ചുവര്‍ചിത്രകലകേരളത്തിലെ ദൃശ്യകലകള്‍ എല്ലാം തന്നെ, അനുഷ്ഠാന കലകളുമായും രംഗ കലകളുമായും വേര്‍പിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഇഴചേര്‍ന്നിരിക്കുന്നു. പൊതുവേയുള്ള ദൃശ്യ സംസ്കാരത്തിനുള്ളില്‍ ആധുനികമായ ഒരു കലാ സംവര്‍ഗം എന്ന സ്ഥാനം ദൃശ്യ-സുകുമാര കലകള്‍ക്ക് ലഭിക്കുന്നത് വരെ, അവ കേരളത്തിലെ സാമൂഹിക-അനുഷ്ഠാന കലകളുടെ ഭാഗമായിത്തന്നെ, സ്വന്തമായി ഒരിടം വേണമെന്ന നിര്‍ബന്ധമൊന്നും കൂടാതെ കഴിഞ്ഞു വരികയായിരുന്നു. ഒരു പക്ഷെ പെയിന്റിങ്ങുകളും ശില്പങ്ങളും മറ്റു കലാ വിഭാഗങ്ങളും ഉള്‍പ്പെടുന്ന ദൃശ്യകലകളുടെ ചരിത്രം ലോകത്തിന്റെ എല്ലായിടങ്ങളിലും ഇങ്ങനെ തന്നെ ആയിരുന്നു എന്ന് കാണാം. ലോകത്തിലെ ഏറ്റവും പ്രാചീനമായ ചിത്രങ്ങള്‍ ഗുഹകളിലാണ് ഉണ്ടായിട്ടുള്ളത്; കേരളത്തിലും ഇത്തരം പ്രാചീന ഗുഹകള്‍ കാണപ്പെടുന്നുണ്ടെങ്കിലും, കൃത്യമായി പരിണമിച്ച ഒരു ചിത്ര ശൈലി ഇവയില്‍ ഉള്ളതായി പറയാന്‍ വേണ്ടുന്ന തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ല. കേരളത്തില്‍ ചിത്രകലയെ കുറിച്ചു ലഭ്യമായിട്ടുള്ള ഏറ്റവും പഴക്കം ചെന്ന ഉദാഹരണങ്ങള്‍ ക്ഷേത്രങ്ങളിലെയും കൊട്ടാരങ്ങളിലെയും ചുമരുകളില്‍ വരയ്ക്കപ്പെട്ടിട്ടുള്ള സങ്കീര്‍ണ്ണമായ മതവും മിത്തുകളുമായും ബന്ധപ്പെട്ട ആഖ്യാനങ്ങളുടെ വളരെ സൂക്ഷ്മവും സൗന്ദര്യാത്മകത നിറഞ്ഞതുമായ ചിത്രീകരണങ്ങള്‍ ആണ്. ഇത്രയേറെ പുരാതനം ആണെങ്കിലും ലോകത്തെ ഏതൊരു ആധുനിക കലാ ആസ്വാദകനിലും കൗതുകം ജനിപ്പിക്കാന്‍ ഈ ചിത്രങ്ങള്‍ക്കു കഴിയും. മട്ടാഞ്ചേരി, കായംകുളം, പദ്മനാഭപുരം തുടങ്ങിയ കൊട്ടാരങ്ങളില്‍ ഉള്ള  ഈ ചിത്രങ്ങളില്‍ കാണപ്പെടുന്ന വരയുടെ മിഴിവും സൌന്ദര്യവും ആഖ്യാനങ്ങളിലെ സങ്കീര്‍ണ്ണതയും വീക്ഷിയ്ക്കുമ്പോള്‍, ക്രിസ്തുവിനു ശേഷം ഒമ്പത് മുതല്‍ പന്ത്രണ്ടു വരെയുള്ള നൂറ്റാണ്ടുകളിലാണ് ഇവ ഉണ്ടായിട്ടുള്ളത് എങ്കിലും, ഒമ്പതാം നൂറ്റാണ്ടിനു മുന്‍പ് തന്നെ തികച്ചും പരീക്ഷണാത്മകമായ ചുവര്‍ ചിത്ര രചനാ ശൈലികള്‍ ഈ ഇടങ്ങളില്‍ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കാം.