‍ കൊണ്ട് മെട്ടുകളില്‍ അമര്‍ത്തി വലത് കൈവിരല്‍ നഖം കൊണ്ടാണ് വാദ്യക്കമ്പികള്‍ വായിക്കുന്നത്. ഗാനം വായിക്കുമ്പോള്‍ തന്നെ താളമിടുകയുമാവാം.