വേലകളി

താളവും മേളവും ഒത്തിണങ്ങിയ വേലകളി ക്ഷേത്രസങ്കേതങ്ങളില്‍ അരങ്ങേറുന്നതിനാല്‍ ഒരു അനുഷ്ഠാനകലയെന്നു വിളിക്കാമെങ്കിലും ഒരു കായിക കലാപ്രകടനം എന്നു പറയുന്നതാവും കൂടുതല്‍ ശരി. പ്രാചീന കേരളത്തിന്റെ വീരസ്മരണയുണര്‍ത്തുന്ന ഈ കല നല്ല മെയ് വഴക്കവും ആയോധനകലയില്‍ പ്രാവീണ്യം സിദ്ധിച്ചവരുമായ കലാകാരന്മാരാണ് അവതരിപ്പിക്കാറുള്ളത്. അമ്പലപ്പുഴവേല എന്ന കീര്‍ത്തികേട്ട വേലകളി പഴയ ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റെ ആസ്ഥാനമായിരുന്ന അമ്പലപ്പുഴയിലാണ് ആരംഭം കുറിച്ചതെന്നു കരുതപ്പെടുന്നു. അമ്പലപ്പുഴ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചായിരിക്കാമിത് തുടങ്ങിയത്. തിരുവനന്തപുരത്ത്   ശ്രീപത്മനാഭസ്വാമി ക്ഷേത്രോത്സവത്തോടനുബന്ധിച്ചും വേലകളി അവതരിപ്പിക്കാറുണ്ട്. 

കൗരവ പാണ്ഡവയുദ്ധത്തിന്റെ അനുസ്മരണമാണിതിനു പിന്നിലെന്നും അതല്ല ദേവാസുരയുദ്ധത്തിന്റെ സങ്കല്പത്തിലാണിത് അവതരിപ്പിക്കുന്നതെന്നും രണ്ടു തരത്തിലുള്ള വിശ്വാസങ്ങള്‍ നിലവിലുണ്ട്.

കേരളത്തിന്റെ തനതു കലയായ വേലകളിയില്‍ ഭടന്മാരുടെ വേഷം കെട്ടിയ കലാകാരന്മാര്‍ പരിചയും ചുരികക്കോലും കയ്യിലേന്തിയാണ് ഇതവതരിപ്പിക്കുന്നത്. കരയില്‍   നിന്നു കൊണ്ടുള്ള വേലകളി 'കരവേല' എന്നും കുളത്തില്‍ ഇറങ്ങി നിന്ന് കൊണ്ടുള്ള വേല 'കുളത്തില്‍ വേല' എന്നും അറിയപ്പെടുന്നു. ആനപ്പുറത്തു തിടമ്പെഴുന്നള്ളിച്ചു നില്‍ക്കുമ്പോള്‍ കളിക്കാര്‍ വരിവരിയായി നിന്ന് കളി അവതരിപ്പിക്കുമ്പോള്‍ അതു   'തിരുമുമ്പില്‍വേല'എന്നു പറയാറുണ്ട്. 


    

മൂന്നു വിധത്തിലെ പയറ്റുമുറകള്‍ വേലകളിയില്‍ അവതരിപ്പിക്കുന്നുണ്ട്. കുടിപ്പയറ്റ്,  പിടിച്ചുകളി, പടകളി എന്നിവയാണത്. വേലകളിയിലെ വാദ്യങ്ങള്‍, തകില്‍, ശുദ്ധമദ്ദളം, ഇലത്താളം, കൊമ്പ്, കുഴല്‍ എന്നിവയാണ്.