വി.ടി. ഭട്ടതിരിപ്പാട്

ഇരുപതാംനൂറ്റാണ്ടിന്റെ അന്തരീക്ഷത്തില്‍ ഉയര്‍ന്നു കേട്ട സമരകാഹളം ശ്രവിച്ച് പൊതു പ്രവര്‍ത്തന രംഗത്തേക്ക് ഇറങ്ങിയ പ്രമുഖ സാമൂഹിക പരിഷ്ക്കര്‍ത്താവും നാടകകൃത്തുമായിരുന്നു വി.ടി. ഭട്ടതിരിപ്പാട്. വെള്ളിത്തുരുത്തി താഴില്ലത്തു രാമന്‍ ഭട്ടതിരിപ്പാട് എന്നു മുഴുവന്‍ പേര്. 

1896 മാര്‍ച്ചു മാസം 26-ാം തീയതി മലബാര്‍ പൊന്നാനി താലൂക്കില്‍ മേഴത്തൂരിലെ കൈപ്പിള്ളി മനയില്‍ തുപ്പന്‍ ഭട്ടതിരിപ്പാടിന്റെയും ശ്രീദേവി അന്തര്‍ജനത്തിന്റേയും മകനായി ജനിച്ചു. അഞ്ചാമത്തെ വയസ്സില്‍ വേദപഠനം തുടങ്ങി. പാതക്കര മനയ്ക്കല്‍ മേലേടത്തിന്റെയും മുത്തുക്കുറിശ്ശി മനയില്‍ കുഞ്ഞുണ്ണി നമ്പൂതിരിപ്പാടിന്റേയും കീഴില്‍ പില്ക്കാലത്ത് കൂടുതല്‍ ഗഹനമായ വേദപഠനം നടത്തുകയും ചെയ്തു. വേദപഠനം പൂര്‍ത്തിയാക്കിയ ഭട്ടതിരിപ്പാട് ശാസ്താക്ഷേത്രത്തിലെ ശാന്തിക്കാരനായി. 'വായില്‍ നിറയെ വൈദിക മന്ത്രങ്ങളും മനസ്സില്‍ ദഹിക്കാത്ത വ്യാമോഹങ്ങളുമല്ലാതെ' തന്നിലൊന്നുമില്ലെന്നു സ്വയം കണ്ടെത്തിയ വി. ടി. മലയാള ഭാഷയും ഇംഗ്ലീഷും പഠിക്കാന്‍ തുടങ്ങി. ആത്മബോധത്തിന്റെയും അക്ഷരത്തിന്റേയും ലോകത്തേക്ക് തന്നെ ആനയിച്ചത് പന്ത്രണ്ടു വയസ്സുകാരി തിയാടിക്കുട്ടി അമ്മുക്കുട്ടിയാണെന്ന് വി.ടി. എഴുതിയിട്ടുണ്ട്. 

കേരള പത്രിക, മംഗളോദയം, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ ലോകത്തെയടുത്തറിഞ്ഞ കൂട്ടത്തില്‍ നമ്പൂതിരി സമുദായത്തിന്റെ ദുരവസ്ഥയെക്കുറിച്ചും വി. ടി. കൂടുതല്‍ മനസ്സിലാക്കി. യോഗക്ഷേമ സഭയുടെ ആഭിമുഖ്യത്തില്‍ സ്ഥാപിതമായ എടക്കുന്നില്‍ നമ്പൂതിരി വിദ്യാലയത്തില്‍ ചേര്‍ന്ന് ഇംഗ്ലീഷു വിദ്യാഭ്യാസം നേടുകയായിരുന്നു അടുത്ത പടി. അക്കാലത്ത് വിദ്യാര്‍ത്ഥി എന്ന പേരില്‍ കല്ലച്ചിലടിച്ച ഒരു ദ്വൈമാസിക വി. ടി. യുടെ പത്രാധിപത്യത്തില്‍ ആരംഭിക്കുകയുണ്ടായി. ദേശീയ ബോധം വി. ടി. യുടെ മനസ്സില്‍ ശക്തമായി കീഴടക്കിയ കാലവുമായിരുന്നു അത്. 1921-ല്‍ അഹമ്മദാബാദില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷിക സമ്മേളനത്തില്‍ കേരളത്തിന്റെ ഒരു പ്രതിനിധിയായി അദ്ദേഹം പങ്കെടുക്കുകയും ചെയ്തു. തന്മൂലം സ്കൂളില്‍ നിന്ന് ബഹിഷ്കൃതനായ വി. ടി. മുഴുവന്‍ സമയ കോണ്‍ഗ്രസ്സുകാരനായി. 

ശാസ്താംകോവിലിലെ ശാന്തിപ്പണി വിട്ടു പുറത്തു വന്ന വി. ടി. ഒന്നരപ്പതിറ്റാണ്ടു കൊണ്ട് പൊതു പ്രവര്‍ത്തനരംഗത്ത് തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിക്കയായിരുന്നു. യോഗക്ഷേമ സഭയില്‍ ഉല്‍പ്പതിഷ്ണ വിഭാഗത്തെ നയിച്ചത് വി. ടി. യായിരുന്നു. കുടുമ മുറിക്കല്‍, അന്തര്‍ജ്ജനങ്ങളുടെ വേഷപരിഷ്ക്കരണം, വിധവാ വിവാഹം, വിജാതീയ ബന്ധ ബഹിഷ്ക്കരണം, മിശ്രഭോജനം തുടങ്ങി ഒട്ടനവധി വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ആചാരങ്ങളുടെ ചങ്ങലയില്‍ പെട്ട് വീര്‍പ്പുമുട്ടിയ നമ്പൂതിരി സമുദായത്തിന്റെ കോട്ട തകര്‍ക്കുവാനുള്ള ആദ്യത്തെ ആറ്റം ബോംബെന്ന് വിശേഷിപ്പിക്കപ്പെട്ട 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്ന പ്രഹസനം ഈ വിപ്ലവകാരിയുടെ തൂലികയില്‍ പിറക്കുന്നതും അക്കാലത്താണ് (1929). കേരള മിശ്രവിവാഹസംഘത്തിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടു നിന്ന് ചെമ്പഴന്തി വരെ നടത്തിയ സാമൂഹ്യ പരിഷ്ക്കരണ ജാഥ നയിച്ചത് വി. ടി. ആയിരുന്നു. സ്വന്തം സഹോദരി വി. ടി. പാര്‍വ്വതിയും, പി. കെ. രാഘവപ്പണിക്കരും തമ്മില്‍ ആദ്യത്തെ നമ്പൂതിരി മിശ്രവിവാഹം വി. ടി. ഭട്ടതിരിപ്പാട് തന്നെ മുന്‍കൈയ്യെടുത്തു നടത്തി മാതൃ കാട്ടി. 

1982 ഫെബ്രുവരി 12-ന് മഹാനായ ആ വിപ്ലവകാരി അന്തരിച്ചു. വി. ടി. യുടെ പ്രധാന കൃതികള്‍ - രജനീരംഗം, കണ്ണീരും കിനാവും, കര്‍മ്മ വിപാകം, സത്യം എന്നത് ഇവിടെ മനുഷ്യനാകുന്നു, വെടിവെട്ടം, കാലത്തിന്റെ സാക്ഷി എന്നിവയാണ്.