കുലശേഖരന്മാര്‍ക്കു ശേഷം മഹോദയപുരം ആസ്ഥാനമാക്കിയ പെരുമ്പടപ്പ് രാജാവായ വീരരാഘവചക്രവര്‍ത്തി 'മാകോതൈപട്ടണത്ത്' 'ഇരവികോര്‍ത്തനനായ ചേരമാന്‍ ലോകപ്പെരും ചെട്ടിക്ക്' 'മണിക്കിരാമപട്ട'വും (മണിഗ്രാമം) മറ്റു ചില അവകാശങ്ങളും വിട്ടു കൊടുത്തതായുള്ള താമ്ര ശാസനം. മഹോദയപുരമാണ് മാകോതൈപട്ടണം.
ശാസനത്തിലെ ഗ്രഹനില അടിസ്ഥാനമാക്കി കാലം എ.ഡി. 774 ആണെന്ന് ഡോ. ബര്‍ണലും 775 ആണെന്ന് കീല്‍ഹോണും അഭിപ്രായപ്പെട്ടു. എന്നാല്‍ 14-ാം ശതകമാകാം കാലമെന്ന വെങ്കയ്യയുടെ അഭിപ്രായം പരിഗണിച്ച് ആ നൂറ്റാണ്ടില്‍ ഗ്രഹനിലയനുസരിച്ച് 1320 മാര്‍ 20 ആകാമെന്ന് പിന്നീട് കീല്‍ഹോണ്‍ അഭിപ്രായപ്പെട്ടു. ഗോദവര്‍മയും ഇതേ അഭിപ്രായക്കാരനാണ്. ചരിത്രവസ്തുതകളും ഗ്രഹനിലയും പരിഗണിച്ച് 1225 ആണ് കാലമെന്ന് ഇളംകുളം കുഞ്ഞന്‍ പിള്ള അഭിപ്രായപ്പെട്ടു.
വേണാട്, ഓടനാട്, ഏറനാട്, വള്ളുവനാട്, ശുകപുരം, പന്നിയൂര്‍ എന്നീ നാട്ടുരാജ്യങ്ങളാണ് വീരരാഘവപ്പട്ടയത്തിലെ സാക്ഷികള്‍. ഇരവി കോര്‍ത്തന്‍ എന്ന ക്രിസ്ത്യന്‍ വ്യാപാരിക്ക് ഒട്ടേറെ വ്യാപാരാവകാശങ്ങളും വിദേശവാണിജ്യത്തിന്റെ കുത്തകയുള്‍പ്പെടെ നിരവധി വിശേഷാധികാരങ്ങളും നല്‍കുന്ന ഈ ചെപ്പേട് സിറിയന്‍ ക്രിസ്ത്യന്‍ താമ്രശാസനം എന്നും അറിയപ്പെടുന്നു. കേരളരാജാക്കന്മാരുടെ മതസഹിഷ്ണുതയ്ക്കും ന്യൂനപക്ഷസംരക്ഷണത്തിനും ഉദാഹരണമായി ചരിത്രകാരന്മാര്‍ ഈ ശാസനത്തെ കാണുന്നു.