ശാസനങ്ങള്‍


വേള്‍വിക്കുടി ചെപ്പേടുകള്‍

മടക്കുളത്തുനിന്ന് ബ്രിട്ടീഷുകാര്‍ കണ്ടെടുത്ത ചെമ്പ് ചെപ്പേടുകള്‍. പത്ത് ചെമ്പു തകിടുകളിലായി  155 വരികളുണ്ട്. ഒന്നു മുതല്‍ മുപ്പത് വരെയും നൂറ്റിനാല്പത്തിമൂന്ന് മുതല്‍ നൂറ്റി അമ്പത് വരെയുള്ള വരികള്‍ സംസ്കൃതത്തില്‍ ഗ്രന്ഥലിപിയിലാണ്. ബാക്കി തമിഴ് വട്ടെഴുത്തു ലിപിയിലും. എട്ടാം ശതകമാണ് ഈ ചെപ്പേടുകളുടെ കാലം. പാണ്ഡ്യരാജാവായ പാലയാഗ മുടിക്കുടുമി പെരുവടി പാണ്ഡ്യരാജ്യം ഭരിക്കുമ്പോള്‍ കോര്‍ക്കൈയില്‍ ബലികര്‍മങ്ങള്‍ നടത്തുന്ന മുഖ്യകാര്‍മികന്‍ നരിക്കൊറവന് വേള്‍വിക്കുടി (വെല്‍വിക്കുടി) ഗ്രാമം പാരിതോഷികമായി നല്‍കിയിരുന്നു. ഇക്കാലത്താണ് കളഭ്രരുടെ സമുദ്രതിരകള്‍ പോലെയുള്ള കൂട്ടം തമിഴകം കൈയടക്കിയത്. ഇവരില്‍നിന്ന് പാണ്ഡ്യനാട് വീണ്ടെടുത്ത പരാന്തക നെടുംചടയനോട് നരിക്കൊറവന്റെ പിന്‍ഗാമിയായ കോര്‍ക്കൈ കാമക്കണ്ണുനരസിംഹം വേള്‍വിക്കുടി ഗ്രാമത്തിന്റെ അവകാശം മധുരയില്‍ വച്ച് രേഖപ്പെടുത്തി വാങ്ങുന്നതാണ് ഉള്ളടക്കം. കളഭ്രരുടെ ആക്രമണത്തെക്കുറിച്ചുള്ള പരാമര്‍ശം എട്ടാം ശതകത്തിനു മുമ്പുള്ള തമിഴക (കേരള) ചരിത്രത്തിന്റെ ഇരുളടഞ്ഞ ഏടുകളിലേക്ക് വെളിച്ചം വീശുന്നു.

പാണ്ഡ്യരാജാവായ അരികേസരിയുടെ പുത്രന്‍ കോച്ചടയന്‍ രണധീരന്‍ (എ.ഡി.700-730) ആയ് രാജാവിനെ മരുതൂര്‍ എന്ന സ്ഥലത്തുവച്ച് തോല്‍പിച്ചതായും ഈ ചെപ്പേടുകളില്‍ പരാമര്‍ശമുണ്ട്. അംബാസമുദ്രത്തിനടുത്താണ് മരുതൂര്‍ എന്ന് ചില ചരിത്രകാരന്മാര്‍ വാദിക്കുന്നുണ്ടെങ്കിലും നെയ്യാറ്റിന്‍കരയ്ക്ക് 15 കി. മീ. വടക്കു കിഴക്കുള്ള ഇന്നത്തെ മരുത്തൂര്‍ ആണ് ഈ സ്ഥലമെന്നാണ് പ്രബല വിശ്വാസം.